KSDLIVENEWS

Real news for everyone

ചെറിയ അപകടങ്ങള്‍ക്കുശേഷം വാഹനം നടുറോഡില്‍ നിര്‍ത്തിയിട്ടാല്‍ പിഴ

SHARE THIS ON

അബുദാബി: ചെറിയ അപകടങ്ങള്‍ക്കുശേഷം വാഹനം നടുറോഡില്‍ നിര്‍ത്തിയിടാതെ സുരക്ഷിതസ്ഥാനത്തേക്ക് ഉടന്‍ മാറ്റിയിടണമെന്ന് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഇത് തടസ്സമാകില്ല. നിയമലംഘകര്‍ക്ക് 500 ദിര്‍ഹം പിഴചുമത്തും.

ചെറിയ വാഹനാപകടങ്ങളിലെ കുറ്റക്കാരെ കണ്ടെത്താന്‍ എളുപ്പമാണെന്നും അതിനാല്‍ പോലീസ് എത്തുന്നതുവരെ വാഹനം അതേപടി അപകടസ്ഥലത്ത് തുടരേണ്ട ആവശ്യമില്ലെന്നും പോലീസ് ഓര്‍മ്മിപ്പിച്ചു.

അപകടത്തിനുശേഷവും റോഡില്‍തന്നെ തുടരുന്നത് ഗതാഗതക്കുരുക്കിനും വലിയ വാഹനാപകടങ്ങള്‍ക്കും കാരണമാകും. ഏതെങ്കിലും കാരണത്താല്‍ വാഹനം റോഡില്‍നിന്ന് നീക്കാന്‍ കഴിയുന്നില്ലെങ്കില്‍ പോലീസിന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ (999) സഹായത്തിനായി അഭ്യര്‍ഥിക്കാം.

ചെറിയ അപകടങ്ങള്‍ ‘സഈദ്’ ആപ്പിലൂടെ അറിയിക്കാം. കേടുപാടുകള്‍ സംഭവിച്ച വാഹനത്തിന്റെ ചിത്രങ്ങള്‍, ഡ്രൈവറുടെ ലൈസന്‍സ്, ഫോണ്‍ നമ്പര്‍, ലൊക്കേഷന്‍ തുടങ്ങിയവിവരങ്ങള്‍ ആപ്പില്‍ നല്‍കണം. മൂന്നുമിനിറ്റിനകം റിപ്പോര്‍ട്ട് നടപടികള്‍ പൂര്‍ത്തിയാക്കാമെന്നതാണ് പ്രത്യേകത.

അപകടശേഷം വാഹനങ്ങള്‍ റോഡി ല്‍നിന്ന് മാറ്റേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡ്രൈവര്‍മാരെ ബോധവത്കരിക്കാനായി പാത്ത് ഓഫ് സേഫ്റ്റി എന്നപേരില്‍ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. ഗതാഗതനിയമങ്ങള്‍ പാലിക്കാനും ഡ്രൈവിങ്ങിനിടെ അപകടകരമായ പെരുമാറ്റങ്ങള്‍ ഒഴിവാക്കാനും ഡ്രൈവര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതില്‍ കാമ്പയിന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

വ്യക്തമായ കാരണങ്ങളില്ലാതെ നടുറോഡില്‍ വാഹനം നിര്‍ത്തിയിട്ടതിന് കഴിഞ്ഞവര്‍ഷം 19,960 ഡ്രൈവര്‍മാര്‍ക്ക് പിഴചുമത്തിയതായി യു.എ.ഇ. ആഭ്യന്തരമന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകളിലുണ്ട്. അബുദാബി-2291, ദുബായ്-16,272, ഷാര്‍ജ-564, അജ്മാന്‍-357, ഉമ്മുല്‍ഖുവൈന്‍ 97, റാസല്‍ഖൈമ-139, ഫുജൈറ-240 എന്നിങ്ങനെയാണ് എമിറേറ്റ് തിരിച്ചുള്ള നിയമലംഘന വിവരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!