കൊച്ചിയെ മുക്കി ദുരിതപ്പെയ്ത്ത്; അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ സ്തംഭിച്ച് നഗരം

“കൊച്ചി: അത്തച്ചമയ ആഘോഷത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയായിരുന്നു കൊച്ചിക്കാർ തിങ്കളാഴ്ച രാത്രി ഉറങ്ങാൻ കിടന്നത്. പക്ഷെ പുലർച്ചെ അഞ്ച് മണിമുതൽ തുടങ്ങിയ ദുരിതപ്പെയ്ത്ത് കൊച്ചിക്ക് സമ്മാനിച്ചത് സ്തംഭനത്തിന്റെ, ലക്ഷങ്ങളുടെ നഷ്ടത്തിന്റെ ചൊവ്വാഴ്ചയാണ്.
പെട്ടിക്കട മുതൽ റെയിൽവേ ട്രാക്ക് വരെ വെള്ളത്തിനടിയിലായി. പ്രളയകാലത്തുപോലും പിടിച്ചുനിന്ന എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ബസ്സുകൾ പൂർണമായും മാറ്റേണ്ടി വന്നു. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ വക ഡിപ്പോയ്ക്കുള്ളിൽ നിന്ന് ‘വള്ളംകളി’യും അരങ്ങേറി.
വെള്ളമുയർന്ന് നഗരത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളും മുങ്ങുന്ന അവസ്ഥയുണ്ടായി. ലക്ഷങ്ങളുടെ നഷ്ടമാണ് കച്ചവടക്കാർക്കും ജനങ്ങൾക്കുമുണ്ടായത്. മിക്കവീടുകളിലേയും വാഹനങ്ങളിൽ വെള്ളം കയറി. കിടപ്പുമുറികളും അടുക്കളയുമെല്ലാം പൂർണമായും മുങ്ങി. വീട്ട് സാധനങ്ങൾ ഉപയോഗ ശൂന്യമായി. പലരും രണ്ടാം നിലയിൽ അഭയം പ്രാപിച്ചു. ഉച്ചയോടെ മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ട് ഒഴിയുന്നില്ലെന്നതാണ് ഇപ്പോഴത്തെ പ്രശ്നം.
കനത്ത മഴയിൽ വെള്ളം കയറിയ എറണാകുളം ടൗൺ ഹാളിന് മുന്നിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ / മാതൃഭൂമി
വേലിയേറ്റമാണ് വെള്ളം ഇറങ്ങാത്തതിന് പ്രധാന കാരണമായി പറയുന്നത്. ഓടകളും മറ്റ് ഓവുചാലുകളുമെല്ലാം പൂർണമായും അടഞ്ഞതോടെ വെള്ളത്തിന് ഒഴുകിപ്പോകാൻ വഴിയില്ലാതായി. സ്കൂളിൽ പരീക്ഷാ ദിനമായിരുന്നിട്ടുപോലും പലർക്കും എത്തിപ്പെടാൻ കഴിഞ്ഞില്ല. അവധി പ്രഖ്യാപിക്കാൻ പോലും സമയം ലഭിച്ചില്ല എന്നതാണ് സത്യം.
വെള്ളക്കെട്ട് കാരണം കുടങ്ങിക്കിടക്കുന്ന വാഹനങ്ങൾ. എറണാകുളം നോർത്തിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ / മാതൃഭൂമി
ഓണം പ്രതീക്ഷിച്ച് കച്ചവടത്തിനെത്തിച്ച റോഡരികിലെ തുണിക്കടകളിലേക്കും മറ്റും വെള്ളം കയറിയതോടെ പറഞ്ഞറിയിക്കാനാവാത്ത ദുരിതമാണ് തെരുവുകളിലുണ്ടായത്. എം.ജി റോഡ്, പുല്ലേപ്പടി, കതൃക്കടവ്, കലൂർ, തൃപ്പൂണിത്തുറ എന്നുവേണ്ട നഗരത്തിലെ പ്രധാന ഭാഗങ്ങളെല്ലാം ഇപ്പോഴും വെള്ളത്തിലാണ്. ഗതാഗതം മണിക്കൂറുകളോളമാണ് തടസ്സപ്പെട്ടത്. പലയിടത്തും മരം വീണു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മരങ്ങൾ മുറിച്ചുനീക്കി ഗതാഗതം സാധാരണ നിലയിലാക്കിയത്.
കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ എം.ജി. റോഡ് | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ / മാതൃഭൂമി
റെയിൽവേട്രാക്കിലേക്ക് അപകട നിലയ്ക്ക് മുകളിൽ വെള്ളം കയറിയതോടെ ട്രെയിൻ ഗതാഗതം രാവിലെ മുതൽ തടസ്സപ്പെട്ടിരുന്നു. എത്തിപ്പെടാൻ മറ്റ് വഴിയില്ലാത്തിനാൽ ഹൈക്കോടതി സിറ്റിങ് പോലും മാറ്റിവെച്ചു. ഇടറോഡുകളെല്ലാം ഇപ്പോഴും വെള്ളത്തിനടിയിലായതിനാൽ വലിയ തിരക്കാണ് നഗരത്തിൽ അനുഭവപ്പെടുന്നത്”

