പലസ്തീനികളെ അവരുടെ മണ്ണില്‍ നിന്ന് മാറ്റുന്ന ഒരു നടപടിയും അംഗീകരിക്കില്ല: ട്രംപിന്‍റെ ഗാസ പദ്ധതിക്കെതിരെ സൗദി

റിയാദ്: പലസ്തീനികളെ അവരുടെ മണ്ണില്‍ നിന്ന് സ്ഥലംമാറ്റുന്ന യാതൊരു നടപടിയും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി സൗദി അറേബ്യ.
സൗദി വിദേശകാര്യ മന്ത്രാലയമാണ് നിലപാട് വ്യക്തമാക്കിയത്. ഗാസയില്‍ നിന്ന് പലസ്തീനികളെ മാറ്റണമെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രതികരണം.
സ്വതന്ത്ര പലസ്തീൻ എന്നതാണ് സൗദി നേരത്തെ വ്യക്തമാക്കിയിട്ടുള്ള നിലപാടെന്നും പലസ്തീനികളുടെ ഭൂമി കൈയേറാനുള്ള ഇസ്രയേല്‍ നടപടികളെ അംഗീകരിക്കില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. പലസ്തീനികളുടെ അവകാശങ്ങള്‍ പൂർണമായി സംരക്ഷിച്ച് മാത്രമേ ശാശ്വത സമാധാനം സാധ്യമാകൂ. ഇക്കാര്യം മുൻപും ഇപ്പോഴുമുള്ള അമേരിക്കൻ സർക്കാരുകള്‍ക്ക് അറിയാവുന്നതാണെന്നും പ്രസ്താവനയില്‍ പറയുന്നു.
യുദ്ധത്തില്‍ തകർന്ന ഗാസ മുനമ്ബ് അമേരിക്ക ഏറ്റെടുക്കുമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇസ്രയേല്‍ – ഹമാസ് സംഘർഷം ഗാസയെ വാസയോഗ്യമല്ലാതാക്കിയെന്നും, മേഖലയില്‍ നിന്ന് പലസ്തീൻ ജനത ഒഴിഞ്ഞ് പോകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. വൈറ്റ് ഹൗസില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗാസയെ പുനർനിർമ്മിച്ച് മനോഹരമാക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്നാണ് ട്രംപ് പറഞ്ഞത്. ഈജിപ്ത്, ജോർഡൻ തുടങ്ങിയ അറബ് രാജ്യങ്ങള്‍ പലസ്തീൻകാരെ സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അടുത്താഴ്ച ജോർദാൻ രാജാവ് വൈറ്റ് ഹൗസില്‍ എത്താനിരിക്കെയാണ് ട്രംപിന്റെ നിർദേശം.
അതേസമയം ഗാസ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രസ്താവനക്കെതിരെ ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറെസും രംഗത്ത്. അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങള്‍ എല്ലാ രാജ്യങ്ങളും പാലിക്കണമെന്നാണ് യു എൻ സെക്രട്ടറി ജനറല്‍ പറഞ്ഞത്. വംശീയ ഉന്മൂലനം നിർബന്ധമായും ഒഴിവാക്കണമെന്നും ഗുട്ടറെസ് ആവശ്യപ്പെട്ടു. ശാശ്വതമായ വെടിനിർത്തലാണ് ഇപ്പോള്‍ ആവശ്യമെന്നും പരിഹാരങ്ങള്‍ക്ക് ശ്രമിക്കുമ്ബോള്‍ സ്ഥിതി വഷളാക്കരുതെന്നും ഗുട്ടറെസ് അഭിപ്രായപ്പെട്ടു. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിന് ഗാസ അനിവാര്യമാണെന്നും ന്യൂയോർക്കിലെ യു എൻ യോഗത്തില്‍ ഗുട്ടറെസ് അഭിപ്രായപ്പെട്ടു.

