ഫോൺ നമ്പർ പങ്കിടേണ്ടതില്ല: യൂസർനെയിം സംവിധാനവുമായി വാട്സാപ്പ്

പാരീസ്: ഫോൺനമ്പർ കൈമാറാതെതന്നെ വാട്സാപ്പ് ഉപയോഗിക്കാൻ വഴിയൊരുങ്ങുന്നു. ഫോൺനമ്പരിനുപകരം ഉപയോക്താക്കൾക്ക് പ്രത്യേകം യൂസർനെയിമുകൾ തിരഞ്ഞെടുക്കാനുള്ള പുതിയ ഫീച്ചർ ഉടൻ ലഭ്യമാകുമെന്ന് വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ അറിയിച്ചു.
ഫോൺ നമ്പറുകളുടെ സ്വകാര്യത പൂർണമായി സംരക്ഷിക്കുന്നതിന് പുതിയമാറ്റം സഹായിക്കും. ഇതോടെ, ഗ്രൂപ്പ് ചാറ്റുകളുടെ ഭാഗമാകുമ്പോഴോ ആദ്യമായി ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ സന്ദേശങ്ങൾ അയക്കുമ്പോഴോ ഫോൺനമ്പർ പങ്കിടേണ്ട ആവശ്യംവരുന്നില്ല.
കൂടാതെ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് എന്നിവയിൽനിന്ന് വ്യത്യസ്തമായി വാട്സാപ്പിൽ യൂസർനെയിമുകൾ തിരയാൻ സാധിക്കില്ലെന്നും ഒരാളുടെ കൃത്യമായ യൂസർനെയിം അറിയാവുന്നവർക്കുമാത്രമേ അവരുമായി വാട്സാപ്പിൽ ബന്ധപ്പെടാൻ കഴിയൂ എന്നും കമ്പനി വ്യക്തമാക്കി.
ലോകത്ത് 300 കോടിയിലധികം ഉപയോക്താക്കളുണ്ട് വാട്സാപ്പിന്.

