വന്യമൃഗ ശല്യം വർധിക്കുന്നതിനിടയിൽ വീട്ടിനുള്ളിൽ രാജവെമ്പാല; വേനൽച്ചൂടേറിയതോടെ വിഷപ്പാമ്പുകൾ കാടിറങ്ങുന്നു

ചിറ്റാരിക്കാൽ: വേനൽ കടുത്തതോടെ ഉഗ്രവിഷമുള്ള പാമ്പുകൾ കാടിറങ്ങിത്തുടങ്ങി. മലയോര ഗ്രാമങ്ങളിൽ പലയിടത്തും കൃഷിയിടങ്ങളിൽ വന്യമൃഗശല്യം വർധിച്ചുവരുന്നതിനിടിലാണ് വീട്ടകങ്ങളിലേക്കുപോലും വിഷപ്പാമ്പുകളും എത്തിത്തുടങ്ങിയത്. കഴിഞ്ഞയാഴ്ച തയ്യേനി മീനംചേരിയിലെ വീട്ടുവളപ്പിൽ തൊഴിലെടുക്കുകയായിരുന്ന പാപ്പിനിവീട്ടിൽ അമ്മിണി പാമ്പുകടിയേറ്റ് മരിച്ചിരുന്നു. ജനവാസ കേന്ദ്രമായ നല്ലോംപുഴ കെഎസ്ഇബി സെക്‌ഷൻ ഓഫിസിനു സമീപത്തെ കൃഷിയിടത്തിൽവച്ച് 4 മീറ്ററോളം നീളമുള്ള രാജവെമ്പാലയെ നാട്ടുകാർ ഏതാനും ദിവസം മുൻപാണ് കണ്ടെത്തിയത്. ഇതിനെ പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സർപ്പ റസ്ക്യൂ ടീമിന്റെയും നേതൃത്വത്തിൽ പിടികൂടി ഉൾവനത്തിൽ കൊണ്ടുവിട്ടിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് തയ്യേനി അത്തിയടുക്കത്തെ വീട്ടിനുള്ളിലാണ് രാജവെമ്പാല കയറിയത്. ആ സമയം വീട്ടുകാർ പാമ്പിനെ കണ്ടതുകൊണ്ടുമാത്രമാണ് വൻഅപകടം വഴിമാറിയത്. വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ജീവനക്കാർ പാമ്പിനെ പിടികൂടി കാട്ടിൽ വിട്ടയയ്ക്കുകയായിരുന്നു. ചൂട് കൂടുമ്പോൾ ഈർപ്പമുള്ള സ്ഥലങ്ങൾ തേടി പാമ്പുകൾ പോവുന്നത് പതിവാണ്. സാധാരണ 28 ഡിഗ്രി സെൽഷ്യസ് താപനിലയിൽ പാമ്പുകൾക്ക് കഴിയാനാകും.
താപനില കൂടുമ്പോൾ ശരീര താപനില നിയന്ത്രിക്കാൻ വേണ്ടിയാണ് അവ തണുപ്പുള്ള സ്ഥലങ്ങൾ തേടി പോകുന്നത്. വേനൽക്കാലത്ത് ജലസേചനം നടത്തുന്ന കൃഷിയിടങ്ങളിലാണ് പാമ്പുകൾ കൂടുതലായും കാണപ്പെടുന്നത്.അതേസമയം ആവാസ വ്യവസ്ഥയുടെ തകർച്ച പാമ്പുകൾക്കും തിരിച്ചടിയായി. ജലാശയങ്ങളും കാടുകളുമെല്ലാം ഇല്ലാതാവുന്നത് പാമ്പുകളുടെ ആവാസ വ്യവസ്ഥ നഷ്ടപ്പെടാനിടയാക്കുന്നു. വീടിനു സമീപത്തെ ജലസംഭരണികൾ, ശുചിമുറികൾ, ഗോവണിപ്പടികൾ എന്നിങ്ങനെയുള്ള തണുത്ത ഒളിത്താവളങ്ങൾ തേടിയാണ് പാമ്പുകൾ വീടുകളിലേക്ക് പ്രവേശിക്കുന്നത്.
ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
∙ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, കാട് പിടിച്ചു കിടക്കുന്ന പറമ്പുകളിൽ പാമ്പിന്റെ സാന്നിധ്യം ഉണ്ടാവും.
∙ വീടുകളിൽ പറമ്പിനോടു ചേർന്ന ജനാലകൾ തുറന്നിടുന്നത് ഒഴിവാക്കുക. അടുത്തുള്ള മരങ്ങളിലൂടെ പാമ്പുകൾ എളുപ്പത്തിൽ വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത് തടയാൻ ഇതിലൂടെ കഴിയും.
∙ വീടിനോട് ചേർന്ന് വിറകുകൾ അടുക്കി വെക്കരുത്.
∙ ചിരട്ടകൾ, ചകിരി, ഓടിൻ കഷ്ണങ്ങൾ തുടങ്ങിയവ അലക്ഷ്യമായി കൂട്ടിയിടുന്നത് ഒഴിവാക്കുക.
∙ജനാലയോട് ചേർന്ന് വാഹനങ്ങൾ നിർത്തിയിടാതിരിക്കുക.
• വീടിന്റെ തറയോട് ചേർന്ന് ചെടിച്ചട്ടികൾ വയ്ക്കരുത്. ചെടികൾക്ക് വെള്ളമൊഴിക്കുന്നതിനാൽ തണുപ്പിനായി അവ ചെടിച്ചട്ടികൾക്കിടയിൽ പതുങ്ങി ഇരിക്കാൻ സാധ്യതയുണ്ട്.
∙ വീടിനുപുറത്ത് അഴിച്ചുവയ്ക്കുന്ന ഷൂസുകൾ ഉൾപ്പെടെയുള്ള പാദരക്ഷകൾ ധരിക്കുന്നതിനു മുൻപ് അവ കുടഞ്ഞു നോക്കണം. ഇവയിൽ പാമ്പുകൾ കയറിക്കൂടാൻ സാധ്യതയുണ്ട്.
∙ വീട്ടിന്റെ ചുമരിലേക്ക് പടരുന്ന ചെടികളും വീടിനോട് ചേർന്നു നിൽക്കുന്ന മരക്കൊമ്പുകളും വെട്ടിക്കളയണം.

