ഭൂചലനത്തില്‍ മരണം 22 ആയി; തുര്‍ക്കിയിലും ഗ്രീസിലും വന്‍ നാശം, സുനാമി തിരമാലകള്‍

ഇസ്താംബുൾ: തകർന്നു വീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ ജീവനുകൾ തിരഞ്ഞ് കുന്നുകൂടിയ കോൺക്രീറ്റ് കട്ടകൾ നീക്കുകയാണ് രക്ഷാപ്രവർത്തകർ. വെള്ളിയാഴ്ചയുണ്ടായ ശക്തിയേറിയ ഭൂചലനത്തിൽ തുർക്കിയിലും ഗ്രീസിലുമായി മരിച്ചവരുടെ എണ്ണം 22 ആയി. ഈജിയൻ കടലാണ് ഭൂചലനത്തിന്റെ പ്രഭവസ്ഥാനം. റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ചെറിയ തോതിൽ സുനാമി സാഹചര്യം സൃഷ്ടിച്ചു. നദികളിലെ ജലനിരപ്പുയർന്നതിനെ തുടർന്ന് നദികൾ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടായി. ഭൂചലനത്തിന്റെ പ്രകമ്പനം സാമോസിലെ കർലോവാസിയിൽ നിന്ന് ഏകദേശം 14 കിലോമീറ്ററോളം വ്യാപിച്ചു. ഇസ്താംബുളിലും ഏതൻസിലും അലകളുണ്ടാക്കിയ ഭൂചലനം രണ്ട് ബദ്ധവൈരികൾ തമ്മിലുള്ള അപൂർവ ഫോൺ സംഭാഷണത്തിന് അവസരമൊരുക്കി. ഗ്രീക്ക് പ്രധാനമന്ത്രി കൈറിയകോസ് മിറ്റ്സോടാക്കിസ് തുർക്കി പ്രസിഡന്റ് റിസപ് തയ്യിപ്പ് എർഡോഗനുമായി നടത്തിയ സംഭാഷണത്തിൽ ദുരന്തത്തിൽ അനുശോചനമറിയിക്കുകയും എല്ലാവിധ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു

