KSDLIVENEWS

Real news for everyone

സതീശൻ നയിക്കുന്ന യുഡിഎഫിലേക്കില്ല, കൈയിൽ പണമില്ല; മത്സരിക്കാനില്ല: നയം വ്യക്തമാക്കി അന്‍വര്‍

SHARE THIS ON

നിലമ്പൂര്‍: കൈയില്‍ പണം ഇല്ലാത്തതിനാല്‍ നിലമ്പൂരില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് മുന്‍ എംഎല്‍എ പി.വി.അന്‍വര്‍. സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കും താന്‍ ഇല്ലെന്നും അന്‍വര്‍ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. യുഡിഎഫില്‍ പ്രവേശനം നല്‍കിയില്ലെങ്കില്‍ തന്റെ പാര്‍ട്ടി നിലമ്പൂര്‍ മത്സരിക്കുമെന്നായിരുന്നു അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നത്.

യുഡിഎഫ് പ്രവേശനം നല്‍കാത്തതില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ അന്‍വര്‍ വീണ്ടും രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ചു. അന്‍വര്‍ ഇല്ലാതെ യുഡിഎഫ് ജയിക്കില്ലെന്നും സതീശന്റെ വാശിക്ക് യു.ഡി.എഫ് കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്നെ സ്‌നേഹിക്കുന്ന പ്രവര്‍ത്തകര്‍ക്ക് മനഃസാക്ഷി വോട്ട് ചെയ്യാമെന്നും താന്‍ വീട്ടിലും അങ്ങാടിയിലും ചെന്നിരിക്കാന്‍ പോകുകയാണെന്നും അന്‍വര്‍ അറിയിച്ചു.

‘പിണറായിസത്തിനെതിരായ പോരാട്ടത്തിന് ഇറങ്ങിയ എന്നെ സഹായിക്കാന്‍ യുഡിഎഫ് നേതൃത്വത്തിലെ ചില വ്യക്തികള്‍ തയ്യറായില്ല. മറ്റു ചില ഗൂഢശക്തികളുടെ താത്പര്യം സംരക്ഷിച്ച് അന്‍വറിനെ പരാജയപ്പെടുത്തുക എന്ന മുദ്രാവക്യമുയര്‍ത്തി പോകുകയാണ്. ആരെയും കണ്ട് ഇറങ്ങി വന്നവനല്ല ഞാന്‍. ഇറങ്ങി വന്നത് ദൈവത്തേയും ഈ നാട്ടിലെ ജനങ്ങളേയും കണ്ടിട്ടാണ്. അവരിലാണ് പ്രതീക്ഷ. ഭൂരിപക്ഷം കൊണ്ട് ഭയപ്പെടരുത്, നീതിക്ക് വേണ്ടി നിലകൊള്ളണമെന്നാണ് മതഗ്രന്ഥങ്ങളിലെല്ലാം പറയുന്നത്.

ഭൂരിപക്ഷത്തെ കണ്ട് ഭയപ്പെട്ട് അധികാരത്തിന്റെ അപ്പക്കഷ്ണത്തിന് വേണ്ടി പിണറായിസത്തിനും സര്‍ക്കാരിനുമെതിരേ ഉയര്‍ത്തിയ മുദ്രാവാക്യത്തില്‍നിന്ന് പിന്‍വാങ്ങുന്നില്ല. ശത്രുവിന്റെ മിത്രമാണ് ഇപ്പുറത്തുമുള്ളത് എന്ന് ജനങ്ങള്‍ക്ക് ബോധ്യമായിക്കൊള്ളും. അധികപ്രസംഗിയായി തന്നെ തുടരും. യുഡിഎഫിന് അകത്ത് വന്നാലും അന്‍വര്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കും. ചില ആളുകള്‍ക്ക് പല ഏര്‍പ്പാടും ഉണ്ടാകും. അവര്‍ക്ക് ഞാന്‍ തടസ്സമാകും. അതിനാല്‍ അവര്‍ക്ക് എന്നെ അവസാനിപ്പിക്കണം’ അന്‍വര്‍ പറഞ്ഞു.

‘ഞാന്‍ യുഡിഎഫിനെ സമീപച്ചതല്ല. അതിന്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ വരണമെന്ന് ആവശ്യപ്പെട്ടതാണ്. അതിന് മുന്‍കൈ എടുത്തത് കുഞ്ഞാലിക്കുട്ടിയാണ്. ഇന്നും അദ്ദേഹം അതിനായി ശ്രമിക്കുന്നു. പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും, പാണക്കാട് തങ്ങള്‍ ശ്രമിച്ചിട്ടും സംഗതി നടക്കുന്നില്ല. അതിന് പല കാരണങ്ങള്‍ ഉണ്ട്. ദയവായി എനിക്ക് വേണ്ടി നിങ്ങള്‍ ഇനി കാലുപിടിക്കരുതെന്ന് പറഞ്ഞു.

അന്‍വറും യുഡിഎഫ് ഒരുമിച്ചിട്ടും എല്‍ഡിഎഫ് ജയിച്ചാല്‍ പിന്നെ ഞാന്‍ ഉയര്‍ത്തുന്ന പിണറായിസത്തിനെതിരായ പോരാട്ടത്തിന് പ്രസക്തയില്ലാതാകും. അതാണ് ഷൗക്കത്തിന് സ്ഥാനാര്‍ഥിയാക്കരുതെന്ന് പറയുന്നതിന്റെ പ്രധാന കാരണമെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി. വന്യജീവി പ്രശ്‌നം കത്തിനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ കുടിയേറ്റ കര്‍ഷകന്‍ ഇവിടെ സ്ഥാനാര്‍ഥിയാക്കിയാല്‍ അത് വലിയ ഇംപാക്ട് ഉണ്ടാക്കുമായിരുന്നു. പിണറായിസത്തെ താലോലിക്കുന്നതിന്റെ ഏറ്റവും വലിയ വക്താവാണ് സ്വരാജ്. പലസ്തീന് വേണ്ടി ശബ്ദിക്കുന്ന സ്വരാജ് കേരളത്തിലും ഇന്ത്യയിലും നടക്കുന്ന ഇസ്ലാമോഫോബിയയ്‌ക്കെതിരേ അനങ്ങില്ല’ അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!