കേന്ദ്ര അവഗണനയ്ക്കെതിരേ കൈകോർത്ത് DYFI; കാസർകോട് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല

തിരുവനന്തപുരം: കേന്ദ്ര അവഗണനയ്ക്കെതിരേ കൈകോർത്ത് ഡി.വൈ.എഫ്.ഐയുടെ മനുഷ്യച്ചങ്ങല. റെയിൽവേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം തുടങ്ങിയവയിൽ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ. മനുഷ്യച്ചങ്ങല തീർത്തത്. രാഷ്ട്രീയ – സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം പരിപാടിയിൽ പങ്കാളികളായി.
കാസര്‍കോട്ട് മനുഷ്യച്ചങ്ങലയുടെ തുടക്കത്തിൽ അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹിം ആദ്യ കണ്ണിയായി. ഡി.വൈ.എഫ്.ഐയുടെ ആദ്യകാല പ്രസിഡന്റും എൽ.ഡി.എഫ്. കൺവീനറുമായ ഇ.പി. ജയരാജൻ രാജ്ഭവനുമുന്നിൽ അവസാന കണ്ണിയായി. രാജ്ഭവനുമുന്നിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കാസർകോട്ട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി.കെ. ശ്രീമതിയും പരിപാടി ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ, സംസ്ഥാന നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയും മകള്‍ വീണയും തിരുവനന്തപുരത്ത് മനുഷ്യച്ചങ്ങലയിൽ കണ്ണികളായി. മനുഷ്യച്ചങ്ങലയിൽ കർഷകരും തൊഴിലാളികളും വിദ്യാർഥികളും അധ്യാപകരും തൊഴിലാളികളും തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുമുള്ളവർ അണിനിരന്നു. എം. മുകുന്ദൻ അടക്കമുള്ള സാഹിത്യരംഗത്തുനിന്നുള്ള നായകരും, സാംസ്കാരിക, സാമൂഹ്യ മേഖലയിൽ നിന്നുള്ള പ്രമുഖരും മനുഷ്യച്ചങ്ങലക്ക് പിന്തുണയുമായി എത്തി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ മനുഷ്യച്ചങ്ങലയിൽ അണിനിരന്നു.
മൂന്ന് മണിയോടെ തന്നെ നിരത്തുകളിൽ ഡിവൈഎഫ്ഐയുടേയും സിപിഎമ്മിന്റേയും നേതാക്കളും പ്രവർത്തകരും എത്തിത്തുടങ്ങിയിരുന്നു. കാസർകോട് റെയിൽവേ സ്റ്റേഷൻ മുതൽ തിരുവനന്തപുരത്ത് രാജ്ഭവൻവരെ 651 കിലോമീറ്റർ ദൂരത്തിലാണ് ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധച്ചങ്ങല തീർത്തത്. വൈകിട്ട് നാലരയോടെ ട്രയൽ ആയി മനുഷ്യച്ചങ്ങല തീർത്തു. അഞ്ചിന് മനുഷ്യച്ചങ്ങല തീർത്ത് പ്രതിജ്ഞ എടുത്തു. തുടർന്ന് പ്രധാനകേന്ദ്രങ്ങളിൽ പൊതുസമ്മേളനങ്ങളും നടന്നു.

