KSDLIVENEWS

Real news for everyone

ഗ്യാനേഷ് കുമാർ രണ്ടുകോടി രൂപ കൈക്കൂലി ചോദിച്ചെന്ന വെളിപ്പെടുത്തൽ; പ്രാഥമിക അന്വേഷണത്തിലേക്ക് കടന്ന് വിജിലൻസ്, കരാറുകാരന്റെ മൊഴിയെടുക്കും

SHARE THIS ON

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരേ പ്രാഥമിക അന്വേഷണത്തിലേക്ക് കടന്ന് വിജിലൻസ്. ​കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ കെഎസ്ടിപി പദ്ധതിയിൽ അഴിമതി നടത്തിയെന്നും ജീവനൊടുക്കിയ പ്രോജക്ട് മാനേജർ ലീ സി ബിന്നിൽനിന്ന് കൈക്കൂലി ചോദിച്ചെന്നുമുള്ള വെളിപ്പെടുത്തലിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാ​ഗമായി ​ഗ്യാനേഷ് കുമാറിനെതിരേ വെളിപ്പെടുത്തൽ നടത്തിയ കരാറുകാരനായ സാജനിൽനിന്ന് ചൊവ്വാഴ്ച വിജിലൻസ് സംഘം മൊഴിയെടുക്കും.

​ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെയാണ് ഇന്തോ-മലേഷ്യൻ കൺസോർഷ്യമായ പതി-ബെൽ കെഎസ്ടിപി റോഡ് പദ്ധതിയുടെ കരാർ ഏറ്റെടുത്തത്. സംസ്ഥാനത്തെ പ്രവൃത്തികളുടെ ബില്ലുകൾ മാറിനൽകാത്തതിനാലാണ് പതി-ബെൽ പ്രോജക്ട് മാനേജരായ ലീ സി ബിൻ ജീവനൊടുക്കിയെന്നാണ് ആരോപണം. ഈ സംഭവത്തിലാണ് അന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ​ഗ്യാനേഷ് കുമാറിനെതിരേയും ആരോപണമുയർന്നത്.

ജീവനൊടുക്കിയ ലീയോട് ഗ്യാനേഷ് കുമാർ രണ്ടുകോടി രൂപ കൈക്കൂലി ചോദിച്ചിരുന്നതായി പതിബെൽ കമ്പനിയുടെ ഉപകരാറുകാരനായ സാജൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ലീയുടെ ആത്മഹത്യയ്ക്ക് കാരണക്കാരൻ ഗ്യാനേഷ് കുമാർ ആണെന്നും സാജൻ ഏഷ്യാനെറ്റ് ന്യൂസിലൂടെ വെളിപ്പെടുത്തി. ഗ്യാനേഷ് കുമാർ കെഎസ്ടിപി കരാർ ഏറ്റെടുത്തിരുന്ന പതിബെലിന് ബില്ലുകൾ മാറിനൽകിയില്ല. ബില്ലുകൾ മാറാൻ രണ്ടുകോടി രൂപയാണ് ഗ്യാനേഷ് കുമാർ കൈക്കൂലി ചോദിച്ചത്. ഇക്കാര്യം ലീ തന്നോട് പറഞ്ഞിരുന്നു. സംഭവത്തിൽ വിജിലൻസ് ആദ്യം നടത്തിയ അന്വേഷണം ഗ്യാനേഷിനെ വെള്ളപൂശാനായിരുന്നുവെന്നും സാജൻ ആരോപിച്ചിരുന്നു.

error: Content is protected !!