പുതുതായി തുറന്ന നീലേശ്വരം പള്ളിക്കര മേൽപാലത്തിൽ അപകടം; 4 കാറുകൾ തകർന്നു

നീലേശ്വരം ∙ ദേശീയപാതയിലെ നീലേശ്വരം പള്ളിക്കര മേൽപാലത്തിലുണ്ടായ അപകടത്തിൽ 4 കാറുകൾ തകർന്നു; ആളപായമില്ല. പാലത്തിൽ നിന്നു കാര്യംകോട്ടേക്ക് ഇറങ്ങുന്ന ഭാഗത്ത് ഒരു കാർ നിയന്ത്രണം വിട്ട് അരികിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അപകടം ശ്രദ്ധയിൽപെട്ടതോടെ ഇവിടെ നിർത്തിയിട്ട 2 കാറുകളിൽ അതിവേഗത്തിലെത്തിയ മറ്റൊരു കാർ ഇടിച്ചു. കൂട്ടിയിടിയിൽ 4 കാറുകൾക്കും കേടുപാടുകൾ സംഭവിച്ചു. കാർ ഉടമ കർണാടക ബഡ്ക്കലിലെ മുഹമ്മദ് ഖലീലിന്റെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്തു. മേൽപാലം കഴിഞ്ഞ മാസം ഗതാഗതത്തിനു തുറന്ന ശേഷമുള്ള ആദ്യത്തെ വലിയ അപകടമാണിത്.

