വര്‍ഗീയകലാപം ഒഴിവായത് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിക്കുന്നതിനാല്‍: കോടിയേരി

ആലപ്പുഴ > രണ്ടു കൊലപാതകങ്ങള്‍ക്ക് പിന്നാലെ ആലപ്പുഴയില്‍ വര്‍ഗീയകലാപം നടക്കാതിരുന്നത് കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ഭരിക്കുന്നതുകൊണ്ടാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ‘ മതതീവ്രവാദികളുടെ കൊലക്കത്തിക്ക് മതനിരപേക്ഷതയാണ് മറുപടി’ എന്ന സന്ദേശമുയര്‍ത്തി ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച സെക്കുലര്‍ മാര്‍ച്ചിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആലപ്പുഴയെ കലാപഭൂമിയാക്കാനും മതധ്രുവീകരണത്തിലൂടെ വര്‍ഗീയകലാപം ഉണ്ടാക്കാനുമുള്ള ആസൂത്രിതശ്രമമാണ് നടന്നത്. പൊലീസിന്റെ ശക്തമായ ഇടപെടല്‍കൊണ്ടാണ് ഒഴിവായത്. പൊലീസ് സ്തംഭിച്ചുനിന്നിരുന്നെങ്കില്‍ 1983ല്‍ യുഡിഎഫ് ഭരണകാലത്തുണ്ടായതുപോലുള്ള സംഭവങ്ങള്‍ നടക്കുമായിരുന്നു. വര്‍ഗീയകലാപങ്ങള്‍ പൊലീസ് അടിച്ചമര്‍ത്തുകതന്നെ ചെയ്യും. ജനങ്ങളെ രംഗത്തിറക്കി വര്‍ഗീയധ്രുവീകരണത്തെ നേരിടും.
മുസ്ലിംവിഭാഗങ്ങള്‍ സംഘടിച്ച് തീവ്രനിലപാട് സ്വീകരിച്ച് ആര്‍എസ്‌എസിന്റെ വര്‍ഗീയതയെ ചെറുക്കാനാകില്ല. പരസ്പരം കൊന്നും പ്രശ്നങ്ങള്‍ പരിഹരിക്കാനാകില്ല. ഇസ്ലാമികരാഷ്ട്രം എന്ന വികാരമുണ്ടാക്കാനാണ് എസ്ഡിപിഐയുടെ ശ്രമം. ഏറ്റുമുട്ടി മരിച്ചാല്‍ സ്വര്‍ഗത്തിലെത്താമെന്നു പറഞ്ഞ് ചാവേറുകളെ സൃഷ്ടിക്കുകയാണ്. എസ്ഡിപിഐ ആക്രമണം നടത്തണമെന്നാണ് ആര്‍എസ്‌എസ് ആഗ്രഹിക്കുന്നത്. അങ്ങനെ ചെയ്താല്‍ തങ്ങള്‍ക്ക് മുസ്ലിംവേട്ട നടത്താമെന്ന് അവര്‍ കരുതുന്നു. ചാഞ്ചല്യമില്ലാതെ കൊല്ലാനാണ് രണ്ടുകൂട്ടരും പരിശീലനം കൊടുക്കുന്നത്.
ഭൂരിപക്ഷം മുസ്ലിങ്ങളും മതനിരപേക്ഷവാദികളാണ്. ആര്‍എസ്‌എസ് എല്ലാ മുസ്ലിങ്ങളെയും തീവ്രവാദികളായി മുദ്രകുത്തുന്നു. വിദ്യാര്‍ഥിയായിരുന്നപ്പോള്‍ മുതല്‍ വിപ്ലവപ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച എച്ച് സലാം എംഎല്‍എ എസ്ഡിപിഐക്കാരനെന്നാണ് അവര്‍ പറയുന്നത്. എസ്ഡിപിഐയ്ക്കും ആര്‍എസ്‌എസിനും നുഴഞ്ഞുകയറാന്‍ പറ്റുന്ന പാര്‍ടിയല്ല സിപിഐ എം എന്നും കോടിയേരി പറഞ്ഞു.
മോഹന്‍ ഭാഗവതിന്റെ ലക്ഷ്യം നടപ്പാക്കാന്‍
രാഹുലിന്റെ ശ്രമം
ഇന്ത്യയില്‍ ഹിന്ദുക്കളുടെ രണ്ടു പാര്‍ടി എന്ന മോഹന്‍ ഭാഗവതിന്റെ ലക്ഷ്യം നടപ്പാക്കാനാണ് രാഹുല്‍ഗാന്ധി ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജയ്പൂരില്‍ സോണിയഗാന്ധിയെ ഇരുത്തിയാണ് ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും ഹിന്ദുക്കള്‍ ഭരിക്കണമെന്നും രാഹുല്‍ പറഞ്ഞത്.
രാജ്യത്തിന്റെ പൂജാരിയെപോലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവര്‍ത്തിക്കുന്നത്. സന്യാസിയുടെ വേഷം ധരിച്ചാണ് പരിപാടികളില്‍ പങ്കെടുക്കുന്നത്. മുസ്ലിങ്ങളും ക്രൈസ്തവരും കമ്യൂണിസ്റ്റുകാരുമില്ലാത്ത ഇന്ത്യയെന്ന ലക്ഷ്യത്തിനുവേണ്ടി ആര്‍എസ്‌എസ് കേന്ദ്രഭരണത്തെ ഉപയോഗിക്കുകയാണ്. ക്രിസ്മസ് ദിനത്തില്‍ 12 സംസ്ഥാനങ്ങളിലാണ് ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കപ്പെട്ടതെന്നും കോടിയേരി പറഞ്ഞു.

