ഹെക്ടർ കണക്കിന് കൃഷി നഷിപ്പിച്ച ആനക്കൂട്ടത്തെ തുരത്താൻ ഒരു നാട് മുഴുവൻ ഉറക്കമൊഴിഞ്ഞ് കാത്തിരുന്നു ;
ശക്തമായ രീതിയിൽ വഴിയടക്കുമെന്ന് വനം വകുപ്പിന്റെ ഉറപ്പ്

കാനത്തൂർ: ഒരു നാട് മുഴുവൻ ഇറങ്ങുന്നു. ആനക്കൂട്ടത്തെ തുരത്താൻ. ഒരാഴ്ച മുമ്പ് മുളിയാർ വനത്തിലെത്തിയ ആനക്കൂട്ടം സമീപപ്രദേശങ്ങളിലെ ഹെക്ടർ കണക്കിന് കൃഷിയിടമാണ് നശിപ്പിച്ചത്.നാട്ടുകാരും വനപാലകരും ചേർന്ന് ശനിയാഴ്ച രാത്രിമുതൽ ഞായറാഴ്ച പുലർച്ചെവരെ പാണ്ടിക്കണ്ടംമുതൽ കാലിപ്പള്ളംവരെ അഞ്ച് കിലോമീറ്ററാണ് ആനക്കൂട്ടത്തെ തെളിച്ചത്. ഞായറാഴ്ച രാത്രിയോടെ പാണ്ടിക്കടുത്തുള്ള പുലിപ്പറമ്പ് വനത്തിലേക്ക് എത്തിക്കാനാണ് നാട്ടുകാരുടെ പദ്ധതി.
പുലിപ്പറമ്പ് വനത്തിലെത്തിയാൽ ആനക്കൂട്ടം തിരിച്ചുവരാതിരിക്കാൻ സോളാർ വേലി, റെയിൽവേലി എന്നിവകൊണ്ട് വഴിയടയ്ക്കുമെന്ന് വനംവകുപ്പ് ഉറപ്പ് നൽകിയിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ വഴി കാനത്തൂർ, ഇരിയണ്ണി പ്രദേശങ്ങളിലുള്ളവർക്ക് സന്ദേശങ്ങളയച്ച് വൈകുന്നേരത്തോടെ പെറ്റത്തോട്, വീട്ടിയടുക്കം പ്രദേശങ്ങളിൽ നാട്ടുകാർ സംഘടിച്ചിരിക്കുകയാണ്. ആനക്കൂട്ടത്തെ തുരത്താൻ നൂറുകണക്കിന് ചൂട്ടുകളും പടക്കങ്ങളുമായി കാത്തിരിക്കുകയാണ്.

