കോവിഡ് സമ്പര്‍ക്ക കേസില്ലാതെ ഇരുന്നൂറാം ദിനം, റെക്കോര്‍ഡ് നേട്ടവുമായി തായ്‌വാന്‍

തായ്പെയ്: കോവിഡ് പടികടന്നുവെന്ന കരുതിയ പലരാജ്യങ്ങളിലും രോഗത്തിന്റെ രണ്ടാം വരവ് ഏറെ തീവ്രമായിരുന്നു. ഫ്രാൻസ്, ജർമനി, ഇറ്റലി, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ നിലവിൽ പഴയതിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു, രാജ്യങ്ങൾ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകാനൊരുങ്ങുകയാണ്. അതേസമയം അഭിമാനാർഹമായ മറ്റൊരു നേട്ടം കുറിച്ചിരിക്കുകയാണ് തായ്വാൻ. പ്രാദേശിക സമ്പർക്ക കേസുകളില്ലാത്ത ഇരുന്നൂറാം ദിനം എന്ന റെക്കോർഡ് ആണ് തായ്വാൻ കൈവരിച്ചത്. 553 കോവിഡ് കേസുകൾ മാത്രമാണ് തായ്വാനിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. ആകെ മരണം ഏഴ്. ഏപ്രിൽ 12നാണ് തായ്വാനിൽ അവസാനമായി സമ്പർക്കവ്യാപന കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. മഹാമാരിയെ എങ്ങനെയാണ് തായ്വാൻ അതിർത്തിക്കപ്പുറം കടത്തിയതെന്ന് പരിശോധിച്ചാൽ പഴുതടച്ച രോഗപ്രതിരോധപ്രവർത്തനങ്ങളും ജനങ്ങളുടെ സുരക്ഷാമുൻകരുതലുകളും നിയമംലംഘിക്കുന്നവർക്കുള്ള കർശനശിക്ഷയുമാണ് കാരണങ്ങളായി വ്യക്തമാവുന്നത്.
മഹാമാരി പൊട്ടിപ്പുറപ്പെട്ട് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ തായ്വാൻ അതിർത്തിയിൽ നിയന്ത്രണം ഏർപ്പെടുത്തി. സ്വദേശികളല്ലാത്തവർക്ക് രാജ്യത്തിനകത്തേക്ക് പ്രവേശനം നിഷേധിച്ചു.
സമ്പർക്ക വ്യാപനക്കേസുകളില്ലെങ്കിലും വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന ചുരുക്കം ചിലർക്ക് രോഗം സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിൽ ഇവർക്ക് നിരീക്ഷണം ശക്തമാക്കി. ക്വാറന്റീൻ ചെയ്തു. സമ്പർക്കമുള്ളവരെ നിരീക്ഷണത്തിലാക്കി. ക്വാറന്റീൻ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഡിജിറ്റൽ ഫെൻസിങ് സംവിധാനവും നടപ്പിലാക്കി. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കമുണ്ടായ എല്ലാവരേയും നിരീക്ഷണത്തിലാക്കി. നിരീക്ഷണത്തിലുള്ളവർക്ക് ആവശ്യവസ്തുക്കൾ എത്തിക്കാൻ പ്രത്യേക ഡിജിറ്റൽ-നോൺ ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്തി.
മാസ്കിന്റെ പ്രതിദിന ആഭ്യന്തര ഉത്പാദനം പത്ത് മടങ്ങോളം വർധിപ്പിച്ചു. രാജ്യത്തെമ്പാടും മാസ്ക് വിതരണം ഉറപ്പിച്ചു. റേഷൻ അടിസ്ഥാനത്തിൽ എല്ലാവർക്കും മാസ്ക് വിതരണം ചെയ്തു. മാസ്കിന്റെ കയറ്റുമതി വിലക്കി. നിയമം ലംഘിക്കുന്നവർക്ക് ഉയർന്നപിഴയും ഈടാക്കി.
പകർച്ചവ്യാധികളുടെ വ്യാപനത്തെ നേരിടാൻ തായ്വാൻ നേരത്തെ സ്വീകരിച്ചിരുന്ന പ്രതിരോധരീതിയും അനുഭവവും കോവിഡിനെ നേരിടാനും ഫലം ചെയ്തു. 2003ലെ സാർസ് വ്യാപനത്തിൽ 73 പേരാണ് തായ്വാനിൽ മരണപ്പെട്ടത്. സാർസ്, എച്ച്1എൻ1. പക്ഷിപ്പനി തുടങ്ങിയവയെ നേരിട്ട അനുഭവപാഠങ്ങൾ ജനങ്ങളിൽ സുരക്ഷാമുൻകരുലുകൾ ശീലമാക്കാൻ പ്രാപ്തരാക്കിയിരുന്നു. തായ്വാന്റെ നേട്ടത്തെ ലോക രാജ്യങ്ങളിൽ നിന്നുള്ള പലരും പ്രശംസിച്ചിട്ടുണ്ട്. തായ്വാൻ ശാസ്ത്രത്തിൽ വിശ്വസിക്കുന്നുവെന്നാണ് യുഎസ് സെനറ്റർ ബെർണീ സാൻഡേർസ് പറഞ്ഞത്. തായ്വാൻ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫലം ഉണ്ടാക്കിയിരിക്കുന്നു. ഓസ്ട്രേലിയയോളം ജനസംഖ്യയുള്ള രാജ്യത്തിന്റെ ഈ നേട്ടം വളരെ വലുതാണെന്ന് ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗം പ്രൊഫസർ പീറ്റർ കോളിങ്നൺ അഭിപ്രായപ്പെട്ടു.

