നെതന്യാഹു ഹിറ്റ്ലര്‍ക്കുശേഷം ലോകം കണ്ട ഏറ്റവും വലിയ ഭീകരവാദി: മെഹബൂബ മുഫ്തി

ശ്രീനഗർ: അഡോള്‍ഫ് ഹിറ്റ്ലർക്കുശേഷം ലോകം കണ്ട ഏറ്റവും വലിയ ഭീകരവാദിയാണ് ഫലസ്തീനെയും ലബനാനെയും ‘ഗ്യാസ് ചേംബറു’കളാക്കി മാറ്റിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) പ്രസിഡന്റ് മെഹബൂബ മുഫ്തി.
നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി വിധിയുണ്ട്. ഫലസ്തീനില്‍ ആയിരങ്ങളെ കൊലപ്പെടുത്തിയശേഷം ഇപ്പോള്‍ ലബനാനില്‍ അതേ കുറ്റകൃത്യം ചെയ്യുകയാണ്.
നിരപരാധികളെ കൊല്ലാൻ ആയുധം നല്‍കി നെതന്യാഹുവിനെ പിന്തുണക്കുന്ന കേന്ദ്ര സർക്കാർ നടപടി തെറ്റാണ്. മഹാത്മാഗാന്ധിയുടെ കാലം മുതല്‍ രാജ്യം ഫലസ്തീനികള്‍ക്കൊപ്പമാണ്. ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ലയെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച തനിക്കെതിരെ രംഗത്തുവന്ന ബി.ജെ.പിയെയും മെഹബൂബ വിമർശിച്ചു.
കഠ്വയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയവർക്കൊപ്പം നിന്നവരാണ് ബി.ജെ.പിക്കാർ. നസ്റുല്ലക്കും ഫലസ്തീനികള്‍ക്കുംവേണ്ടി രാജ്യത്ത് തെരുവിലിറങ്ങുന്ന പതിനായിരങ്ങളെ ബി.ജെ.പി കാണുന്നില്ലേയെന്നും മെഹബൂബ ചോദിച്ചു. നസ്റുല്ലയുടെ വധത്തില്‍ അപലപിച്ച് മെഹബൂബ ഒരു ദിവസം തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവെക്കുകയും ചെയ്തു.

