ജർമൻ സാങ്കേതികവിദ്യ, യാത്ര കൂടുതൽ സൗകര്യപ്രദം; ജനശതാബ്ദിക്ക് പുതിയ കോച്ചുകൾ

കൊല്ലം: കോട്ടയം വഴിയുള്ള തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്‌പ്രസ് 16 മുതൽ പുതിയ കോച്ചുകളുമായി ഓടിത്തുടങ്ങും. ആധുനിക ലിങ്ക് ഹോഫ്മാൻ ബുഷ് (എൽ.എച്ച്.ബി.) കോച്ചുകളാകും തീവണ്ടിയിൽ ഉണ്ടാകുക. ഇവയിൽ യാത്ര കൂടുതൽ സൗകര്യപ്രദമാകും.
കൊല്ലം റെയിൽവേ സ്റ്റേഷനിലാണ് കോച്ചുകൾ ഇപ്പോൾ എത്തിച്ചിട്ടുള്ളത്. 16 മുതൽ തിരുവനന്തപുരത്തുനിന്നാണ് ഓടിത്തുടങ്ങുന്നത്. ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച കോച്ചുകളിൽ യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിലാണ് ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. കോച്ചുകൾ കൂട്ടിയിടിച്ചാൽ അപകടസാധ്യത കുറവാണെന്നത് മേന്മകളിലൊന്നാണ്. ഭാരക്കുറവുള്ള ലോഹഭാഗങ്ങൾകൊണ്ടാണ് നിർമിച്ചിട്ടുള്ളത്. ഇത്തരം കോച്ചുകൾമാത്രമുള്ള തീവണ്ടികൾക്ക് അതിവേഗം യാത്രചെയ്യാനുമാകും. കഴിഞ്ഞമാസം 29 മുതൽ പുതിയവണ്ടി ഓടുമെന്നാണ് റെയിൽവേ അധികൃതർ അറിയിച്ചിരുന്നത്.

