ഗവർണറുടെ പ്രവൃത്തികൾ അതിരുകടക്കുന്നു, സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലെന്ന് യെച്ചൂരി; കോൺഗ്രസിനും വിമർശം

തിരുവനന്തപുരം: ഗവർണർക്കെതിരേ രൂക്ഷവിമർശവുമായി സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിദ്യാർഥികളുടെ സമരത്തിനെതിരേയാണ് ഗവർണറുടെ പ്രതിഷേധമെന്നും ഗവർണറുടെ പ്രവൃത്തികൾ അതിരുകടക്കുന്നെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്രത്തിനെതിരായ സമരത്തിൽ പങ്കുചേരാത്തതിൽ കോൺഗ്രസിനെതിരേയും യെച്ചൂരി വിമർശനമുന്നയിച്ചു. കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ആ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ല. അദ്ദേഹം പരിധിവിട്ടുകൊണ്ട് സർക്കാരിനെതിരേയും മുഖ്യമന്ത്രിക്കെതിരേയും നിരന്തരം രാഷ്ട്രീയമായി ആക്രമണം അഴിച്ചുവിടുകയാണ്, യെച്ചൂരി പറഞ്ഞു. ‘രാജ്ഭവന്റെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതുകൊണ്ട് എവിടെയെങ്കിലും താമസിക്കാനുയുള്ള സ്ഥലം തിരഞ്ഞുകൊണ്ടിരിക്കുകയാവാം ഗവർണർ’ എന്ന് ഗവർണർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനെ യെച്ചൂരി പരിഹസിച്ചു. വിദ്യാർഥികളുടെ പ്രതിഷേധങ്ങൾക്കെതിരേയാണ് ഗവർണറുടെ പ്രതിഷേധം. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ, ഇതിനെത്തുടർന്ന് കേന്ദ്ര സർക്കാരിനോട് രാജ്യത്തെ ഏറ്റവും വലിയ സുരക്ഷ ആവശ്യപ്പെടുകയാണ് ഗവർണർ ചെയ്തത്. ഇത്തരം കാര്യങ്ങൾ ഒരിക്കലും യോജിക്കാൻ കഴിയുന്നതല്ല, യെച്ചൂരി പറഞ്ഞു. നിയമസഭ പാസ്സാക്കിയ ബില്ല് ഒപ്പിടാതെ ഗവർണർ വെച്ചിരുന്നത് നേരത്തെ നമ്മൾ കണ്ടതാണ്. സുപ്രീം കോടതി ഇടപെട്ടതോടെ ബില്ലിൽ ഒപ്പിടുന്നതിന് പകരം രാഷ്ട്രപതിക്ക് അയക്കുകയായിരുന്നു. ബിജെപി-ആർഎസ്എസ് ആശയങ്ങൾ നടപ്പാക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല, യെച്ചൂരി കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യത്തിൽ സർക്കാരിനെതിരേ കോൺഗ്രസ് ജനാധിപത്യവിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്. മോദി സർക്കാരിനെതിരേ സംസ്ഥാനത്തെ കോൺഗ്രസ് മൗനം പാലിക്കുകയാണ്. കേന്ദ്ര സർക്കാർ കേരളത്തോട് കാട്ടുന്ന അവഗണനയ്ക്കതെിരേ ഇടത് സർക്കാർ സംഘടിപ്പിച്ച ധർണയിൽ എല്ലാ എം.എൽ.എമാരേയും എല്ലാ രാഷ്ട്രീയ പാർട്ടികളേയും ക്ഷണിച്ചിരുന്നു. എന്നാൽ, കോൺഗ്രസ് ക്ഷണം നിഷേധിക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഇതേ പ്രശ്നനങ്ങൾ നേരിടുന്നുണ്ടെന്നും അവരവിടെ കേന്ദ്രത്തിനെതിരേ ശബ്ദിക്കുന്നുണ്ടെന്നും യെച്ചൂരി പറഞ്ഞു. എന്നാൽ കേരളത്തിൽ മാത്രം കോൺഗ്രസ് കേന്ദ്രത്തിനെതിരേ മൗനം പാലിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

