ഗവർണറുടേത് ഭരണഘടനാ വിരുദ്ധ നിലപാട്; പെരുമാമാറ്റം പദവിയുടെ അന്തസ്സിന് യോജിക്കാത്തത്: സി.പി.എം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഗവർണർ പദവിയുടെ അന്തസ്സിന് യോജിക്കാത്ത രീതിയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ഗവർണറുടേത് ഭരണഘടനാ വിരുദ്ധ നിലപാടുകളാണെന്നും വിമർശനം. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവർണർ കഴിഞ്ഞ കാലങ്ങളിൽ എടുത്തുകൊണ്ടിരിക്കുന്ന നിലപാടുകൾ ഭരണഘടനപരമായ അദ്ദേഹത്തിന്റെ സ്ഥാനവുമായി പൊരുത്തപ്പെടുന്നതല്ല. നയപ്രഖ്യാപനത്തിൽ സാങ്കേതിക ബാധ്യത നിറവേറ്റുക മാത്രമാണ് ഗവർണർ ചെയ്തത്. സാധാരണ ഗവർണർമാർ സ്വീകരിച്ചു കൊണ്ടിരിക്കുന്ന ഒരു കീഴ്വഴക്കമുണ്ട്. എന്നാൽ, അതിന് വ്യത്യസ്തമായ ഒരു ഭരണഘടനാ ബാധ്യത അദ്ദേഹം നിർവഹിച്ചിരിക്കുന്നു എന്ന് മാത്രമേ ഇക്കാര്യത്തിൽ പറയാൻ സാധിക്കുകയുള്ളൂ.
ഇ.ഡി. ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെടുക്കുന്ന സമീപനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇത്തരം ഏജൻസികൾ പ്രതികാര മനോഭാവത്തോടെ സ്വീകരിക്കുന്ന നിലപാടുകളെ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ ഉയർന്നുവന്നിരുന്നു. അത് അംഗീകരിക്കുന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചിട്ടുള്ളത്. പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ ആശങ്കകൾ പരിഹരിക്കാൻ പ്രത്യേക സംവിധാനം വേണമെന്ന് കോടതി നിലവിൽ പറഞ്ഞിരിക്കുകയാണ്. ഇത്തരത്തിൽ കേന്ദ്ര ഏജൻസികൾ സംസ്ഥാനങ്ങളിൽ തെറ്റായ രീതിയിൽ ഇടപെടുന്ന പ്രശ്‌നം രാഷട്രീയ പ്രേരിതമായ നിലപാടാണെന്ന് തങ്ങൾ മുമ്പ് ചൂണ്ടിക്കാണിച്ചത് സുപ്രീം കോടതിക്ക് അംഗീകരിക്കണ്ടി വന്നുവെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ഡല്‍ഹിയില്‍ എല്‍.ഡി.എഫിന്റേത് സമരമല്ല, സമ്മേളനമാണെന്ന റിപ്പോർട്ടുകൾ എം.വി. ഗോവിന്ദൻ തള്ളി. കേന്ദ്രവിരുദ്ധ സമരം തന്നെയാണ് ഡൽഹിയിൽ. കേന്ദ്രസർക്കാർ പൊതുവെ ബി.ജെ.പി. ഇതര സർക്കാറുകളോട് സ്വീകരിക്കുന്ന സാമ്പത്തിക പ്രതിരോധം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സമരം.
‘ബാബറി മസ്ജിദിന്റെ തകർച്ചയും തുടർന്നുണ്ടായ വിധിയുടെ അടിസ്ഥാനത്തിൽ ആ സ്ഥലത്ത് പണിത ശ്രീരാമക്ഷേത്ര ഉദ്ഘാടനത്തിന് ശേഷം ഇന്ത്യയിൽ ഏഴ് സംസ്ഥാനങ്ങളിൽ വലിയ കലാപങ്ങൾ തന്നെ നടന്നു. ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ ഈ ഏഴെണ്ണത്തിൽ പെടുന്നുണ്ട്. ഇവയെല്ലാം ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. അതിന് പുറമെ ഡൽഹി, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.’
2024-ലെ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വർഗീയ ധ്രുവീകരണം ലക്ഷ്യംവച്ചുള്ള ഭരണവർഗത്തിന്റെ ബോധപൂർമായ പ്രവർത്തനമാണ് ഇതിന് പിന്നിൽ.’ എം,വി ഗോവിന്ദൻ പറഞ്ഞു

