എം.പി ഫണ്ടനുവദിച്ചിട്ടും പുതിയ ആംബുലന്‍സ് വാങ്ങിയില്ല; 20 വര്‍ഷത്തോളം പഴക്കമുള്ള ആംബുലന്‍സാണ് രോഗിയുടെ ജീവന് കവര്‍ന്നതെന്ന് വിമര്‍ശനം

വാതില്‍ തുറക്കാനാകാതെ ആംബുലന്‍സില്‍ കുടുങ്ങിയ രോഗി മരിച്ച സംഭവത്തില്‍ അധികൃതര്‍ക്കെതിരെ വിമര്‍ശനവുമായി എം.കെ രാഘവന് എം.പി. ഒരു വര്‍ഷം മുമ്ബ് ഫണ്ടനുവദിച്ചിട്ടും ആശുപത്രി അധികൃതര്‍ പുതിയ ആംബുലന്‍സ് വാങ്ങിയില്ലെന്ന് എം.പി പറഞ്ഞു.
ബിച്ചാശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡി. കോളജിലെത്തിച്ച ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാവാതെ ഏറെ നേരം അകത്തുകുടുങ്ങിയ രോഗിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ട രോഗിയാണ് വാതില്‍ തുറക്കാനാവാതെ ആംബുലന്‍സില്‍ കുടുങ്ങിയത്. ഒടുവില്‍ വാതില്‍ ഇരുമ്ബ് കഷ്ണം കൊണ്ട് വെട്ടിപ്പൊളിച്ചാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പുതിയ ആംബുലന്‍സ് വാങ്ങാന്‍ 2021 ജൂണില്‍ എം.പി ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍, ഒരു വര്‍ഷത്തിലേറെയായിട്ടും ഈ ഫണ്ട് ചെലവഴിച്ച് പുതിയ ആംബുലന്‍സ് വാങ്ങിയിട്ടില്ല.
‘ആംബുലന്‍സ് വാതില്‍ തുറക്കാനാകാത്തതിനാല്‍ രോഗി മരിച്ചത് ബീച്ചാശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥമൂലമാണ്. 2021 ജൂണില്‍ തന്റെ ഫണ്ടില്‍നിന്ന് 30 ലക്ഷം രൂപ അനുവദിച്ചിട്ടും ജില്ല ഭരണകൂടവും അന്നത്തെ ഡി.എം.ഒയും ചേര്‍ന്ന് പ്രപ്പോസല്‍ വൈകിക്കുകയായിരുന്നു. 2021 ഡിസംബറില്‍ ഞാന്‍ വീണ്ടും ബഹളമുണ്ടാക്കുകയും കത്ത് നല്‍കുകയും ചെയ്തതിനുശേഷമാണ് ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗംപോലും വിളിച്ചത്. വീണ്ടും എട്ടുമാസം കഴിഞ്ഞാണ് ആംബുലന്‍സ് വാങ്ങിക്കാനാവശ്യമായ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയത്. ആശുപത്രിയുടെയും ജില്ല ഭരണകൂടത്തിന്റെയും ഭാഗത്തുനിന്ന് വലിയ അനാസ്ഥയാണ് ഉണ്ടായത്. ഇപ്പോഴുണ്ടായ മരണത്തിന് ഉത്തരവാദികള്‍ അധികൃതരാണ്.’ -എം.പി പറഞ്ഞു.
ഫറോക്ക് കരുവന്തിരുത്തി എസ്.പി ഹൗസില്‍ കോയമോനാണ് (66) ആംബുലന്‍സ് തുറക്കാനാകാത്തതിനാല്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് മരിച്ചത്.
സ്കൂട്ടറിടിച്ച് സാരമായി പരിക്കേറ്റ കോയമോനെ ഗവ. ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയശേഷം വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജിലേക്ക് ആംബുലന്‍സില്‍ അയക്കുകയായിരുന്നു. മെഡി. കോളജ് അത്യാഹിത വിഭാഗത്തിലെത്തിയപ്പോള്‍ അകത്തുണ്ടായിരുന്ന കോയമോന്റെ സുഹൃത്തുക്കളും ഡോക്ടറും വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ മഴു ഉപയോഗിച്ച് വെട്ടിപ്പൊളിക്കുകയായിരുന്നു. അരമണിക്കൂറോളമാണ് രോഗി ചികിത്സ കിട്ടാതെ ആംബുലന്‍സില്‍ കുടുങ്ങിയത്. ഈ സമയം ഡോക്ടര്‍ സി.പി.ആര് നല്‍കാനും മറ്റും ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. രോഗിയെ പിന്നീട് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
എന്നാല്‍, വാതില്‍ തുറക്കാനാകാത്തതിനാല്‍ പത്ത് മിനിറ്റോളം രോഗി ആംബുലന്‍സില്‍ കുടുങ്ങിയെന്നാണ് ബീച്ച് ആശുപത്രി സൂപ്രണ്ട് നല്കിയ പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമര്‍ ഫാറൂഖ് ആവശ്യപ്പെട്ടതനുസരിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആംബുലന്‍സിന്റെ ഡോര്‍ ലോക്ക് ജാമായതിനാലാണ് തുറക്കാന്‍ കഴിയാതിരുന്നതെന്ന് ബീച്ച് ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് സന്തോഷ് കുമാര്‍ വിശദീകരിച്ചു. രണ്ട് ലോക്കുകളാണ് വാതിലിന് ഉണ്ടായിരുന്നത്. അകത്തുനിന്നും പുറത്തുനിന്നുമാണ് ലോക്കുകളുള്ളത്. അകത്തുനിന്ന് തള്ളി ആദ്യത്തെ ലോക്ക് തുറന്നെങ്കിലും രണ്ടാമത്തേത് തുറക്കാന്‍ കഴിഞ്ഞില്ല. പരിഭ്രാന്തിയില്‍ രോഗിയുടെ കൂടെ ഉണ്ടായിരുന്നയാള്‍ ബലം പ്രയോഗിച്ചതിനെ തുടര്‍ന്ന് ലോക്ക് ജാമായിപ്പോയെന്നും സൂപ്രണ്ട് ഇന്‍ ചാര്‍ജ് പറഞ്ഞു.
എന്നാല്‍, ബീച്ചാശുപത്രി ആംബുലന്‍സിന്റെ കാലപ്പഴക്കമാണ് കോയമോന്റെ ജീവന് അപഹരിച്ചതെന്നാണ് ആരോപണം. 20 വര്‍ഷത്തോളം പഴക്കമുള്ള ആംബുലന്‍സ് ഇടക്കിടെ തകരാറിലാകാറുണ്ട്. ബീച്ചാശുപത്രിയില്‍ പലതവണ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് രോഗികളെ മാറ്റേണ്ടിവരാറുണ്ട്. അപ്പോഴെല്ലാം ഈ ആംബുലന്‍സാണ് ഉപയോഗിക്കാറുള്ളത്. നിലവില്‍ മൂന്ന് ആംബുലന്‍സുകളാണ് ഇവിടെയുള്ളത്. ഇതില്‍ ടൈമിങ് ചെയിന്‍ തകരാറിലായതിനാല്‍ ഒരു ആംബുലന്‍സ് വര്‍ക് ഷോപ്പിലാണ്. ഡോര്‍ തുറക്കാനാകാത്തതിനാല്‍ മറ്റൊരു ആംബുലന്‍സ് കൂടി വര്‍ക് ഷോപ്പിലായതോടെ ഒരേയൊരു ആംബുലന്‍സ് മാത്രമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. അടിയന്തരമായി ആംബുലന്‍സ് അനുവദിക്കണമെന്ന് ഡി.എം.ഒക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് പറഞ്ഞു.

