ഹമീദ് ഫൈസി അമ്പലക്കടവ് കടുത്ത ലീഗ് വിരോധി; സമസ്തയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമം; തുറന്നടിച്ച് ലീഗ് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി

കോഴിക്കോട്: സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അബ്ദുറഹിമാന് കല്ലായി. ഹമീദ് ഫൈസിയുടെ നേതൃത്വത്തിലുള്ള ലീഗ് വിരുദ്ധരായ നാലഞ്ചു പേര് ചേര്‍ന്ന് സമസ്തയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഹമീദ് ഫൈസി നേതൃത്വംകൊടുക്കുന്ന സമസ്തയിലെ ലീഗ് വിരുദ്ധത പുതിയ കാര്യമല്ല. അദ്ദേഹം കടുത്ത ലീഗ് വിരോധിയാണെന്ന് താന്‍ ലീഗ് സംസ്ഥാന കമ്മിറ്റിയില്‍ 15 വര്‍ഷം മുമ്പ് ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അബ്ദുറഹിമാന് കല്ലായി പറഞ്ഞു. വയനാട് നടന്ന ലീഗ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അബ്ദുറഹിമാന് കല്ലായി. സിപിഎമ്മിന് പാദസേവ നടത്തുന്നവരെ ലീഗ് നേരിടുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ശ്രമത്തിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാറില്‍ സമസ്ത നേതാക്കള്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഹമീദ് ഫൈസി നടത്തിയ പരാമര്‍ശങ്ങളാണ് ലീഗ് നേതാവിനെ ചൊടിപ്പിച്ചത്. ഇം.എം.എസുമായി ലീഗ് സഖ്യത്തിലേര്‍പ്പെട്ടത് ഹമീദ് ഫൈസി ചൂണ്ടിക്കാട്ടിയിരുന്നു. ഇ.എം.എസ് ശരീഅത്ത് വിരുദ്ധനാണെന്ന് തിരിച്ചറിയും മുമ്പായിരുന്നു ലീഗ് സഖ്യത്തിലേര്‍പ്പെട്ടതെന്നും അത് തിരിച്ചറിഞ്ഞതോടെ ബന്ധം ഉപേക്ഷിച്ചതായും അബ്ദുറഹിമാന് കല്ലായി പറഞ്ഞു. ശരീഅത്ത് വിരുദ്ധനാണ് എന്നറഞ്ഞ് കൊണ്ടാണ് ബാഫഖി തങ്ങള്‍ ഇ.എം.എസുമായി കൂട്ടി കൂടിയതെന്ന പരാമര്‍ശം നടത്തിയ ഹമീദ് ഫൈസി അത് പിന്‍വലിച്ച് മാപ്പ് പറയണമെന്നും ലീഗ് വൈസ് പ്രസിഡന്റ് ആവശ്യപ്പെട്ടു. ‘മുസ്ലിം ലീഗിന്റെ കടുത്ത വിരോധികളായ നാലഞ്ചു പേര് സമസ്തയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു. സമസ്ത സ്നേഹികള്‍ ഇത് ഗൗരവത്തോടെ ആലോചിക്കണം. ജിഫ്രി തങ്ങളെ കുറിച്ച് ഞങ്ങള്‍ക്ക് പരാതിയില്ല. അദ്ദേഹം മാര്‍ക്സിസ്റ്റല്ല, മാര്ക്സിസ്റ്റാവുകയുമില്ല. സമസ്തയില്‍ ലീഗ് വിരുദ്ധരുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അത്തരത്തിലുള്ള നേതാക്കളെ വിളിച്ചുവരുത്തി യോഗം ചേര്‍ന്നു. ജിഫ്രി തങ്ങളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ പ്രസംഗിച്ച് നടക്കുന്നവരും പങ്കെടുത്തു. ലീഗും സമസ്തയും ഒറ്റക്കെട്ടാണെന്ന് തങ്ങള്‍ അവിടെ വെച്ച് പറഞ്ഞു’, അബ്ദുറഹിമാന് കല്ലായി പറഞ്ഞു. സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ തന്നേയും ജിഫ്രി തങ്ങളേയും മാര്‍ക്സിസ്റ്റാക്കാന്‍ ശ്രമമെന്ന് വിലപിച്ച ഹമീദ് ഫൈസി തങ്ങളെ ഒപ്പം കൂട്ടുന്നത് സ്വയം ബഹുമാനം കിട്ടാന്‍ വേണ്ടിയാണെന്നും അബ്ദുറഹിമാന് കല്ലായി പരിഹസിച്ചു. നിങ്ങള്‍ കമ്യൂണിസ്റ്റാണെന്ന് ലോകം തിരിച്ചറിയുന്ന സമയത്ത് ജിഫ്രി തങ്ങളും കമ്യൂണിസ്റ്റാണെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം വിളിച്ച സെമിനാറില്‍ പങ്കെടുത്ത ഉമര്‍ ഫൈസി മുക്കം അതിന് പറ്റുന്ന ആളായതുകൊണ്ടാണ് അങ്ങോട്ടേക്ക് അയച്ചത്. ഉമര്‍ ഫൈസി ഒരു തമാശക്കാരനാണെന്ന് തങ്ങള്‍ തന്നെ പറയാറുണ്ട്. ലീഗ് വിളിച്ച യോഗത്തിലേക്ക് ജിഫ്രി തങ്ങള്‍ തന്നെ വന്നുവെന്നും അബ്ദുറഹിമാന് കല്ലായി ചൂണ്ടിക്കാട്ടി. ആരെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പാദസേവ നടത്താന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അതിനെ ഈ പാര്‍ട്ടി നേരിടുമെന്നും ലീഗ് വൈസ് പ്രസിഡന്റ് മുന്നറിയിപ്പ് നല്കി.

