KSDLIVENEWS

Real news for everyone

സുരക്ഷാ സംവിധാനങ്ങള്‍ പാളുന്നു? ഇസ്രായേലിന്റെ സൈനിക താവളങ്ങളുടെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഹിസ്ബുല്ല

SHARE THIS ON

ടെല്‍ അവീവ്: ഇസ്രയേലിൻ്റെ സുരക്ഷയ്ക്ക് വൻ ഭീഷണിയുയർത്തി ഹിസ്ബുല്ല. ഇസ്രായേല്‍ സൈനിക താവളങ്ങളുടെ ഡ്രോണ്‍ ദൃശ്യങ്ങള്‍ ഹിസ്ബുല്ല പുറത്തുവിട്ടു.

ഹൈഫ-കാർമല്‍ പ്രദേശത്തെ ഇസ്രായേലി സൈനിക താവളങ്ങള്‍, സൈനിക ആസ്ഥാനങ്ങള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇസ്രായേലിൻ്റെ അയണ്‍ ഡോം, ഡേവിഡ് സ്‌ലിംഗ് തുടങ്ങിയ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ കാവല്‍ നിന്നിട്ടും ഹിസ്ബുല്ലയുടെ ഡ്രോണിനെ തടയാൻ ഇസ്രായേലിന് കഴിഞ്ഞില്ല. ഇത് വൻ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ഹിസ്ബുല്ലയുടെ ‘ഹൂപ്പോ ഡ്രോണ്‍’ ആണ് ഈ ദൃശ്യങ്ങള്‍ പകർത്തിയത്.

ടെല്‍ അവീവിലെ ഒരു നിർണായക പ്രതിരോധ കേന്ദ്രമാണ് ഹൈഫ-കാർമല്‍ തുറമുഖം. കിര്യത് ഷമോന ഇൻഡസ്ട്രിയല്‍ സോണ്‍, ഹൈഫ ഓയില്‍ റിഫൈനറി തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ ഡ്രോണ്‍ പകർത്തിയ ദൃശ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെഡിറ്ററേനിയൻ മുതല്‍ കാർമല്‍ പർവതത്തിൻ്റെ വടക്കൻ ചരിവ് വരെ നീളുന്ന പ്രദേശത്ത് നിർമ്മിച്ച ഒരു വടക്കൻ ഇസ്രായേലി തുറമുഖ നഗരമാണ് ഹൈഫ. 1948-ല്‍ ഇസ്രായേല്‍ എന്ന രാജ്യം നിലവില്‍ വന്നതിന് ശേഷം ഹൈഫ ഇസ്രായേലിലേക്കുള്ള ജൂത കുടിയേറ്റത്തിനുള്ള കവാടമായി മാറിയിരുന്നു.

അതേസമയം, അടുത്തിടെ ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റല്ലയും അദ്ദേഹത്തിൻ്റെ മിക്ക കമാൻഡർമാരും കൊല്ലപ്പെട്ടതിന് പിന്നാലെ ലെബനനില്‍ കരയുദ്ധം ആരംഭിച്ചതായി ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു. 2006ന് ശേഷം ഇതാദ്യമായാണ് ഇസ്രായേലും ഹിസ്ബുല്ലയും തമ്മില്‍ കരയുദ്ധത്തില്‍ ഏർപ്പെടുന്നത്. ഇതിനിടെ, കഴിഞ്ഞയാഴ്ച ബെയ്‌റൂട്ടില്‍ നടന്ന വ്യോമാക്രമണത്തിനിടെ പുതിയ ഹിസ്ബുല്ല നേതാവ് ഹാഷിം സഫീദ്ദീനെ ഇസ്രായേല്‍ വധിച്ചതായി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരുന്നു.

ഹമാസിനോടും ഹിസ്ബുല്ലയോടും ഏറ്റുമുട്ടുന്ന ഇസ്രായേലിനെതിരെ ഇറാൻ പരസ്യമായി പോർമുഖത്ത് ഇറങ്ങിയിരുന്നു. ഇസ്രായേലിനെതിരെ 181 ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്താണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. അടുത്തിടെ ഇറാനിലുണ്ടായ ഭൂകമ്ബം ആണവ ബോംബ് പരീക്ഷിച്ചതാണെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!