KSDLIVENEWS

Real news for everyone

ഗസ്സയില്‍ കുട്ടികളുടെ കൂട്ടമരണം; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികള്‍

SHARE THIS ON

ഗസ്സ: ആറാം മാസത്തിലേക്ക് കടന്ന യുദ്ധവും ഇസ്രായേല്‍ സൈന്യത്തിന്റെ കരുണയില്ലാത്ത ഉപരോധവും കാരണം കുഞ്ഞുങ്ങളുടെ കൂട്ടമരണത്തിലേക്ക് ഗസ്സ. ഓരോ ദിവസവും സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്ന ഗസ്സയില്‍ പോഷകാഹാരക്കുറവും നിർജലീകരണവും കാരണം ആദ്യമായി ശിശുമരണം റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ മാസമാണ്. അതിനുശേഷം 20 കുട്ടികള്‍ കൂടി ഈ കാരണത്താല്‍ മരിച്ചു. കുഞ്ഞുങ്ങള്‍ക്ക് നല്‍കാൻ പാലോ മറ്റോ ഗസ്സയിലില്ല. മുതിർന്നവർ പച്ചപ്പുല്ലും കാലിത്തീറ്റയും തിന്ന് ജീവൻ നിലനിർത്തുകയാണ്. സഹായവസ്തുക്കളുമായി വരുന്ന ട്രക്കുകള്‍ക്കുനേരെയും സൈന്യം ആക്രമണം നടത്തുന്നു. യു.എന്നിന്റെ സഹായവിതരണം നിലച്ച മട്ടാണ്. അതിനിടെ ഇസ്രായേല്‍ ബോംബാക്രമണം തുടരുകയാണ്. ദൈർ അല്‍ ബലാഹില്‍ കെട്ടിടത്തിനുമേല്‍ ബോംബിട്ട് 11 പേരെ കൊലപ്പെടുത്തി. ഇവരടക്കം 78 പേർകൂടി 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടു. ആകെ മരണം 30,878 ആയി. 72,402 പേർക്ക് പരിക്കേറ്റു. സഹായവിതരണം: ഗസ്സയില്‍ താല്‍ക്കാലിക തുറമുഖം നിർമിക്കുമെന്ന് യു.എസ് വാഷിങ്ടണ്‍: മാനുഷിക സഹായ വിതരണത്തിനായി ഗസ്സയില്‍ താല്‍ക്കാലിക തുറമുഖം നിർമിക്കാൻ സൈന്യത്തിന് നിർദേശം നല്‍കിയതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. കൂടുതല്‍ സഹായ വസ്തുക്കള്‍ എത്തിക്കാൻ അനുമതി നല്‍കി മാനുഷിക ദുരന്തം ഒഴിവാക്കണമെന്ന് അദ്ദേഹം ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ഗസ്സക്കുള്ള മാനുഷികസഹായം വിലപേശലിന് ഉപയോഗിക്കരുതെന്നും സന്നദ്ധപ്രവർത്തകർക്ക് വെടിവെപ്പില്‍ പരിക്കേല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഇസ്രായേലിനോടായി അദ്ദേഹം പറഞ്ഞു. അതേസമയം, ഇതെല്ലാം പ്രചാരണ തന്ത്രമാണെന്നും റഫ അതിർത്തി വഴി ട്രക്ക് കടത്തിവിടാൻ ഇസ്രായേലിന് മേല്‍ സമ്മർദ്ദം ചെലുത്തുകയാണ് അമേരിക്ക ചെയ്യേണ്ടതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിനകത്തും പുറത്തും ഇതിനെതിരെ പ്രതിഷേധവും സമ്മർദവും ഉയർന്നതോടെയാണ് ബൈഡൻ ഇസ്രായേല്‍ അനുകൂല നിലപാടില്‍ അയവുവരുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!