ആസൂത്രണബോർഡ് പരീക്ഷ: 10 ചോദ്യങ്ങൾക്ക് ആർക്കും മാർക്കിട്ടില്ല; പുനർമൂല്യനിർണയം നടത്താൻ പി.എസ്.സി.

തിരുവനന്തപുരം: ആസൂത്രണ ബോർഡിൽ ചീഫ് നിയമനത്തിനുള്ള പരീക്ഷ എഴുതിയവർക്ക് മുഴുവൻ ഉത്തരങ്ങൾക്കും മാർക്ക് നൽകിയില്ലെന്ന് പി.എസ്.സി. സമ്മതിച്ചു. മൂല്യനിർണയം പൂർത്തിയാക്കാതെയാണ് റാങ്ക്പട്ടിക പ്രസിദ്ധീകരിച്ച് നിയമനം നടത്തിയത്. മൂന്ന് തസ്തികകൾക്കുള്ള പൊതുപരീക്ഷയുടെ പത്ത് ഉത്തരങ്ങൾക്കാണ് മാർക്കിടാത്തത്.
കംപ്യൂട്ടറിന്റെ സഹായത്തോടെ നടത്തുന്ന മൂല്യനിർണയത്തിന് (ഓൺ സ്‌ക്രീൻ മാർക്കിങ്) പത്ത് ചോദ്യങ്ങൾ അസൈൻ ചെയ്ത് നൽകിയില്ലെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. പരീക്ഷയെഴുതിയ മുഴുവൻ ഉദ്യോഗാർഥികൾക്കും ഈ ഉത്തരങ്ങൾക്ക് മാർക്ക് നൽകിയിട്ടില്ല. അതിനാൽ എല്ലാ ഉദ്യോഗാർഥികളുടെയും ഉത്തരക്കടലാസുകൾ വീണ്ടും മൂല്യനിർണയംനടത്തി റാങ്ക്പട്ടിക പുതുക്കി പ്രസിദ്ധീകരിക്കും. അതനുസരിച്ച് നിയമനശുപാർശകളിലും മാറ്റമുണ്ടാകും.
ആസൂത്രണ ബോർഡിലെ ഉയർന്ന തസ്തികയായ ചീഫിന് 2022-ലായിരുന്നു വിജ്ഞാപനം. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം, പേഴ്‌സ്പെക്ടീവ് പ്ലാനിങ് വിഭാഗം, പ്ലാനിങ് കോഡിനേഷൻ വിഭാഗം എന്നിവയിൽ ഓരോ ഒഴിവാണുള്ളത്. മൂന്നിനും രണ്ട് പേപ്പർ വീതമായിരുന്നു പരീക്ഷ. അതിൽ ആദ്യ പേപ്പർ മൂന്ന് വിഭാഗക്കാർക്കും പൊതുവായിരുന്നു. അതിലെ ഒൻപതുമുതൽ 18 വരെയുള്ള ചോദ്യങ്ങളുടെ ഉത്തരമാണ് മൂല്യനിർണയം നടത്താതെ വിട്ടത്. ബാക്കിയുള്ള ഉത്തരങ്ങളുടെ മാർക്കും അഭിമുഖത്തിന്റെ മാർക്കും ചേർത്ത് 2025 മേയിൽ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചു.
ഇരുനൂറിലേറെപ്പേർ പരീക്ഷയെഴുതിയതാണ്. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, പ്ലാനിങ് കോഡിനേഷൻ വിഭാഗങ്ങളിൽ ഒന്നാം റാങ്കുകാർക്ക് നിയമനശുപാർശ അയച്ച് 2025 ജൂണിൽ നിയമനവും നൽകി. മൂല്യനിർണയത്തിലെ പിഴവ് തിങ്കളാഴ്ച ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തിരുന്നു. ഒന്നേകാൽ ലക്ഷത്തിലേറെ രൂപ ശമ്പളംലഭിക്കുന്ന തസ്തികകളിൽ നിയമനം നേടിയവർ ഇടതുപക്ഷ സംഘടനാപ്രവർത്തകരാണെന്നാണ് ആരോപണം.
റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചപ്പോൾതന്നെ ആലപ്പുഴ മുഹമ്മ സ്വദേശിയായ ഉദ്യോഗാർഥി വി.എസ്. ജയലാൽ ഉത്തരക്കടലാസിന്റെ പകർപ്പിന് അപേക്ഷിച്ചിരുന്നു. നിയമനം നടത്തി ഒരുവർഷമാകുമ്പോഴാണ് പി.എസ്.സി. പകർപ്പ് നൽകിയത്. മൂല്യനിർണയം പൂർണമല്ലെന്ന് മനസ്സിലാക്കിയ ഉദ്യോഗാർഥി അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. പരാതിയിൽ കോടതി അന്തിമവിധി പ്രഖ്യാപിച്ചിട്ടില്ല.
ആഭ്യന്തരവിജിലൻസ് അന്വേഷിക്കും
മാധ്യമങ്ങളിൽ വാർത്ത വന്നതോടെ മൂല്യനിർണയത്തിലെ പിഴവ് പരിഹരിച്ച് റാങ്ക്പട്ടിക പുതുക്കി പ്രസിദ്ധീകരിക്കാൻ തിങ്കളാഴ്ചത്തെ കമ്മിഷൻ യോഗം തീരുമാനിച്ചു. സമഗ്രമായ അന്വേഷണം നടത്താൻ പി.എസ്.സി.യുടെ ആഭ്യന്തര വിജിലൻസ് ഓഫീസറെ ചുമതലപ്പെടുത്തി. റിപ്പോർട്ട് ലഭിച്ചശേഷം കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് പി.എസ്.സി അറിയിച്ചു.
നിലവിൽ രണ്ട് റാങ്ക്പട്ടികകളിൽനിന്ന് രണ്ടു പേർക്കാണ് നിയമനം ലഭിച്ചത്. ഈ നിയമനങ്ങൾ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ അന്തിമവിധിക്ക് വിധേയമായിട്ടായിരിക്കും അംഗീകരിക്കുകയെന്നും പി.എസ്.സി. അറിയിച്ചു. മൂന്നാമത്തെ തസ്തികയുടെ റാങ്ക്പട്ടിക ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. കോടതിയിൽ കേസുള്ളതാണ് കാരണം.
മാധ്യമങ്ങളിൽ വാർത്ത വന്നതോടെ മൂല്യനിർണയത്തിലെ പിഴവ് പരിഹരിച്ച് റാങ്ക്പട്ടിക പുതുക്കി പ്രസിദ്ധീകരിക്കാൻ തിങ്കളാഴ്ചത്തെ കമ്മിഷൻ യോഗം തീരുമാനിച്ചു. സമഗ്രമായ അന്വേഷണം നടത്താൻ പി.എസ്.സി.യുടെ ആഭ്യന്തര വിജിലൻസ് ഓഫീസറെ ചുമതലപ്പെടുത്തി. റിപ്പോർട്ട് ലഭിച്ചശേഷം കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് പി.എസ്.സി അറിയിച്ചു.
അപേക്ഷിക്കേണ്ടത് 15 ദിവസത്തിനകം; കിട്ടുമ്പോൾ വർഷങ്ങൾ കഴിയും
റാങ്ക്പട്ടിക പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം ഉത്തരക്കടലാസിന്റെ പകർപ്പിന് അപേക്ഷിക്കാം. എന്നാൽ, പകർപ്പ് നൽകാൻ സമയപരിധിയില്ലാത്തതിനാൽ കിട്ടാൻ മാസങ്ങളും വർഷങ്ങളുമെടുക്കുന്നതാണ് പതിവ്. അതാണ് തട്ടിപ്പ് പുറത്തറിയാതിരിക്കുന്നതിന് പ്രധാന കാരണം. പകർപ്പ് കിട്ടുമ്പോഴേക്കും പരീക്ഷയുടെയും നിയമനത്തിന്റെയും പ്രസക്തിതന്നെ നഷ്ടപ്പെട്ടേക്കാം.
Advertisement
നിയമനശുപാർശ നടത്തി ഒരുവർഷത്തിനകം ക്രമക്കേട് കണ്ടെത്തിയാൽ പി.എസ്.സി.ക്കുതന്നെ അത് പിൻവലിക്കാം. അന്വേഷണവും നടപടികളും നീളുന്നതിനനുസരിച്ച് അനധികൃത നിയമനങ്ങളായാലും അവയുടെ നിയമസാധുത വർധിക്കും. ഈ പഴുതും പി.എസ്.സി. ഉപയോഗപ്പെടുത്തുന്നെന്നാണ് ഉദ്യോഗാർഥികൾ കുറ്റപ്പെടുത്തുന്നത്.

