ഉള്ളി കണ്ടാൽ ഇനി കരയും ; കുതിച്ചുയർന്ന് ഉള്ളി വില

കൊച്ചി: അയല്‍സംസ്ഥാനങ്ങള്‍ മഴക്കെടുതിയുടെ പിടിയില്‍ അകപ്പെട്ടതോടെ സംസ്ഥാനത്ത് വില കുതിച്ചുയര്‍ന്ന് ഉള്ളിയും സവാളയും. ഉള്ളിവില പല മേഖലയിലും തിങ്കളാഴ്ച കിലോ 100 രൂപ കടന്നു. 80 രൂപക്കാണ് ഒരു കിലോ സവാള വിറ്റത്. കാരറ്റ് വിലയിലും വന്‍ വര്‍ധനയാണ്. ആഗസ്റ്റില്‍ 100 രൂപക്ക് നാലുകിലോ സവാള കിട്ടിയിരുന്ന സ്ഥിതിയില്‍നിന്നാണ് വിലയുടെ കുതിപ്പ്. ഉള്ളി വില കഴിഞ്ഞ മാസം കിലോ 55-65 രൂപയായിരുന്നു പലയിടത്തും. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ മൂന്നാഴ്ച കനത്ത മഴ പെയ്തത് കേരളത്തിലേക്ക് ഉള്ളി, സവാള വരവിനെ ബാധിച്ചതായി എറണാകുളം പച്ചക്കറി മാര്‍ക്കറ്റിലെ വ്യാപാരികള്‍ പറഞ്ഞു. ബംഗളൂരു സവാള തീരെ വരുന്നില്ല. അവിടെ കൃഷി തുടക്കത്തില്‍തന്നെ നശിച്ചു. മഹാരാഷ്ട്രയില്‍നിന്നാണ് കുറച്ചെങ്കിലും എത്തുന്നത്. ഉത്തരേന്ത്യയില്‍ നവരാത്രി ആഘോഷ നാളുകളായതോടെ അവിടെ ആവശ്യകത വര്‍ധിച്ചതും കേരളത്തിലേക്കുള്ള ലോഡുകളെ ബാധിച്ചു. തമിഴ്നാട് ഒട്ടന്‍ഛത്രം, കോയമ്ബത്തൂര്‍ മാര്‍ക്കറ്റുകളില്‍ നിന്നാണ് പ്രധാനമായും ഉള്ളിയുടെ വരവ്.
എറണാകുളം മാര്‍ക്കറ്റില്‍ ദിനംപ്രതി 60 മുതല്‍ 100 ചാക്ക് ഉള്ളിയേ വരുന്നുള്ളൂ. വില കൂടുന്നതോടെ ആളുകള്‍ ഉപയോഗം കുറച്ചുതുടങ്ങി. ആലുവ, കല്പറ്റ, പാലക്കാട്, തലശ്ശേരി വിപണികളിലാണ് തിങ്കളാഴ്ച ഉള്ളിവില 100 കടന്നത്. ആലുവ, തിരുവനന്തപുരം ചാല, കൊല്ലം, ആലപ്പുഴ മാര്‍ക്കറ്റുകളില്‍ സവാള തിങ്കളാഴ്ച വിറ്റത് 80 രൂപക്ക്.
പെരുമ്ബാവൂരിലും കൊല്ലത്തും കാരറ്റ് കിലോ 115 രൂപക്കും വിറ്റു. ശരാശരി 100 രൂപയാണ് സംസ്ഥാനത്ത് മിക്കയിടത്തും കാരറ്റ് വില. എം. ഷിയാസ്

