എൻഐടി പ്രവർത്തിക്കുന്നത് കേരളത്തിലാണെന്ന് ഓർക്കണം: ഡിവൈഎഫ്ഐ; മാർച്ചിൽ സംഘർഷം

കുന്നമംഗലം: ഗോഡ്സെയെ പിന്തുണച്ച് സമൂഹ മാധ്യമത്തിൽ കമന്റ് ചെയ്ത അധ്യാപികയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ കാലിക്കറ്റ് എൻഐടി ക്യാംപസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസുമായുള്ള സംഘർഷത്തിനിടയിൽ മാവൂർ സ്വദേശിയായ യുവാവിന്റെ വിരൽ അറ്റു. യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസ് ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഉദ്ഘാടനം ചെയ്തു. എൻഐടി പ്രവർത്തിക്കുന്നത് കേരളത്തിലാണെന്ന് ഓർക്കണമെന്ന് വസീഫ് പറഞ്ഞു. അധ്യാപികയ്ക്കെതിരെ നടപടി എടുത്തില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ എസ്എഫ്ഐ ക്യാംപസിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു. അധ്യാപികയെ പുറത്താക്കാൻ തയാറായില്ലെങ്കിൽ എൻഐടി ഡയറക്ടറെ ഉൾപ്പെടെ റോഡിൽ തടയുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചു.
ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ, ‘ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം വിനായക് ഗോഡ്സെ ഭാരതത്തിലെ ഒരുപാടുപേരുടെ ഹീറോ’ എന്ന കുറിപ്പോടെ കൃഷ്ണരാജ് എന്നയാൾ ഗോഡ്സെയുടെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇതിനു താഴെയാണ് എൻഐടി അധ്യാപിക ഷൈജ ആണ്ടവൻ ‘ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമുണ്ട്’ എന്ന് കമന്റ് ചെയ്തത്. സംഭവം വിവാദമായതോടെ ഇവർ കമന്റ് ഡിലീറ്റ് ചെയ്തു.
ഷൈജാ ആണ്ടവന്റെ അക്കൗണ്ട് വിവരങ്ങൾ തേടി കുന്നമംഗലം പൊലീസ് ഫെയ്സ്ബുക്കിനെ സമീപിച്ചു. പ്രഫസറുടെ വിവരങ്ങൾ ആവശ്യപ്പെട്ട് എൻഐടി ഡയറക്ടർക്കും പൊലീസ് കത്ത് നൽകി. എസ്എഫ്ഐ നൽകിയ പരാതിയിൽ പ്രഫസർക്കെതിരെ കുന്നമംഗലം പൊലീസ് കേസ് എടുത്തിരുന്നു

