KSDLIVENEWS

Real news for everyone

വിഴിഞ്ഞത്തേക്ക്‌ വമ്പൻ കപ്പലുകൾ: അഞ്ചുമാസത്തിൽ എത്തിയത് 170 കപ്പലുകൾ, 3.40 ലക്ഷം കണ്ടെയ്‌നറുകൾ

SHARE THIS ON

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം വാണിജ്യ പ്രവർത്തനം ആരംഭിച്ച് രണ്ടുമാസം പിന്നിടുമ്പോൾ, ലോകത്തെ വമ്പൻ മദർഷിപ്പുകൾക്ക് പ്രിയപ്പെട്ട ഇടമായി മാറുന്നു. മുൻനിര കപ്പൽ കമ്പനികളുടെ വമ്പൻ കപ്പലുകളാണ് അടുത്ത മൂന്നുമാസങ്ങളിൽ വിഴിഞ്ഞത്തേക്ക്‌ എത്തുന്നത്.

മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെയും (എം.എസ്.സി.) മെസ്‌കിന്റെയും വലിയ കപ്പലുകൾ എത്തുമെന്നാണ് വ്യക്തമാവുന്നത്. 20000-ലധികം ടി.ഇ.യു. ശേഷിയുള്ള 400 മീറ്ററിലധികം നീളമുള്ള എം.എസ്.സി.യുടെ 23 കപ്പലുകളാണ് ഈ കാലയളവിൽ വിഴിഞ്ഞത്തേക്ക്‌ ചാർട്ട് ചെയ്തിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം.എസ്.സി. ഐറിന ഉൾപ്പെടുന്ന എം.എസ്.സി.യുടെ ജേഡ് സർവീസിൽ വിഴിഞ്ഞത്തെ ഉൾപ്പെടുത്തിയതോടെയാണ് ഇതിന് സാഹചര്യമൊരുങ്ങിയത്.

കഴിഞ്ഞമാസം നടന്ന കോൺക്ലേവിൽ വിഴിഞ്ഞത്തെ പ്രധാനപ്പെട്ട തുറമുഖമായി കമ്പനി കണക്കാക്കുന്നതായി എം.എസ്.സി. പ്രതിനിധികൾ അറിയിച്ചിരുന്നു. ട്രയൽ റൺ ഉൾപ്പെടെ അഞ്ചുമാസത്തിനിടെ വിഴിഞ്ഞത്ത് 170 കപ്പലുകളാണ് വന്നുപോയത്. ലോകത്തെ തന്നെ വലിയ കപ്പലുകളായ എം.എസ്.സി.യുടെ കെയ്‌ല, ക്ലൗഡ് ജിറാർഡെറ്റ് എന്നിവയും ഉൾപ്പെടുന്നു. ഇത്രയും കപ്പലുകളിലായി 3.70 ലക്ഷം ടി.ഇ.യു. (20 അടിയുള്ള കണ്ടെയ്‌നർ) ചരക്ക് വിഴിഞ്ഞത്തെത്തി. ഇത് ലോകത്തെ തന്നെ ഏത് പുത്തൻ തുറമുഖത്തേയും വെല്ലുന്നതാണ്. കൂടാതെ ജനുവരിയിൽ ചരക്കുനീക്കത്തിൽ വിഴിഞ്ഞം തുറമുഖം ദക്ഷിണേന്ത്യയിൽ രണ്ടാം സ്ഥാനത്തെത്തി. ചെന്നൈ മാത്രമാണ് ദക്ഷിണേന്ത്യയിൽ ഇക്കാര്യത്തിൽ മുന്നിലുള്ളൂ.

ലോകത്തെ വലിയ തുറമുഖങ്ങളിൽ മാത്രം അടുക്കുന്ന 24000-ലധികം ടി.ഇ.യു. ശേഷിയുള്ള മദർഷിപ്പുകളായ എം.എസ്.സി. തുർക്കിയെ ഏപ്രിൽ ഒന്നിനും മൈക്കിൾ കാപ്പലിനി മേയ് അഞ്ചിനും ഐറിനാ 24-നും മരില്ലൊ 26-നും വിഴിഞ്ഞത്ത് എത്തും.

ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലുകളുടെ നിരയിൽപ്പെടുന്നതാണ് ഇവയെല്ലാം. 24000 ടി.ഇ.യു. ശേഷിയുള്ള എം.എസ്.സി.യുടെ മെറ്റ ഏപ്രിൽ അഞ്ചിനും ടെസ്സ ഏഴിനും ഗെമ്മ 19-നും സെലസ്റ്റീനോ മരേസ 26-നും എത്തും. ക്ലൗഡ് ജിറാർഡെറ്റ് മേയ് 12-നും ചൈന 19-നും നിക്കോളാ മാസ്‌ട്രോ ജൂൺ രണ്ടിനും എത്തുമെന്നാണ് കമ്പനി വെബ്‌സൈറ്റിലൂടെ അറിയിച്ചിരിക്കുന്നത്. നാലു ഫുട്‌ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള കപ്പലുകളാണിവയൊക്കെ. സാധാരണ ചെറിയ കപ്പലുകൾ വന്നടുക്കുന്നതുപോലെ മദർഷിപ്പുകൾക്ക് ആയാസം കൂടാതെ എത്താൻ കഴിയുമെന്നതാണ് വിഴിഞ്ഞത്തെ വമ്പൻ കമ്പനികളുടെ ഇഷ്ടയിടമാകാൻ കാരണം.

ഡ്രാഫ്ട് (ആഴം) കൂടിയ മദർഷിപ്പുകളുടെ വരവും പോക്കും കൂടുതൽ എളുപ്പവുമാണ്. സ്വാഭാവിക ആഴം 20 മീറ്റർ ആയതിനാൽ മദർഷിപ്പുകൾക്ക് എളുപ്പത്തിൽ വന്ന് മടങ്ങിപ്പോകാമെന്നതും ഓട്ടോമാറ്റഡ് ക്രെയിൻ സംവിധാനമായതിനാൽ കയറ്റിറക്കുമതിയിൽ വലിയ തോതിൽ സമയലാഭമുണ്ടാകുന്നതും കപ്പൽ കമ്പനികൾക്ക് ഗുണകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!