മോദി ശ്രമിക്കുന്നത് ഹിന്ദുക്കളുടെ അപ്പോസ്തലന്‍ ആകാൻ; ഹിന്ദുമതത്തിന്റെ കുത്തക ബിജെപിക്ക് ആരും തീറെഴുതി കൊടുത്തിട്ടില്ല ; കെ സുധാകരൻ

തിരുവനന്തപുരം∙ അസമിൽ ക്ഷേത്ര ദർശനത്തിനെത്തിയ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തടഞ്ഞത് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഇന്ത്യന്‍ ജനത അവരുടെ യഥാര്‍ഥ നായകനായി രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചതിന്റെ വെപ്രാളത്തിലാണ് ഭാരത് ജോഡോ ന്യായ് യാത്രയ്ക്കുനേരെ ബിജെപി നടത്തുന്ന ആക്രമണങ്ങളെന്നും അദ്ദേഹം പറഞ്ഞു.
‘‘അയോധ്യ വിഷയം ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ നാടകം നടത്തുമ്പോള്‍, വിശ്വാസിയായ രാഹുല്‍ ഗാന്ധിക്ക് ക്ഷേത്രത്തില്‍ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഫാഷിസത്തിന്റെ അങ്ങേയറ്റമാണ്. രാജ്യത്തെ മുഴുവന്‍ ഹിന്ദുക്കളുടെയും അപ്പോസ്തലന്‍ ആകാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഹിന്ദുമതത്തിന്റെ കുത്തക ബിജെപിക്ക് ആരും തീറെഴുതി നല്‍കിയിട്ടില്ല. ചാതുര്‍വര്‍ണ്യത്തിന്റെ രാഷ്ട്രീയത്തില്‍ ഇന്നും വിശ്വസിക്കുന്ന സംഘപരിവാര്‍ അജണ്ട ഹിന്ദുവിശ്വാസികളില്‍ അടിച്ചേല്‍പ്പിക്കാനാണു ബിജെപി ശ്രമിക്കുന്നത്. ബിജെപിയുടെ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ മാത്രം വിശ്വാസികളെന്ന തരത്തിലാണ് സംഘപരിവാര്‍ ഹൈന്ദവ മതത്തെ രാഷ്ട്രീയവൽരിക്കുന്നത്. വിശ്വാസിയായ രാഹുല്‍ ഗാന്ധിക്ക് ക്ഷേത്രദര്‍ശനം പോലും കൊട്ടിയടക്കപ്പെട്ടത് അങ്ങേയറ്റം അപലപനീയമാണ്.
ഭാരത് ജോഡോ ന്യായ് യാത്രയുടെ പര്യടന വേളയില്‍ അസമിലെ വൈഷ്ണവ പണ്ഡിതനായ ശ്രീമന്ത ശങ്കര്‍ദേവയുടെ ജന്മസ്ഥലമായ ബട്ടദ്രവ സത്രത്തില്‍ പ്രണാമം അര്‍പ്പിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞ നടപടി ഇന്ത്യന്‍ പൗരന്റെ ആരാധന സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നാക്രമണമാണ്. രാഹുല്‍ കറകളഞ്ഞ മതേതര ജനാധിപത്യവാദിയും ഒരു യഥാര്‍ഥ വിശ്വാസിയുമാണ്. മോദിയെപ്പോലെ രാഷ്ട്രീയ നേട്ടത്തിനു ക്ഷേത്രദര്‍ശനം നടത്തുന്ന വ്യക്തിയല്ല അദ്ദേഹം.

