KSDLIVENEWS

Real news for everyone

മുസ്‌ലിം ലീഗ് മുഖ്യമന്ത്രിയെ നിശ്ചയിച്ച് നൽകാറില്ല, പിണറായി വാലിന് തീ പിടിച്ച പോലെ ഓടുന്നു: എം.കെ മുനീർ

SHARE THIS ON

കോഴിക്കോട്: മുഖ്യമന്ത്രിയെ മുസ്‌ലിം ലീഗ് നിശ്ചയിച്ച് നല്‍കാറില്ലെന്നും അങ്ങനെയൊരു കീഴ്‌വഴക്കം ലീഗിനില്ലെന്നും എം.കെ. മുനീര്‍ എം.എല്‍.എ. മുഖ്യമന്ത്രി പദവിയേക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇതെന്നും തിരഞ്ഞെടുപ്പിലേക്ക് ഇനി ഒരുവര്‍ഷമുണ്ടെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

ജാമിയ നൂരിയയുടെ പരിപാടിയില്‍ പല നേതാക്കളെയും ക്ഷണിക്കാറുണ്ട്. ആരെയങ്കിലും പുകഴ്ത്തിയതുകൊണ്ട് തീരുമാനത്തിലെത്തിയെന്ന് പറയാനാകില്ല. മുഖ്യമന്ത്രിയെ മുസ്‌ലിം ലീഗ് നിശ്ചയിച്ച് നല്‍കാറില്ല. അങ്ങനെയൊരു കീഴ്‌വഴക്കം ലീഗിനില്ല. മുന്നണി വിപുലീകരണത്തിന് നിലവില്‍ ചര്‍ച്ച നടത്തിയിട്ടില്ല. അത് കൂട്ടായി എടുക്കേണ്ട തീരുമാനമാണ്. ഏതെങ്കിലും പാര്‍ട്ടിയുമായി ചര്‍ച്ച നടത്താന്‍ ചുമതലപ്പെടുത്തിയാല്‍ ലീഗ് അത് നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരുമിച്ച് ചായ കുടിക്കാന്‍ ഇരുന്നാലും നിഗൂഢ ചര്‍ച്ചകള്‍ നടന്നു എന്നാണ് വാര്‍ത്തകള്‍ വരുന്നത്. മുന്നണി വിട്ടുപോയവരെ തിരികെ കൊണ്ടുവരാന്‍ ലീഗിന് ഒറ്റയ്ക്കാകില്ല. അത് മുന്നണി കൂട്ടായി ഇരുന്ന് ആലോചിക്കേണ്ട കാര്യമാണ്.

പൊതുവിഷയങ്ങളില്‍ ജമാഅത്തെ ഇസ്ലാമി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് സാദിഖലി തങ്ങള്‍ പറഞ്ഞത്. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധം ഉണ്ടാക്കിയിരുന്നത് സി.പി.എമ്മാണ്. രാജ്യത്തുള്ളവര്‍ക്കെല്ലാം അല്‍ഷിമേഴ്‌സ് ബാധിച്ചിട്ടില്ല. എല്‍.ഡി.എഫ്. ജമാഅത്തെ ഇസ്ലാമി ബന്ധം ചരിത്രത്തില്‍നിന്ന് മായില്ല. എസ്.ഡി.പി.ഐ.യുമായി ബന്ധം സ്ഥാപിച്ചതും എല്‍.ഡി.എഫ്. ആണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാലിന് തീ പിടിച്ച പോലെ ഓടുകയാണെന്നും എം.കെ. മുനീര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!