തുര്‍ക്കി ഭൂചലനം: മരണം നാലായി , 120ല്‍ അധികം പേര്‍ക്ക് പരിക്ക്; സുനാമി മുന്നറിയിപ്പ്

അങ്കാറ: തുർക്കിയിലെ ഈജിയൻ തീരമേഖലയിൽ കനത്ത ഭൂകമ്പം. 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നാല് പേർ മരിക്കുകയും 120ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈജിയൻ കടലിലാണ് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം. ഭൂകമ്പത്തെ തുടർന്ന് സുനാമി രൂപപ്പെട്ടതായും തുർക്കിയുടെ തീരദേശ നഗരങ്ങളിൽ വലിയതോതിൽ വെള്ളം കയറിയതായും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിന്റെ നിരവധി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഗ്രീസിലും സമാനമായ തോതിൽ ഭൂകമ്പം ഉണ്ടായതായാണ് റിപ്പോർട്ട്. ഈജിയൻ കടലിലെ ദ്വീപായ സാമൊസ് അടക്കം ചിലയിടങ്ങളിൽ സുനാമി മുന്നറിയിപ്പുണ്ട് . തീരദേശ നഗരമായ ഇസ്മിറിൽ നിരവധി കെട്ടടങ്ങൾ തകർന്നിട്ടുണ്ട്. നിരവധി പേർ കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സമീപ നഗരങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടതായും കെട്ടിടങ്ങൾ തകർന്നതായും റിപ്പോർട്ട് . ഏകദേശം 165 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ ഭൂകമ്പം അനുഭവപ്പെട്ടു. ഭൂകമ്പത്തെ തുടർന്ന കടൽ വലിയതോതിൽ പ്രക്ഷുബ്ധമായതായും തീരമേഖലയിൽ കടലാക്രമണം ഉണ്ടായതായും സൂചനയുണ്ട്. കടൽ ജലം കയറി ഇസ്മിർ നഗരത്തിലെ റോഡുകൾ അടക്കം വലിയതോതിൽ വെള്ളത്തിനടിയിലായതായും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

