കോവിഡ് വ്യാപനം
18 ദിവസം കൊണ്ട് ജില്ലാ ആശുപത്രിയിലെ കോവിഡ് ബാധിതർക്ക് നൽകിയത് 28.12 ലക്ഷം ലിറ്റർ പ്രാണവായു

കാഞ്ഞങ്ങാട്: ജില്ലാ ആസ്പത്രിയിൽ 18 ദിവസത്തിനുള്ളിൽ കോവിഡ് ബാധിതർക്ക് നൽകിയത് 28.12 ലക്ഷം ലിറ്റർ പ്രാണവായു. ഒരുദിവസം 20 വലിയ ഓക്സിജൻ സിലിൻഡറും 25 ചെറിയ സിലിൻഡറുമാണ് ഉപയോഗിക്കുന്നത്. വലിയ സിലിൻഡറിൽ 7000 ലിറ്റർ ഓക്സിജനാണ് ഉൾക്കൊള്ളുന്നത്. 650 ലിറ്റർ ഉൾക്കൊള്ളുന്നതാണ് ചെറിയ സിലിൻഡർ. ആറ് സിലിൻഡറുകളെ ഒന്നിച്ച് പൈപ്പ് ലൈൻ സംവിധാനത്തിലൂടെ രോഗികൾക്ക് സെൻട്രലൈസ്ഡ് ആയി പ്രാണവായു നൽകുകയാണ് ചെയ്യുന്നത്.
ധർമശാലയിലെ പ്ലാന്റിൽനിന്നാണ് സിലിൻഡറുകൾ ഓക്സിജൻ നിറയ്ക്കുന്നത്. ഇപ്പോൾ 66 കോവിഡ് ബാധിതരാണ് അതീവ ഗുരുതരാവസ്ഥയിൽ ഇവിടെ കിടക്കുന്നത്. ഈമാസം ഒന്നുമുതലാണ് ജില്ലാ ആസ്പത്രി കോവിഡ് ആസ്പത്രിയായി മാറിയത്. 150 ലേറെപ്പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇത്തരമൊരു സംവിധാനം ജില്ലാ ആസ്പത്രിയിലാക്കിയില്ലായിരുന്നെങ്കിൽ മരണസംഖ്യ ഇതിന്റെ 50 ശതമാനം കൂടി അധികമാകുമായിരുന്നുവെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി.രാംദാസും കോവിഡ് നിരീക്ഷണ സെൽ ഓഫീസർ ഡോ. എ.ടി.മനോജും പറഞ്ഞു.

