KSDLIVENEWS

Real news for everyone

ഗവർണർക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ല, പ്രത്യേക രീതിയിൽ കാര്യങ്ങൾ ചെയ്യുന്നു: മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രത്യേകമായ രീതിയിൽ കാര്യങ്ങൾ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർക്ക് എന്താണ് സംഭവിച്ചിട്ടുള്ളതെന്ന് തനിക്ക് പറയാനാകില്ലെന്നും മുഖ്യമന്ത്രി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാര സ്ഥാനത്ത് ഇരിക്കുന്നവർക്ക് നേരെ പ്രതിഷേധ സ്വരങ്ങൾ ഉയർന്നേക്കാം. തനിക്കെതിരേയും പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ പ്രതിഷേധക്കാരെ പോലീസ് എന്താണ് ചെയ്യുന്നതെന്ന് അവിടെയിറങ്ങി പരിശോധിക്കുന്ന ഒരു അധികാരിയെ മറ്റെവിടെയെങ്കിലും കണ്ടിട്ടുണ്ടോ. ആ നടപടികൾ താൻ പറയുന്നത് പോലെ സ്വീകരിക്കണമെന്ന് പറയുന്നവരെ നാം കണ്ടിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.


ഗവർണറുടെ സുരക്ഷ സി.ആർ.പി.എഫിന് കൈമാറിയത് വളരെ വിചിത്രമായ കാര്യമാണ്. ഈ സ്റ്റേറ്റിന്റെ തലവനാണ് അദ്ദേഹം. ആ നിലയിൽ ഏറ്റവും കൂടുതൽ സുരക്ഷ ലഭിക്കുന്ന സ്ഥാനത്താണ് അദ്ദേഹം ഇരിക്കുന്നത്. കേരളത്തിൽ ഇപ്പോൾ തന്നെ ചിലർക്ക് കേന്ദ്രസുരക്ഷയുണ്ട്. കൊടുങ്ങല്ലൂരിലെ സുന്ദരൻ ഗോവിന്ദൻ, ആലുവയിലെ സുജിത്ത്, ആലങ്ങാട്ടെ സുധി, ആലുവയിലെ രാമചന്ദ്രൻ, കൊടുങ്ങല്ലൂരിലെ സജീവൻ. ഇവരെല്ലാം ആർ.എസ്.എസ് പ്രവർത്തകരാണ്. ആ പട്ടികയിൽ നിലവിൽ ആരിഫ് മുഹമ്മദ് ഖാനും ഉൾപ്പെട്ടിരിക്കുന്നു.


‘ഇതുകൊണ്ട് എന്താണ് പ്രത്യേക മേന്മ കിട്ടുന്നതെന്ന് എനിക്ക് അറിയില്ല. എന്താ സി.ആർ.പി.എഫിന്‌ നേരിട്ട് ഭരിക്കുമോ. കേരളം കാണാത്ത കാര്യമല്ലല്ലോ സി.ആർ.പി.എഫ്‌. ഇവർക്ക് നേരിട്ട് കേസെടുക്കാൻ പറ്റുമോ. അവർക്ക് നേരിട്ട് ഇറങ്ങി കാര്യങ്ങൾ നിർവഹിക്കാൻ പറ്റുമോ. ഗവർണറുടെ സുരക്ഷയ്ക്ക് ഇതുവരെ എന്തെങ്കിലും പ്രശ്‌നമുണ്ടായിട്ടുണ്ടോ സംസ്ഥാനത്ത്. അദ്ദേഹം ആഗ്രഹിക്കുന്ന രീതിയിൽ സി.ആർ.പിഎഫിന്‌ ഇറങ്ങി ഇവിടെ പ്രവർത്തിക്കാൻ കഴിയുമോ. നമ്മുടെ നാട്ടിൽ എഴുതപ്പെട്ട നിയമവ്യവസ്ഥയില്ലേ’, മുഖ്യമന്ത്രി ചോദിച്ചു.

ഏതേ അധികാര സ്ഥാനവും വലുതല്ല. നിയമത്തിനാണ് പരമാധികാരം. അത് മനസ്സിലാക്കാൻ സാധിക്കണം. അത് ഇല്ലാത്ത നിർഭാഗ്യകരമായ നിലപാടാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ സ്വയം വിവേകം കാണിക്കുന്നതിനാണ് പ്രധാനം. അത് നമ്മൾ അനുഭവങ്ങളിലൂടെ അർജിക്കേണ്ട കാര്യമാണ്. അതിന് ഗവർണർക്ക് സാധിച്ചില്ലല്ലോ എന്നാണ് അദ്ദേഹത്തിന്റെ ദീർഘമായ ജീവിതകാലയളവിനെക്കുറിച്ച് തനിക്ക് തോന്നുന്നത്. ഉന്നത സ്ഥാനത്തിരിക്കുന്നവർ വിവേകവും പക്വതയും കാണിക്കണമെന്നാണ് നാം കരുതുന്നത്. പക്ഷ, ഇവയിൽ ചിലതിൽ കുറവുണ്ടായിട്ടുണ്ടോ എന്ന് അദ്ദേഹം പരിശോധിക്കണം.

നവകേരള സൃഷ്ടിക്കായുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്ക് പ്രധാന വിലങ്ങുതടിയാകുന്നത് കേന്ദ്ര സർക്കാറിന്റെ നയങ്ങളാണ്. തനത് നികുതി വരുമാനത്തിലും ആഭ്യന്തര ഉത്പാദനത്തിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സംസ്ഥാനത്തിനായി. എന്നിട്ടും കേന്ദ്രസർക്കാറിന്റെ നയങ്ങളുടെ ഭാഗമായുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തെ വരിഞ്ഞു മുറുക്കുകയാണ്. ഈ സാഹചര്യത്തിൽ ജനങ്ങൾക്കുവേണ്ടി നിലകൊള്ളേണ്ട പ്രതിപക്ഷം ജനവിരുദ്ധ പക്ഷത്ത് നിന്നുകൊണ്ട് സർക്കാറിനെ കടന്നാക്രമിക്കുന്നു. സംസ്ഥാനങ്ങൾക്ക് വിഭജിക്കേണ്ട നികുതി 50 ശതമാനമായി വർധിപ്പിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം പരിഗണിച്ചില്ല.

കേന്ദ്രവിഹിതം നാമമാത്രമാണ്. എങ്കിലും കേന്ദ്രസർക്കാർ ബ്രാൻഡിങ് നിർബന്ധം എന്നാണ് അവസ്ഥ. ലൈഫ് പദ്ധതിയിൽ ഭൂരിഭാഗം ഗുണഭോക്താക്കൾക്ക തുക പൂർണമായും നൽകുന്നതും കേന്ദ്രം ധനസഹായമുള്ള ചുരുക്കം വീടുകളിൽ തുകയുടെ സിംഹഭാഗം ചിലവഴിക്കുന്നതും സംസ്ഥാന സർക്കാറാണ്. എന്നാൽ, ലൈഫ് മിഷൻ പദ്ധതിക്കുകീഴിൽ വീടുകൾ നിർമിക്കുന്നതിന് കേരളത്തിന് കേന്ദ്ര പി.എം.എ.വൈ പദ്ധതിയുടെ കീഴിൽ ലഭിക്കുന്ന നാമമാത്രമായ തുക ചൂണ്ടിക്കാട്ടി ബ്രാൻഡിങ് നിർബന്ധമാക്കാൻ കേന്ദ്രം സമ്മർദം ചെലുത്തുന്നു. ഇത്തരം നടപടികൾ വീട്ടുടമസ്ഥന്റേയും കുടുംബത്തിന്റേയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്. അത്തരത്തിലുള്ള ഒരു ലേബലിങ്ങും കേരളത്തിൽ നടക്കില്ല. ആര് നിർബന്ധിച്ചാലും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ വഴങ്ങുകയുമില്ല.

ജനാധിപത്യ സംവിധാനത്തെ അർഥവത്താക്കുന്ന അനുഭമായിരുന്നു നവകേരള സദസ്സ്. സംഘാടകരുടെ പ്രതീക്ഷകളെ പോലും അപ്രസക്തമാക്കി വലിയ ജനാവലിയാണ് ഓരോ വേദിയിലും പങ്കാളികളായത്. മന്ത്രിസഭ ഒന്നടങ്കം സംസ്ഥാനമാകെ സഞ്ചരിച്ച് ജനങ്ങളുമായി നേരിട്ട് സംസാരിച്ചു. ഇത്രയേറെ ജനപങ്കാളിത്തമുള്ള മറ്റൊരു പരിപാടിയും സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ചൂണ്ടിക്കാണിക്കാനാവില്ല. വികസന ക്ഷേമ പദ്ധതികൾ ജനങ്ങളോട് വിശദീകരിച്ചു. കൂടാതെ, ജനങ്ങളിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ച് നവകേരളത്തിനായുള്ള പുതിയ മാർഗം കണ്ടെത്തുന്നതുകൂടി യാത്രയുടെ ലക്ഷ്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!