ഇൻവെസ്റ്റ് കേരള സമ്മിറ്റ്: പ്രതിപക്ഷം സഹകരിക്കും, സതീശനും കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും

കൊച്ചി: സംസ്ഥാന സർക്കാർ നടത്തുന്ന ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രതിപക്ഷ ഉപനേതാവ്
പി.കെ.കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും.സംസ്ഥാനത്ത് വ്യവസായ പുരോഗതിയെന്ന് പുകഴ്ത്തിയുള്ള ശശി തരൂരിന്റെ ലേഖനം ഉണ്ടാക്കിയ വിവാദങ്ങൾ കെട്ടടങ്ങും മുൻപാണ് പ്രതിപക്ഷത്തിന്റെ പുതിയ തീരുമാനമെന്നതും ശ്രദ്ധേയമാണ്.
ന്യൂതന സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് പുതിയ വ്യവസായങ്ങളെ കേരളത്തിലേക്ക് കൊണ്ടുവരിക എന്നതാണ് കൊച്ചിയിൽ നടക്കുന്ന സമ്മിറ്റിന്റെ ലക്ഷ്യം. എന്നാൽ തരൂരുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടെ, സമ്മിറ്റിൽ പ്രതിപക്ഷം പങ്കെടുക്കുമോ എന്നത് പ്രധാന ചോദ്യമായിരുന്നു. സതീശനും കുഞ്ഞാലിക്കുട്ടിക്കും സർക്കാരിന്റെ ഔദ്യോഗിക ക്ഷണവും ഉണ്ടായിരുന്നു. സർക്കാരിന്റെ വികസന കാഴ്ചപ്പാടുകൾക്കൊപ്പം തന്നെ മുന്നോട്ടു പോകണമെന്ന നിലപാടാണ് യു.ഡി.എഫ് യോഗത്തിൽ ഉണ്ടായത്. ഇതാണ് സമ്മിറ്റിൽ പങ്കെടുക്കണമെന്നുള്ള തീരുമാനത്തിലേക്ക് പ്രതിപക്ഷത്തെ എത്തിച്ചത്.

