KSDLIVENEWS

Real news for everyone

കാഞ്ഞങ്ങാട് ബസ്‌സ്റ്റാൻഡിൽ നിറയെ കുഴികൾ; ചെളിവെള്ളം നിറഞ്ഞ കുഴിയിൽ വീണു ബസ് നിൽക്കുന്നത് നിത്യ സംഭവം; നഗരഭരണാധികാരികൾക്ക് കുലുക്കമില്ല

SHARE THIS ON

കാഞ്ഞങ്ങാട്: സമയം വൈകീട്ട് ആറുമണി. തിരിഞ്ഞുപുറത്തേക്കുപോകാനുള്ള ശ്രമത്തിനിടെ ബസിന്റെ ടയർ കുഴിയിൽ പതിച്ചു. ചെളിവെള്ളം നിറഞ്ഞ കുഴിയിൽനിന്ന്‌ ബസ് അങ്ങോട്ടുമിങ്ങോട്ടും അനങ്ങുന്നില്ല. മറ്റു ബസുകളിലെ ജീവനക്കാരെത്തി അതിനെ തള്ളിമാറ്റേണ്ടിവന്നു. കാഞ്ഞങ്ങാട് ബസ്‌സ്റ്റാൻഡിൽ കഴിഞ്ഞ ദിവസത്തെ കാഴ്ചയാണിത്. ബസ്‌ജീവനക്കാർക്കും യാത്രക്കാർക്കും ഇതുപുതുമയൊന്നുമല്ല. കാഞ്ഞങ്ങാട് ബസ്‌സ്റ്റാൻഡിനകത്ത് നിറയെ കുഴികളാണ്. എത്രയോ തവണ വാർത്തയും ചിത്രവും വന്നു. ജനങ്ങളുടെ പ്രതിഷേധമുയർന്നു.

നഗരഭരണാധികാരികൾക്ക്‌ കുലുക്കമൊന്നുമില്ല. ‘ഒന്നിലേറെ തവണ കുഴിയിൽ പതിക്കുമ്പോൾ ഏതെങ്കിലും സ്പെയർപാർട്‌സിന് തകാരാറു സംഭവിക്കും. കിട്ടുന്ന വരുമാനത്തിൽ നല്ലൊരു ശതമാനം വർക്ക്ഷോപ്പിൽ കൊടുക്കേണ്ടിവരുന്നു’- ബസുടമകൾ പറയുന്നു.  മഴപെയ്തുതുടങ്ങിയശേഷം കുഴികളിലെല്ലാം ചെളിവെള്ളം നിറഞ്ഞു. ബസിന്റെ ടയർ കുഴികളിൽ പതിക്കുമ്പോൾ ചുറ്റിലും തെറിക്കുന്ന ചെളിവെള്ളം ബസ് കയറാൻ നിൽക്കുന്നവരുടെ വസ്ത്രങ്ങൾക്കുമേലാണ് വീഴുന്നത്. യാത്രക്കാരുടെ മേൽ മാത്രമല്ല, കടയുടെ അകത്തേക്കുവരെ ചെളിവെള്ളമെത്തുന്നുവെന്ന് വ്യാപാരികളും പറയുന്നു. ബസ്‌സ്റ്റാൻഡിന്റെ തെക്കുഭാഗത്താണ് ഏറ്റവും കൂടുതൽ കുഴികൾ.

ഹ്രസ്വദൂര ബസുകൾ നിർത്തിയിടുന്നത് ഇവിടെയാണ്. ഈ ഭാഗത്താണ് കൂടുതലും ആളുകളും ഉള്ളത്. ഏതാനും ദിവസം കഴിഞ്ഞാൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കും. കനത്ത മഴയിൽ ബസിൽനിന്നിറങ്ങി ബസ്‌സ്റ്റാൻഡ് മുറിച്ചുകടക്കുന്നത് നൂറുകണക്കിന് വിദ്യാർഥികളായിരിക്കും. ഇവർ കൂടി കുഴിയിൽ വീഴുന്ന ദുരവസ്ഥ ഇല്ലാതാക്കാൻ നഗരഭരണാധികാരികൾ ഇനിയെങ്കിലും കണ്ണുതുറക്കണേയെന്നാണ് ജനം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!