ഹണിട്രാപ്പ്; ദമ്പതിമാര്‍ക്ക് വലിയ ആരാധകര്‍, പരാതിക്കാരന്‍ ഓടിരക്ഷപ്പെട്ടത് മൂത്രമൊഴിക്കാനെന്നപേരില്‍

പാലക്കാട്: പ്രലോഭനത്തട്ടിപ്പിലൂടെ തൃശ്ശൂര്‍ ഇരിങ്ങാലക്കുടയിലെ സാമ്പത്തികസ്ഥാപന ഉടമയില്‍നിന്ന് സ്വര്‍ണവും പണവും കാറും കൈക്കലാക്കിയ കേസില്‍ കൊല്ലം സ്വദേശിനിയും ഭര്‍ത്താവുമുള്‍പ്പെടെ ആറുപേരെ സൗത്ത് പോലീസ് അറസ്റ്റുചെയ്തു. കൊല്ലം സ്വദേശിയും എറണാകുളം കാക്കനാട്ട് താമസക്കാരിയുമായ ദേവു (24), ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശിയായ ഗോകുല്‍ദീപ് (29), കോട്ടയം പാലാസ്വദേശി ശരത് (24), തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത് (20), വിനയ് (24), ജിഷ്ണു (20) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ചരാവിലെ കാലടിയിലെ ലോഡ്ജില്‍നിന്നാണ് ആറുപേരെയും പാലക്കാട് സൗത്ത് പോലീസ് അറസ്റ്റുചെയ്തത്.
28-നാണ് കേസിനാസ്പദമായ സംഭവം. ശരത്താണ് സാമൂഹികമാധ്യമംവഴി രണ്ടാഴ്ചമുമ്പ് പരാതിക്കാരനെ പരിചയപ്പെട്ടത്. സ്ത്രീയുടെ വ്യാജ പ്രൊഫൈല്‍ തയ്യാറാക്കി ശരത് പരാതിക്കാരനുമായി അടുപ്പമുണ്ടാക്കി. സാമൂഹികമാധ്യമംവഴി സന്ദേശങ്ങളയയ്ക്കുകയും മറുപടി അയയ്ക്കുന്നവരെ കെണിയില്‍പ്പെടുത്തുകയുമാണ് രീതിയെന്ന് സൗത്ത് പോലീസ് പറഞ്ഞു. പാലക്കാട് സ്വദേശിയാണെന്നും ഭര്‍ത്താവ് വിദേശത്താണെന്നും വീട്ടില്‍ അമ്മമാത്രമേയുള്ളൂ എന്നുമാണ് പരാതിക്കാരനോട് പറഞ്ഞിരുന്നത്. പിന്നീട് ഫോണ്‍ചെയ്തുതുടങ്ങിയപ്പോഴാണ് ദേവുവിന്റെയും ഭര്‍ത്താവ് ഗോകുല്‍ദീപിന്റെയും സഹായംതേടിയത്. ഇരുവരും സാമൂഹികമാധ്യമങ്ങളില്‍ നിരവധി ആരാധകരുള്ള ദമ്പതിമാരാണ്.
ദേവു പരാതിക്കാരനുമായി ഫോണില്‍സംസാരിച്ച്, പാലക്കാട് യാക്കരയിലെ വീട്ടിലെത്തിയാല്‍ തമ്മില്‍ കാണാമെന്നറിയിച്ചു. അമ്മ അസുഖബാധിതയായി ആശുപത്രിയിലാണെന്നാണ് പറഞ്ഞിരുന്നത്. ആദ്യം ഒലവക്കോട്ടുവെച്ച് പരാതിക്കാരനെ കാണുകയും പീന്നീട് വീട്ടിലേക്ക് ക്ഷണിക്കയുമായിരുന്നു.

