KSDLIVENEWS

Real news for everyone

പുലിഭീതി; മുളിയാർ, കാറഡുക്ക പഞ്ചായത്തുകളിൽ വീടിന് പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാർ

SHARE THIS ON

ബോവിക്കാനം: രാവിലെ നടക്കാൻ പോയിരുന്നവർ അതു നിർത്തി. സ്കൂളിലേക്കു നടന്നുപോയിരുന്ന കുട്ടികളുടെ യാത്ര വാഹനത്തിലേക്കു മാറ്റി. അവധി ദിവസങ്ങളിൽ കുട്ടികളെ കളിക്കാൻ വിടാതായി.  തുറന്ന തൊഴുത്തിൽ പശുക്കളെ കെട്ടിയിട്ടിരുന്നവർ കിട്ടിയ വിലയ്ക്കു കൊടുത്ത് ഒഴിവാക്കി…പുലിയിറങ്ങിയതോടെ മുളിയാർ, കാറഡുക്ക പഞ്ചായത്തുകളിലെ ജനങ്ങളുടെ ജീവിതം ഓരോ നിമിഷവും ഭീതിയുടെ നിഴലിലാണ്. പുലിപ്പേടിയിൽ ജനങ്ങളുടെ ജീവിതക്രമം തന്നെ താളം തെറ്റി.

വനാതിർത്തികളിൽ മാത്രമല്ല ടൗണുകളുടെ തൊട്ടടുത്തു പോലും പുലിയെ കാണാൻ തുടങ്ങിയതോടെ ഇനി എന്തു ചെയ്യുമെന്ന ചോദ്യമാണ് ഉയരുന്നത്. പാണൂർ തോട്ടത്തുമൂലയിലും തൈരയിലും വീട്ടുമുറ്റങ്ങളിലെത്തിയാണ് പുലി വളർത്തുനായകളെ പിടിച്ചത്. പേടിയോടെയല്ലാതെ രാത്രി വീട്ടിൽ നിന്നു പുറത്തിറങ്ങാൻ പോലും പറ്റാത്ത രീതിയിലേക്കു കാര്യങ്ങളെത്തിയിട്ടും വനംവകുപ്പും ജനപ്രതിനിധികളും ഗൗരവത്തോടെ കാര്യങ്ങളെ സമീപിക്കുന്നില്ലെന്ന വിമർശനം ഉയർന്നുകഴിഞ്ഞു.

കുട്ടികളെ ഒറ്റയ്ക്കു സ്കൂളിലേക്കു വിടാൻ പോലും വനാതിർത്തി ഗ്രാമങ്ങളിലുള്ളവർക്കു പേടിയാണ്. മുളിയാർ–കാറഡുക്ക പഞ്ചായത്തിലെ ഭൂരിഭാഗം റോഡ‍ുകളും വഴികളും സംരക്ഷിത വനവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതു പേടി വർധിപ്പിക്കുന്നു. വ്യായാമത്തിനു വേണ്ടി രാവിലെ സ്ഥിരമായി നടന്നിരുന്നവർ അതു ഒഴിവാക്കി. ഇങ്ങനെ നടക്കുന്ന വഴികളിൽ പലപ്പോഴായി പുലിയെ കാണുകയും ചെയ്തിരുന്നു. ഓരോ ദിവസവും പുലിയെ കണ്ടതായുള്ള വിവരം പുറത്തു വരുമ്പോൾ ആളുകളിൽ ഭീതിയും വർധിക്കുകയാണ്.4 പുലികളുണ്ടെന്നു വനംവകുപ്പ് സ്ഥിരീകരിക്കുമ്പോൾ അതിനേക്കാൾ കൂടുതൽ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

‌കാറഡുക്ക പഞ്ചായത്തിലെ പതിമൂന്നാം മൈലിലെ കടപ്പ് പാലത്തിലും വണ്ണാച്ചടവ് ഭാഗങ്ങളിലാണ് ഏറ്റവും ഒടുവിൽ പുലിയെ കണ്ടതായി പറയുന്നത്. മുളിയാർ പഞ്ചായത്തിൽ നടന്ന ജനജാഗ്രതാ സമിതിക്കു ശേഷം പുലിയെ ഓടിക്കാൻ വനംവകുപ്പ് പ്രത്യേക ഡ്രൈവ് നടത്തിയെങ്കിലും അതിനു ശേഷവും പുലിയെ കാണുന്നതിനു കുറവില്ല.അതു ഫലം ചെയ്തില്ലെന്നു ഉറപ്പാണ്. അതുകൊണ്ട് കൂടു സ്ഥാപിച്ച് പിടികൂടുകയെന്ന ഒറ്റ ആവശ്യമാണ് ജനങ്ങളുടേത്. 2 മാസം മുൻപു കുണിയേരിയിൽ സ്ഥാപിച്ച കൂട് നോക്കുകുത്തിയായി അവിടെ കിടക്കുകയാണ്.

പിടികൂടാനുള്ള ആത്മാർഥമായ ഒരു നീക്കവും ഉണ്ടാകുന്നില്ല. പുലികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ഒന്നിനെ മാത്രം പിടികൂടിയിട്ടു എന്തു കാര്യമെന്ന സംശയവും ആളുകൾക്കുണ്ട്. 2017 ൽ തന്നെ ദേലംപാടി പഞ്ചായത്തിലെ പാണ്ടിയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കാത്തതാണ് എണ്ണം പെരുകാൻ കാരണമെന്ന വിമർശനവും ഉണ്ട്. കടുവ കണക്കെടുപ്പിന്റെ ഭാഗമായി സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ചിത്രം ലഭിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇരിയണ്ണിയിൽ പുലിയെ കണ്ടതായി കാർ യാത്രക്കാർ പറഞ്ഞിട്ടും കാട്ടു പൂച്ചയാകുമെന്നാണ് വനംവകുപ്പ് പറഞ്ഞത്. അതിനു മുൻപു കാട്ടിലൂടെ പോകുമ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെ പുലിയെ കണ്ടിരുന്നു. എന്നിട്ടും ജനങ്ങളോട് മറച്ചുവച്ചു. ഒടുവിൽ ദേലംപാടി മല്ലംപാറയിൽ പുലി െകണിയിൽ കുടുങ്ങി ചത്തപ്പോഴാണു ഗത്യന്തരമില്ലാതെ വനംവകുപ്പിനു പുലിയുണ്ടെന്ന് അംഗീകരിക്കേണ്ടി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!