KSDLIVENEWS

Real news for everyone

സി.എ.എ ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് മൂന്നാഴ്ചത്തെ സമയം നല്‍കി സുപ്രീംകോടതി

SHARE THIS ON

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് മറുപടി നല്‍കാന്‍ സമയം നല്‍കി സുപ്രീംകോടതി. മൂന്നാഴ്ചയക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം. എന്നാല്‍ ഇടക്കാല സ്‌റ്റേ അനുവദിക്കാന്‍ കോടതി തയ്യാറായില്ല. ഏപ്രില്‍ ഒമ്പതിന്‌ കേസ് വീണ്ടും പരിഗണിക്കും. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, ഡി.വൈ.എഫ്.ഐ, അസം സ്റ്റുഡന്റ് യൂണിയന്‍, കേരള സര്‍ക്കാര്‍, അസദുദ്ദീന്‍ ഒവൈസി തുടങ്ങിയവരടക്കം നല്‍കിയ 237 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയ്‌ക്കെത്തിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. അസം, ത്രിപുര സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ക്കായി പ്രത്യേക നോഡല്‍ അഭിഭാഷകരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവും ബെഞ്ച് ഇറക്കി. മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നാലാഴ്ച സമയം കേന്ദ്ര സര്‍ക്കാര്‍ തേടിയെങ്കിലും മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടത്. സ്റ്റേ ആവശ്യത്തില്‍ കോടതി തീരുമാനം എടുക്കുന്നത് വരെ സിഎഎയുടെ അടിസ്ഥാനത്തില്‍ ആര്‍ക്കും പൗരത്വം നല്‍കരുതെന്ന് മുസ്ലിം ലീഗിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലും, അഭിഭാഷകന്‍ ഹാരിസ് ബീരാനും സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ഒരിക്കല്‍ പൗരത്വം നല്‍കിയാല്‍ അത് തിരിച്ച് എടുക്കാന്‍ ആകില്ലെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. എന്നാല്‍ നിയവും, ചട്ടങ്ങളും സ്റ്റേ ചെയ്യുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തു. സിഎഎ കാരണം ആരുടെയും പൗരത്വം നഷ്ടപെടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ചൂണ്ടിക്കാട്ടി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നു. സിഎഎയ്ക്ക് എന്‍ആര്‍സിയുമായി ബന്ധമില്ലെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.മുസ്ലിം ലീഗ് നേതാക്കളായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ കേസിന്റെ നടപടികള്‍ വീക്ഷിക്കാന്‍ ഇന്ന് കോടതിയില്‍ ഉണ്ടായിരുന്നു. സിപിഎം, സിപിഐ, രമേശ് ചെന്നിത്തല, ടി.എന്‍ പ്രതാപന്‍, സമസ്ത, തുടങ്ങി വിവിധ സംഘടനകളും, വ്യക്തികളും ഹര്‍ജികള്‍ നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!