നീലേശ്വരം നഗരസഭയ്ക്ക് 10 വയസ്സ്: 10 പദ്ധതികൾ ഉദ്ഘാടനം ചെയ്ത് ആഘോഷം

നീലേശ്വരം: നീലേശ്വരം നഗരസഭയ്ക്ക് നവംബർ ഒന്നിന് പത്താം പിറന്നാൾ. 10 പദ്ധതികൾ ഉദ്ഘാടനം ചെയ്താണ് നഗരസഭാ ഭരണസമിതി പത്താം പിറന്നാൾ ആഘോഷിക്കുന്നതെന്ന് ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ പറഞ്ഞു. നഗരസഭ സമ്പൂർണ പെൻഷൻ നഗരമായി മാറിയതിന്റെ പ്രഖ്യാപനം, ചെമ്മാക്കര കുടിവെള്ള പദ്ധതി പ്രവൃത്തി, നഗരസഭാതല പച്ചത്തുരുത്ത്-ഓർമത്തുരുത്ത് പദ്ധതി, ഹരിതകർമസേനാംഗങ്ങൾക്കും ആശാവർക്കർമാർക്കും യൂണിഫോം വിതരണം, പാണ്ടിക്കോട്ട് വലിയ പള്ളം സംരക്ഷണ പ്രവൃത്തി, സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സഹകരണത്തോടെ നീലേശ്വരത്ത് അനുവദിച്ച വെക്ടർ കൺട്രോൾ യൂണിറ്റ്, മണ്ടേമ്മാട് ദ്വീപിന്റെ പുഴഭിത്തി നിർമാണം, കോട്ടപ്പുറം-ആനച്ചാൽ ബൈപാസ് റോഡ്, നവീകരിച്ച കരുവാച്ചേരി അങ്കണവാടി, പടന്നക്കാട് കാർഷിക കോളേജ് കൃഷി ഫാമിൽ നഗരസഭ ആരംഭിച്ച വിത്ത് നഗരം പദ്ധതിയിലെ വിളവെടുപ്പ് എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്.

