വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ സീറ്റ്തിരിച്ചുള്ള വോട്ട്കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്

ന്യൂഡല്‍ഹി: ഓരോ പോളിങ് സ്റ്റേഷനിലേയും വോട്ടുകളുടെ കണക്ക് വ്യക്തമാക്കുന്ന ഫോം 17-സി വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയതിന് പിന്നാലെ അഞ്ച് ഘട്ടങ്ങളിലെയും ഓരോ സീറ്റുകളിലേയും സമ്പൂര്‍ണ്ണ വോട്ടുകളുടെ വിവരങ്ങള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്. അഞ്ചുഘട്ടത്തിലേയും വോട്ടിങ് ശതമാനം, വോട്ടര്‍മാരുടെ എണ്ണം എന്നിവയടക്കമുള്ള ഇതുവരേയുള്ള കണക്കുകളാണ് തിരഞ്ഞെടുപ്പ് കമ്മിഷന് വാര്‍ത്താക്കുറിപ്പിലൂടെ ഔദ്യോഗികമായി പുറത്തുവിട്ടത്.
തിരഞ്ഞെടുപ്പ് പ്രക്രിയയെ തകര്‍ക്കാന്‍ തെറ്റായ വിവരണങ്ങള്‍ പ്രചരിപ്പിക്കുന്നവെന്ന ആരോപണവും കമ്മിഷന് മുന്നോട്ടുവെച്ചു. പോള്‍ചെയ്ത വോട്ടുകളുടെ കണക്കുകളും തിരഞ്ഞെടുപ്പ് ദിവസം എല്ലാ സ്ഥാനാര്‍ഥികളുടെയും പോളിങ് ഏജന്റുമാര്‍ക്ക് നല്കിയ ഫോം 17 സിയിലെ കണക്കുകളും മാറ്റാന്‍ ആര്‍ക്കും കഴിയില്ലെന്ന് കമ്മിഷന് പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. പൊതുജനങ്ങള്‍ക്കായി ഉറക്കിയ ഔദ്യോഗിക ആപ്പ് വഴി സ്ഥാനാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വോട്ടിങ് കണക്കുകള്‍ 24 മണിക്കൂറും ലഭ്യമാകുമെന്നും കമ്മിഷന് കൂട്ടിച്ചേര്‍ത്തു.
പോളിങ് വിവരങ്ങള്‍ പുറത്തുവിടുന്നത് സംബന്ധിച്ച് സുപ്രീംകോടതി പറഞ്ഞ നിര്‍ദേശങ്ങളും വിധിയും തിരഞ്ഞെടുപ്പ് കമ്മിഷന് ശക്തിപകരുന്നതാണെന്നും ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന സമയത്ത് തിരഞ്ഞെടുപ്പ് കമ്മിഷന് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ജൂണ്‍ ഒന്നിനാണ് ഏഴാം ഘട്ടത്തില്‍ അവസാന വോട്ടെടുപ്പ്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടുഘട്ടങ്ങള്‍മാത്രം ബാക്കിനില്‍ക്കേ പോളിങ് സ്റ്റേഷനിലെ യഥാര്‍ഥ വിവരങ്ങള്‍ അടങ്ങുന്ന ഫോം 17 സി വിവരങ്ങള്‍ വെബ്സൈറ്റില്‍ നല്‍കുന്നത് തിരഞ്ഞെടുപ്പു കമ്മിഷന് പ്രായോഗികമാവില്ലെന്നായിരുന്നു ശനിയാഴ്ച സുപ്രീംകോടതി പറഞ്ഞത്. തിരഞ്ഞെടുപ്പുപ്രക്രിയയെ തടസ്സപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു.
വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ അതത് പോളിങ് സ്റ്റേഷനുകളിലെ യഥാര്‍ഥ വിവരങ്ങളടങ്ങുന്ന ഫോം 17-സി പരസ്യപ്പെടുത്തണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. നിലവില്‍ ദിവസങ്ങള്‍ കഴിഞ്ഞുമാത്രം യഥാര്‍ഥ കണക്കുകള്‍ പുറത്തുവരുമ്പോള്‍ ആദ്യം പറഞ്ഞതില്‍നിന്ന് വലിയ വ്യത്യാസങ്ങളുണ്ടാകുന്നുവെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

