KSDLIVENEWS

Real news for everyone

വൈദ്യുതിപ്രസരണം മെച്ചപ്പെടുത്താൻ ജില്ലയ്ക്ക് 353.1 കോടിയുടെ പദ്ധതി

SHARE THIS ON

പൊയിനാച്ചി : 2032-വരെയുള്ള പ്രസരണആവശ്യങ്ങൾ നിറവേറ്റുന്നതിന് ലക്ഷ്യമിട്ട് രൂപപ്പെടുത്തിയിട്ടുള്ള ട്രാൻസ്‌മിഷൻ പ്ലാനിൽ 353.1 കോടി രൂപയുടെ പദ്ധതികൾ പ്രസരണ വിഭാഗത്തിന്റെ കീഴിൽ ജില്ലയിൽ വിഭാവനംചെയ്തിട്ടുണ്ടെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. സാങ്കേതികപഠനവും സാമ്പത്തികവിശകലനവും അനുകൂലമാണെങ്കിൽ ഇവ ഏറ്റെടുക്കുമെന്ന് ജില്ലയുടെ വൈദ്യുതിപ്രശ്നങ്ങളെപ്പറ്റി സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ. അവതരിപ്പിച്ച സബ്മിഷന് മറുപടിയായി പറഞ്ഞു.

ജില്ലയിലെ വൈദ്യുതിപ്രശ്നങ്ങളെപ്പറ്റി 10 -ന് എം.എൽ.എ.യുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥർ ചർച്ച നടത്തും. 2026-27 കാലയളവിൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന വെള്ളരിക്കുണ്ട് 110 കെ.വി.സബ്സ്റ്റേഷൻ (28 കോടി രൂപ), ബോവിക്കാനം 33 കെ.വി. സബ്സ്റ്റേഷൻ (12 കോടി രൂപ), പടന്നക്കാട് 33 കെ.വി. സബ്സ്റ്റേഷൻ (10 കോടി രൂപ), പടന്ന 33 കെ.വി. സബ്സ്റ്റേഷൻ (12 കോടി രൂപ), ചെമ്പിരിക്ക 33 കെ.വി. സബ്സ്റ്റേഷൻ (13 കോടി രൂപ), വൊർക്കാടി 33 കെ.വി. സബ്സ്റ്റേഷൻ (16.5 കോടി രൂപ) എന്നിവയുടെയും 2026-28 കാലയളവിൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പെരിയ 110 കെ.വി. സബ്സ്റ്റേഷൻ (23 കോടി രൂപ), പൈവളിഗെ 110 കെ.വി. സബ്സ്റ്റേഷൻ (26 കോടി രൂപ), 2027-28 കാലയളവിൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന ബേളൂർ 33 കെ.വി. സബ്സ്റ്റേഷൻ 110 കെ.വിയായി ഉയർത്തുന്നത് (23 കോടി രൂപ), 2028-29 ൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന ചീമേനി 220 കെ.വി. സബ്സ്റ്റേഷൻ (33 കോടി രൂപ), ബേക്കൽ 33 കെ.വി. സബ്സ്റ്റേഷൻ (11 കോടി രൂപ), ചിത്താരി 33 കെ.വി. സബ്സ്റ്റേഷൻ (8 കോടി രൂപ) എന്നിവയുടെയും സാങ്കേതികപഠനം നടത്തുന്നതിനുള്ള പ്രാരംഭനടപടികൾ നടന്നുവരുന്നു.


പുതുതായി 275 ട്രാൻസ്‌ഫോർമറുകൾ

കാസർകോട് സ്പെഷ്യൽ പാക്കേജിൽ കാസർകോട് ഇലക്‌ട്രിക്കൽ സർക്കിളിന് കീഴിൽ 174 കി.മീ.എച്ച്. ടി.ഒ.എച്ച്. ലൈനും 373 കി.മീ. എച്ച്.ടി.എ.ബി.സി. ലൈനും 181 കി.മീ. എച്ച്.ടി. ഭൂഗർഭ കേബിളും 30 കി.മീ., എൽ.ടി.ഒ.എച്ച്. ലൈനും 283 കി.മീ. എൽ.ടി.എ.ബി.സി. ലൈനും 0.4 കി.മീ.എൽ.ടി. കവേർഡ് കണ്ടക്ടറും നിർമിക്കും. 275 ട്രാൻസ്‌ഫോർമറുകൾ പുതുതായി സ്ഥാപിക്കാനും 71 എണ്ണത്തിന്റെ ശേഷി കൂട്ടാനും ലക്ഷ്യമിടുന്നു.

1856 കി.മീ. പഴയ എൽ.ടി. ലൈൻ മാറ്റി പുതിയത് വലിക്കും.116 കി.മീ. എച്ച്. ടി. ലൈനുകളും 110 കി.മീ. എൽ.ടി. ലൈനുകളും കവേർഡ് കണ്ടക്ടറുകളാക്കി മാറ്റും. 99 കി.മീ. എൽ.ടി. സിംഗിൾ ഫേസ് ലൈനുകൾ ത്രീഫേസ് ലൈനുകളാക്കി മാറ്റും.

12 കി.മീറ്റർ മയിലാട്ടി-വിദ്യാനഗർ 110 കെ.വി. സിംഗിൾ സർക്യൂട്ട് ലൈൻ 220/110 കെ.വി.ഡബിൾ സർക്യൂട്ട് ലൈനാക്കുന്ന പ്രവർത്തി 2026-27-ൽ പൂർത്തിയാക്കും. നിലവിലുളള ലൈൻ അഴിച്ചുമാറ്റി പുതിയത് സ്ഥാപിക്കുന്നത് സാധ്യമല്ലാത്തതിനാൽ ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്.

ഈ ലൈൻ ഓഫാക്കിയാൽ വിദ്യാനഗർ സബ് സ്റ്റേഷൻ, കാസർകോട്, അനന്തപുരം 33 കെ.വി. സബ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്കുള്ള വൈദ്യുതി മുടങ്ങുന്ന സ്ഥിതിയായതിനാൽ പ്രവൃത്തി നടക്കുന്ന ഭാഗം ബൈപ്പാസ് ചെയ്താണ് വൈദ്യുതിയുടെ തുടർച്ചയായ ലഭ്യത ഉറപ്പുവരുത്തി പണി നടക്കുന്നത്.

ആദ്യഘട്ട മൂന്ന് കിലോമീറ്റർ ലൈൻ നിർമാണം ഒക്ടോബറിൽ പൂർത്തിയാകും.

സബ്സ്റ്റേഷൻ നിർമാണവുംശേഷി ഉയർത്തലും

വിദ്യാനഗർ 110 കെ.വി. സബ് സ്റ്റേഷന്റെ ശേഷി 220 കെ.വി.യായി ഉയർത്തുന്നതിന് 60 കോടിയുടെ പദ്ധതിക്ക് ഡി.പി.ആർ. തയ്യാറായിവരുന്നു. ഡിസംബറിൽ ഇത് ടെൻഡർ വിളിക്കും. കുറ്റിക്കോൽ സബ് സ്റ്റേഷന്റെ 80 ശതമാനം പ്രവൃത്തിയും അനുബന്ധ 110 കെ.വി. ഡബിൾ സർക്യൂട്ട് ലൈനിന്റെ പ്രവൃത്തി 15 ശതമാനം പൂർത്തിയായി. 13 കോടി ചെലവിൽ സീതാംഗോളിയിൽ സ്ഥാപിക്കുന്ന 110 കെ.വി. സബ് സ്റ്റേഷന് ഭൂമി ഏറ്റെടുക്കാൻ നടപടി പുരോഗമിച്ചുവരുന്നു.

33 കെ.വി. നീലേശ്വരം സബ്സ്റ്റേഷൻ 11.5 കോടി ചെലവിൽ 2025-26-ൽ പൂർത്തിയാക്കും. മുള്ളേരിയ സബ് സ്റ്റേഷനിൽനിന്നും 10 കി.മീ. 33 കെ.വി.ലൈൻ വലിച്ച് അഡൂർ പെലമർവയിൽ 33 കെ.വി. സബ് സ്റ്റേഷൻ സ്ഥാപിക്കും. ഇതിന് ഭൂമി ഏറ്റെടുക്കുന്നതിന് പ്രാരംഭനടപടി സ്വീകരിച്ചിട്ടുണ്ട്. 2025-26-ൽ ഈ സബ്സ്റ്റേഷൻ നിർമാണം പൂർത്തിയാക്കും. ഉഡുപ്പി‍ കാസർകോട്‌ ട്രാൻസ്‌മിഷൻ ലിമിറ്റഡ് (യു​​.കെ.ടി.എൽ.) കമ്പനി നിർമിക്കുന്ന 400 കെ.വി. ഉഡുപ്പി-കാസർകോട്‌ ലൈനിനെയും കാസർകോട്‌ 400 കെ.വി. സബ്സ്റ്റേഷനെയും നിലവിലുള്ള മൈസൂരു-അരീക്കോട് 400 കെ.വി. അന്തർസംസ്ഥാന ലൈനുമായി ബന്ധിപ്പിച്ച് സംസ്ഥാനത്തിന്റെ വൈദ്യുതി ഇറക്കുമതിശേഷി വർധിപ്പിക്കുന്നതിനും വടക്കൻജില്ലകളിലെ പ്രസരണശൃംഖല വികസനത്തിനും അതുവഴി അവിടെയുള്ള വോൾട്ടേജ് ക്ഷാമം ഉൾപ്പെടെയുള്ള വൈദ്യുതിപ്രതിസന്ധി പരിഹരിക്കുന്നതിനും വേണ്ടി വിഭാവനംചെയ്തതാണ് 125 കിലോമീറ്റർ ദൈർഘ്യമുള്ള കാസർകോട്‌-വയനാട് 400 കെ.വി. ലൈൻ പദ്ധതി എന്ന് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ.യുടെ സബ്മിഷന് മറുപടിയായി വൈദ്യുതിമന്ത്രി അറിയിച്ചു.

ഉഡുപ്പി-കാസർകോട്-വയനാട് 400 കെ.വി.ലൈൻ നിർമാണം പൂർത്തിയായാൽ സംസ്ഥാനത്തിന്റെ നിലവിലെ വൈദ്യുതി ഇറക്കുമതിശേഷി 4260 മെഗാവാട്ടിൽനിന്ന് 5000 മെഗാവാട്ടായി ഉയരും. കരിന്തളത്ത് 400 കെ.വി. സബ്സ്റ്റേഷന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്. ലൈൻ നിർമാണം പൂർത്തിയായാൽ സബ്സ്റ്റേഷൻ കമ്മിഷൻ ചെയ്യാനാകും. കണ്ണൂർ ട്രാൻസ്‌മിഷൻ സർക്കിളിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലയ്ക്ക് പുതിയ ട്രാൻസ്‌മിഷൻ സർക്കിൾ രൂപവത്കരിക്കുന്നതോ സെക്‌ഷൻ ഓഫീസ് അനുവദിക്കുന്നതോ കെ.എസ്.ഇ.ബി.യുടെ പരിഗണനയിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

error: Content is protected !!