കാര്‍ അപകടം: സഹോദരങ്ങൾക്കൊപ്പം അമർനാഥും യാത്രയായി; കണ്ണീരിൽ കുടുംബം-

കൊച്ചി∙ മൂവാറ്റുപുഴയ്ക്കടുത്ത് തൃക്കളത്തൂരിൽ കാവുംപടിക്ക് സമീപം എംസി റോഡിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന അമർനാഥ് ആർ. പിള്ള (20) മരിച്ചു. ഇന്നലെ പുലർച്ചെയുണ്ടായ അപകടത്തിൽ തൊടുപുഴ പുറപ്പുഴ സ്വദേശികളായ മുക്കിലകാട്ടിൽ രാജേന്ദ്രന്റെ മകൻ ആദിത്യൻ(23), കുന്നേൽ ബാബുവിന്റെ മകൻ വിഷ്ണു(24), സഹോദരൻ അരുൺ ബാബു(22) എന്നിവർ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം മരിച്ച ആദിത്യന്റെ സഹോദരനാണ് അമർനാഥ്.
മണ്ണുമാന്തി യന്ത്രം കയറ്റി തൃശൂരിലേക്ക് പോവുകയായിരുന്ന ലോറിയും, മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തേതുടർന്ന് നാട്ടുകാരും പൊലീസും അഗ്നിശമനസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്നു പേർ മരിച്ചിരുന്നു. അമർനാഥിനെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആദിത്യന്, വിഷ്ണു, അരുണ്‍, അപകടത്തിൽപെട്ട കാർ
ബെംഗളൂരുവിൽ നിന്ന് കാർ വാങ്ങി തൊടുപുഴയിലേക്കു മടങ്ങുംവഴി, കാർ ലോറിയിലിടിച്ച് ഇന്നലെ പുലർച്ചെ നാലോടെയാണ് അപകടമുണ്ടായത്. രജനിയുടെയും സജിനിയുടെയും സഹോദരനായ സുരേഷ് ബാബുവിന്റെ കുടുംബത്തോടൊപ്പം 3 ദിവസം മുൻപാണ് ബെംഗളൂരുവിലേക്ക് ഇവർ പോയത്. ഓൺലൈൻ വിപണന ശൃംഖലയിലൂടെ വില പറഞ്ഞുറപ്പിച്ച 2 യൂസ്ഡ് കാറുകൾ അവിടെനിന്നു വാങ്ങി സംഘം അവയിൽ നാട്ടിലേക്കു മടങ്ങുകയായിരുന്നു. ഇതിൽ, സുരേഷ് ബാബുവും കുടുംബവും സഞ്ചരിച്ച കാർ അപകടം സംഭവിച്ച കാറിന്റെ മുന്നിലായിരുന്നതിനാൽ അവർ അപകടം അറിഞ്ഞില്ല

