KSDLIVENEWS

Real news for everyone

കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച എ.പ്രദീപിന്റെ വീട്ടില്‍ മുഖ്യമന്ത്രി എത്തി; മുഖ്യമന്ത്രിയുടെ കൈകള്‍ കൂട്ടിപിടിച്ച്‌ വികാരാധീനനായി കിടപ്പുരോഗിയായ പ്രദീപിന്റെ അച്ഛന്‍

SHARE THIS ON

തൃശൂര്‍ : ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂര്‍ പൊന്നൂക്കരയിലെ വീട്ടില്‍ എത്തി.

കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച എ.പ്രദീപിന്റെ വീട്ടിലാണ് മുഖ്യമന്ത്രി എത്തിയത്.

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് മരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ ഉള്‍പ്പെട്ട ഏകമലയാളി എ.പ്രദീപിന്റെ വീട്ടില്‍ നേരിട്ടെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

കിടപ്പു രോഗിയായ അച്ഛന്‍ രാധാകൃഷ്ണനോട് ഏറെനേരം സംസാരിച്ചു. അമ്മ കുമാരി, ഭാര്യ ശ്രീലക്ഷ്മി, മക്കളായ ദക്ഷിണ്‍ ദേവ്, ദേവപ്രയാഗ് എന്നിവരോടും മുഖ്യമന്ത്രി സംസാരിച്ചു. മുഖ്യമന്ത്രിയുടെ കൈകള്‍ കൂട്ടിപിടിച്ച്‌ പ്രദീപിന്റെ അച്ഛന്‍ വികാരാധീനനായി. പ്രദീപിന്റെ മക്കളോടും വിശദമായി മുഖ്യമന്ത്രി സംസാരിച്ചു. മന്ത്രിമാരായ കെ.രാജനും കെ.രാധാകൃഷ്ണനും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു.

പ്രദീപിന്റെ ഭാര്യയ്ക്കു സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നു. എട്ടു ലക്ഷം രൂപയും ധനസഹായമായി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. റവന്യൂ വകുപ്പില്‍തന്നെയാണ് പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയ്ക്ക് ജോലി നല്‍കുന്നതെന്ന് മന്ത്രി കെ.രാജന്‍ അറിയിച്ചു.

ഇന്നലെ രാത്രി ഏഴേമുക്കാലിനായിരുന്നു മുഖ്യമന്ത്രി തൃശൂരില്‍ എത്തിയത്. ഇരുപതു മിനിറ്റോളം വീട്ടില്‍ കുടുംബാംഗങ്ങളുമായി ചെലവിട്ടു. കഴിഞ്ഞ ഡിസംബര്‍ എട്ടിനായിരുന്നു എ.പ്രദീപ് മരിച്ച ഹെലികോപ്റ്റര്‍ അപകടം തമിഴ്നാട്ടിലെ കൂനൂരില്‍ സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!