മഹാ സസ്പെന്‍സ്’ തുടരുന്നു: അഞ്ചാംതീയതി പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയെന്ന് ബിജെപി അധ്യക്ഷൻ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഡിസംബര്‍ അഞ്ചാം തീയതി വൈകിട്ട് അഞ്ചുമണിക്ക് നടക്കുമെന്ന് സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബാവന്‍കുലെ. എക്സിലെ കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരിക്കും മഹായുതി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയെന്നും ബാവന്‍കുലെ കുറിപ്പില്‍ പറയുന്നു. മുംബൈയിലെ ആസാദ് മൈതാനത്താണ് ചടങ്ങ്.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹായുതി സഖ്യം വന്‍വിജയം കരസ്ഥമാക്കിയെങ്കിലും ആരാകും അടുത്ത മുഖ്യമന്ത്രി എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. സസ്പെന്‍സ് തുടരുകയും ചര്‍ച്ചകള്‍ കൊടുമ്പിരികൊണ്ടു നടക്കുകയുമാണ്. ഈ പശ്ചാത്തലത്തിലാണ് മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയെ കുറിച്ച് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്റെ കുറിപ്പ് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
കാവല്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെയും ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്നവിസും എന്‍.സി.പി. നേതാവ് അജിത് പവാറും വ്യാഴാഴ്ച ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, വകുപ്പുകൾ കസംബന്ധിച്ച് തീരുമാനമുണ്ടായില്ല. തുടർന്ന് സ്വന്തംഗ്രാമത്തിലേക്ക് ഏക്നാഥ് ഷിന്ദേ മടങ്ങിയതോടെ വെള്ളിയാഴ്ച നടക്കാനിരുന്ന മഹായുതി സഖ്യയോഗം ഞായറാഴ്ചത്തേക്ക് മാറ്റിവെച്ചു.

