വിലാപഭൂമിയായി വയനാട്: ദുരന്തത്തിൽ മരണം 251; രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി മഴ

മേപ്പാടി: വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 251 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും ഇരുന്നൂറിലേറെപ്പേരെ കാണാതായെന്നും അധികൃതർ അറിയിച്ചു. മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിന് ശക്തമായ മഴ വെല്ലുവിളിയാണ്. മുണ്ടക്കൈ പുഴയിലെ ഒഴുക്ക് ശക്തമായെങ്കിലും സൈന്യം പാലം പണി തുടരുന്നു. കഴിഞ്ഞ ദിവസം സൈന്യം തയാറാക്കിയ നടപ്പാലവും മുങ്ങി. മഴയിലും യന്ത്രസഹായത്തോടെയുള്ള തിരച്ചിൽ തുടരുകയാണ്. രക്ഷാദൗത്യത്തിന്റെ ഭാഗമായി എത്തിച്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വീടുകളുടെ അവശിഷ്ടങ്ങളും മണ്ണും മാറ്റിയാണ് തിരച്ചിൽ. രാവിലെ ഇവിടെ സൈനികർ പരിശോധിച്ചെങ്കിലും അവശിഷ്ടങ്ങൾ പൂർണമായി മാറ്റാൻ സാധിച്ചിരുന്നില്ല. ചാലിയാറിൽ ഇന്നത്തെ തിരച്ചിൽ നിർത്തി. നാളെ രാവിലെ പുനഃരാരംഭിക്കും.
മുണ്ടക്കൈയിലെത്തിയ മന്ത്രിമാരോട് പ്രദേശവാസികൾ കയർത്തു. മേപ്പാടിയിൽനിന്ന് ദുരന്ത സ്ഥലത്തേക്ക് വാഹനങ്ങൾ കയറ്റുന്നില്ലെന്ന് ആരോപിച്ചാണ് വാക്കേറ്റമുണ്ടായത്. ഭക്ഷണവണ്ടികൾ ഉൾപ്പെടെ പൊലീസ് തടഞ്ഞെന്നാരോപിച്ചായിരുന്നു വാക്കേറ്റം. ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച 11.30 ന് സര്‍വകക്ഷിയോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. അടിയന്തര ധനസഹായം പിന്നീട് തീരുമാനിക്കും. 9 മന്ത്രിമാർ വയനാട്ടിലുണ്ട്. രണ്ട് ടീമായി പ്രവർത്തനം ഏകോപിപ്പിക്കും. കൺട്രോൾ റൂമുകളിൽ മന്ത്രിമാർ ഉണ്ടാകണമെന്ന് നിർദേശം നല്കി. കൂടുതൽ ഫൊറൻസിക് ഡോക്ടർമാരെ നിയോഗിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മൈസൂരുവിലേക്ക് യാത്ര ചെയ്യുന്നവർ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കി ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി പോകണമെന്നു കണ്ണൂർ ജില്ലാ ഭരണകൂടം അറിയിച്ചു.

