KSDLIVENEWS

Real news for everyone

ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ള: 12 ലക്ഷവും പ്രതി ഉപയോ​ഗിച്ച വസ്ത്രവും കത്തിയും വീട്ടിനുള്ളിൽ നിന്ന്‌ കണ്ടെടുത്തു

SHARE THIS ON

ചാലക്കുടി: പോട്ട ഫെഡറൽ ബാങ്കിൽ നിന്ന് 15 ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തിൽ പിടിയിലായ റിജോയുടെ വീട്ടിൽ പോലീസിന്റെ തെളിവെടുപ്പ്. ബാങ്കിൽനിന്ന് മോഷ്ടിച്ച 15 ലക്ഷം രൂപയിൽനിന്ന് 12 ലക്ഷം രൂപ ഇയാളുടെ വീട്ടിൽനിന്ന് കണ്ടെടുത്തു. ബാക്കി തുകയിൽനിന്ന് 2,90,000 രൂപ വായ്പ വാങ്ങിയ അന്നനാട് സ്വദേശിക്ക് ഇയാൾ തിരികെ നൽകിയിരുന്നു.

എന്നാൽ, റിജോയെ അറസ്റ്റുചെയ്ത സമയത്തുതന്നെ അന്നനാട് സ്വദേശിയായ വ്യക്തി ഈ പണം ചാലക്കുടി ഡിവൈ.എസ്.പി ഓഫീസിൽ എത്തി കൈമാറി. കൊള്ളയടിച്ച പണം ഉപയോഗിച്ച് മദ്യം ഉൾപ്പടെ റിജോ വാങ്ങിയെന്നാണ് പോലീസ് പറയുന്നത്. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി ബന്ദിയാക്കാൻ ഉപയോഗിച്ച കത്തിയും മോഷണ സമയത്ത് റിജോ ധരിച്ചിരുന്ന വസ്ത്രവും ഇയാളുടെ വീട്ടിൽനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

തിങ്കളാഴ്ച പുലർച്ചയോടെയാണ് അന്വേഷണസംഘം പ്രതിയുടെ വീട്ടിലെത്തിയത്. റിജോയെ സംഭവം നടന്ന ബാങ്കിലെത്തിച്ചും തെളിവെടുപ്പ് നടത്തും. ഇതിനുശേഷം പ്രതിയെ തിങ്കളാഴ്ച ഉച്ചയോടെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.

ചാലക്കുടിക്കടുത്ത് പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു കവർച്ച. കറുത്ത ഹെൽമെറ്റും ജാക്കറ്റും കൈയുറകളും ധരിച്ചായിരുന്നു മോഷണം. പോട്ട ചെറുപുഷ്പം പള്ളിയുടെ നേരേ എതിർവശത്ത് പഴയ ദേശീയപാതയിലാണ് ബാങ്ക്. പുതിയ ദേശീയപാതയിൽനിന്ന് 150 മീറ്റർ ദൂരെ. നട്ടുച്ചയായതിനാൽ ഏറക്കുറേ വിജനമായിരുന്നു പാത.

രണ്ടു മുതൽ രണ്ടര വരെയാണ് ബാങ്കിന്റെ ഉച്ചഭക്ഷണ ഇടവേള. കൃത്യം 2.12-നാണ് മോഷ്ടാവ് ബാങ്കിനുള്ളിൽ പ്രവേശിച്ചത്. ബാങ്കിനുമുന്നിൽ നിർത്തിയിട്ട കാറിനു പിന്നിലായി സ്കൂട്ടർ നിർത്തിയാണ് ഇയാൾ ഉള്ളിലേക്കു കയറിയത്. ഏഴ് ജീവനക്കാരുള്ള ബാങ്കിൽ സുരക്ഷാ ജീവനക്കാരില്ലായിരുന്നു. ഒരാൾ ഭക്ഷണം കഴിക്കാൻ പുറത്തുപോയിരുന്നു. മറ്റ് നാലുപേർ മുറിയിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു.

മാനേജരും മറ്റൊരു ജീവനക്കാരനുമാണ് പ്രധാന ഹാളിലുണ്ടായിരുന്നത്. ഇരുവരെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി ഡൈനിങ് മുറിയിലാക്കി. ഈ മുറി പുറമേനിന്ന് കുറ്റിയിട്ട ശേഷം കാഷ് കൗണ്ടറിന്റെ ചില്ല് തകർത്താണ് പണം കൈക്കലാക്കിയത്. 47 ലക്ഷം രൂപയാണ് കൗണ്ടറിൽ അടുക്കുകളാക്കി വെച്ചിരുന്നത്. ഇതിൽനിന്ന് നടുക്കായി ക്രമീകരിച്ച അഞ്ചുലക്ഷം വീതമുള്ള മൂന്ന് കെട്ടുകൾ കൈക്കലാക്കി പുറത്തേക്കുപോയി.

പോട്ട സിഗ്നലിന്റെ ഭാഗത്തേക്കാണ് മോഷ്ടാവ് പോയതെങ്കിലും നേരേ ദേശീയപാതയിലേക്ക് കയറിയതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാൻ പുറത്തുപോയ ജീവനക്കാരനെ ഫോണിൽ വിളിച്ചുവരുത്തിയാണ് ഡൈനിങ് മുറി തുറപ്പിച്ചത്. ചാലക്കുടി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ പ്രതിക്കുവേണ്ടി ഊർജിതമായ രീതിയിലാണ് അന്വേഷണം നടന്നത്. എല്ലാ ടോൾ പ്ലാസകളിലും അയൽജില്ലകളിലും പോലീസ് ജാഗ്രതാനിർദേശം നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!