സർക്കാരിനെതിരെ വീണ്ടും ഗവർണർ;
തെരഞ്ഞെടുപ്പ് ചട്ടലംഘനമാകും, തദ്ദേശ വാര്‍ഡ് പുനര്‍വിഭജന ഓര്‍ഡിനൻസ് ഗവര്‍ണര്‍ മടക്കി

തിരുവനന്തപുരം: സർക്കാറിനെതിരെ വീണ്ടും ഉടക്കി ഗവർണർ. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ അതിർത്തി പുനർനിർണയിക്കാനും വാർഡുകളുടെ എണ്ണം വർധിപ്പിക്കാനുമുള്ള ഓർഡിനൻസുകള്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിപ്പോള്‍ മടക്കിയയച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ ഓർഡിനൻസുകള്‍ക്ക് അംഗീകാരം നല്‍കാനാവില്ലെന്നാണ് ഗവർണർ പറയുന്നത്. ഈ സാഹചര്യത്തില്‍ അനുമതി നല്‍കണമെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ആവശ്യമാണ്.
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനുള്ള കരട് ഓർഡിനൻസിന് കഴിഞ്ഞ ദിവസമാണ് മന്ത്രിസഭാ അംഗീകാരം നല്‍കിയത്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ചുരുങ്ങിയത് ഒരു വാർഡ് വീതം കൂടുന്ന രൂപത്തിലായിരിക്കും വിഭജനം. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഒന്നിലധികം വാർഡുകള്‍ വർധിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുമുണ്ടാകും. മട്ടന്നൂർ മുനിസിപ്പാലിറ്റി ഒഴികെ 1199 തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനമായിരിക്കും നടക്കുക. ഇതുവഴി ചുരുങ്ങിയത് 1200 വാർഡുകളെങ്കിലും വർധിക്കും. വാർഡ് വിഭജനത്തിനായി സംസ്ഥാന ഇലക്ഷൻ കമീഷണർ എ. ഷാജഹാൻ അധ്യക്ഷനായ അഞ്ചംഗ കമീഷൻ (ഡീലിമിറ്റേഷൻ കമീഷൻ) രൂപവത്കരിക്കും. ചെയർമാന് പുറമെ, സർക്കാർ നിർദേശിക്കുന്ന നാല് ഗവ. സെക്രട്ടറിമാർ അംഗങ്ങളായിരിക്കും. ഇതില്‍ തദ്ദേശവകുപ്പ്, റവന്യൂ വകുപ്പ് സെക്രട്ടിമാർ ഉള്‍പ്പെടെ അംഗങ്ങളായേക്കും.
വിഭജന നടപടികള്‍ക്ക് ഡീലിമിറ്റേഷൻ കമീഷൻ മാർഗരേഖ തയാറാക്കും. മാർഗരേഖ പ്രകാരം നിലവിലുള്ള വാർഡുകള്‍ ജനസംഖ്യ, സ്വഭാവിക അതിരുകള്‍ തുടങ്ങിയവയുടെ പരിഗണനയില്‍ വിഭജിച്ച് രൂപരേഖ തയാറാക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നല്‍കും. ഇതുപ്രകാരം പുതിയ വാർഡുകളുടെ മാപ്പ് തയാറാക്കും. ഇത് കരടായി കമീഷൻ പ്രസിദ്ധീകരിക്കുകയും ചെയ്യും. കരടില്‍ പൊതുജനങ്ങളില്‍നിന്ന് നിർദേശങ്ങളും പരാതികളും ക്ഷണിക്കും. പരാതികളില്‍ ആവശ്യമെങ്കില്‍ ഡീലിമിറ്റേഷൻ കമീഷൻ ജില്ല ആസ്ഥാനങ്ങളില്‍ സിറ്റിങ് നടത്തി പട്ടിക അന്തിമമാക്കും. ഇതു വിജ്ഞാപനം ചെയ്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് കൈമാറും. തെരഞ്ഞെടുപ്പ് കമീഷൻ പോളിങ് സ്റ്റേഷൻ അടിസ്ഥാനത്തിലുള്ള വോട്ടർ പട്ടിക തയാറാക്കും.
ഇതിനു ശേഷമായിരിക്കും തെരഞ്ഞെടുപ്പ് നടപടികള്‍. 21,900 വാർഡുകളാണ് നിലവില്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമായി ഉള്ളത്. കൊച്ചി, കോഴിക്കോട് മുനിസിപ്പല്‍ കോർപറേഷനുകളില്‍ ഒന്നില്‍ അധികം വാർഡുകള്‍ വർധിക്കാനാണ് സാധ്യത. വാർഡ് വിഭജന നടപടികള്‍ പൂർത്തിയാക്കാൻ ആറ് മാസമെടുക്കും.
ആദ്യഘട്ടത്തില്‍ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷനുകളില്‍ ആയിരിക്കും വിഭജനം നടത്തുക. വിഭജനത്തിനു ശേഷം രൂപപ്പെടുന്ന ഗ്രാമപഞ്ചായത്ത് വാർഡുകളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും േബ്ലാക്ക്, ജില്ല പഞ്ചായത്ത് ഡിവിഷനുകള്‍ രൂപവത്കരിക്കുക.
ചുരുങ്ങിയത് 14 വാർഡുകള്‍
നിലവില്‍ ഗ്രാമപഞ്ചായത്തുകളില്‍ ചുരുങ്ങിയത് 13ഉം പരമാവധി 23ഉം വാർഡുകളുമാണുള്ളത്. ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലേതിന് സമാനമാണ് ചുരുങ്ങിയ ഡിവിഷനും പരമാവധി ഡിവിഷനും. ജില്ല പഞ്ചായത്തുകളില്‍ ചുരുങ്ങിയത് 16ഉം പരമാവധി 32ഉം ഡിവിഷനുകളാണ്. മുനിസിപ്പാലിറ്റികളില്‍ 25 മുതല്‍ 52 വരെയും മുനിസിപ്പല്‍ കോർപറേഷനുകളില്‍ 55 മുതല്‍ 100 വരെ വാർഡുകളുമാണുള്ളത്. ഇവയിലെല്ലാം ചുരുങ്ങിയത് ഒരു വാർഡുകള്‍ വീതം വർധിക്കുന്ന രീതിയിലായിരിക്കും വിഭജനം.
ഓർഡിനൻസില്‍ ഗവർണർ ഒപ്പിട്ട് വിജ്ഞാപനം ഇറങ്ങിയാല്‍ ഡീലിമിറ്റേഷൻ കമീഷൻ രൂപവത്കരിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കും. ഇതിനു ശേഷമായിരിക്കും വിഭജന നടപടികള്‍ ആരംഭിക്കുക. വിഭജന നടപടികള്‍ക്കു ശേഷം പുതിയ വാർഡുകളിലെ പോളിങ് ബൂത്ത് അടിസ്ഥാനത്തിലുള്ള വോട്ടർപട്ടിക തയാറായിക്കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പ് കമീഷൻ തദ്ദേശ തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കും. മട്ടന്നൂർ മുനിസിപ്പാലിറ്റിയില്‍ ഇതിനകം വാർഡ് വിഭജനം പൂർത്തിയായിട്ടുണ്ട്. മറ്റു തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനു ശേഷമാണ് ഇവിടെ തെരഞ്ഞെടുപ്പ് നടത്തുന്നത്.

