സർക്കാർ-ഗവർണർ പോര്; രാജ്ഭവനിലെ അറ്റ് ഹോം വിരുന്ന് ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ റിപ്പബ്ലിക് ദിന വിരുന്ന് ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. രാജ്ഭവനിൽ ഗവർണർ സംഘടിപ്പിച്ച അറ്റ് ഹോം വിരുന്നിൽ ഇവർ പങ്കെടുത്തില്ല. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് ബഹിഷ്കരണം.
നിയമസഭയിലെ നയപ്രഖ്യാപനപ്രസംഗം ഒന്നരമിനിറ്റിലൊതുക്കിയതു വഴി സർക്കാരിനോടു സമരസപ്പെടാനില്ലെന്ന നയം ഗവർണർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 63 പേജുള്ള പ്രസംഗം ഗവർണർ വായിച്ചത് വെറും 1.24 മിനിറ്റ്. 136 ഖണ്ഡികകളുള്ള ഉള്ളടക്കത്തിൽ ആദ്യത്തെയും അവസാനത്തെയും ഭാഗംമാത്രം വായിച്ച് അദ്ദേഹം ‘ചടങ്ങ്’ തീർക്കുകയായിരുന്നു.
ഗവർണറുടെ സഭാപ്രവേശവും പ്രസംഗവും മടക്കവുമടക്കം നയപ്രഖ്യാപനച്ചടങ്ങ് അഞ്ചുമിനിറ്റിൽ അവസാനിച്ചു. ഗവർണറെ സ്പീക്കർ എ.എൻ. ഷംസീർ, മുഖ്യമന്ത്രി പിണറായി വിജയൻ, പാർലമെന്ററികാര്യമന്ത്രി കെ. രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ സഭാകവാടത്തിൽ വരവേറ്റു. പൂച്ചെണ്ടുനൽകി സ്വീകരിച്ച മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിക്കാനോ മുഖംകൊടുക്കാനോ അദ്ദേഹം തയ്യാറായിരുന്നില്ല.
പുതിയ മന്ത്രിമാരായി കെ.ബി ഗണേഷ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും സത്യപ്രതിജ്ഞ ചെയ്ത് കഴിഞ്ഞുള്ള ചായസത്ക്കാരവും മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിച്ചിരുന്നു. അന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ മാത്രമാണ് സത്ക്കാരത്തിൽ പങ്കെടുത്തത്.

