KSDLIVENEWS

Real news for everyone

അരമണിക്കൂറിൽ 2 കൊലപാതകം, തുടർന്ന് മദ്യപാനവും; നാലുദിവസം ആശുപത്രിയിൽ തുടരും, കുറ്റബോധമില്ലാതെ ഉറക്കം

SHARE THIS ON

വെഞ്ഞാറമൂട്: പേരുമലയിലെ വീട്ടില്‍ രണ്ടുപേരെ അഫാന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ വെഞ്ഞാറമൂട് പ്രദേശത്തെ വിവിധ ഭാഗങ്ങളിലെ നിരീക്ഷണ ക്യാമറാദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. മൂന്ന് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും മാതാവിനെ മാരകമായി ആക്രമിക്കുകയും ചെയ്തശേഷം മൂന്ന് മണിയോടെയാണ് വെഞ്ഞാറമൂട് ജങ്ഷനു സമീപത്തെ ബാറിലെത്തി മദ്യപിക്കുകയും ഒരു കുപ്പി വാങ്ങി പുറത്തു പോകുകയും ചെയ്തത്. 3.32ഓടെയാണ് പെണ്‍സുഹൃത്ത് മുക്കുന്നൂര്‍ പെട്രോള്‍ പമ്പിനു സമീപത്തുകൂടി കാവറ ഭാഗത്തേക്ക് ഒറ്റയ്ക്കു നടന്നുവരുന്ന ദൃശ്യങ്ങളിലുള്ളത്.

3.40ഓടെ അഫാന്‍ ഈ റോഡ് വഴി വരുന്നതും പെണ്‍കുട്ടിയെ കയറ്റിക്കൊണ്ടു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. 10 മിനിറ്റിനുള്ളില്‍ പെണ്‍കുട്ടിയെ വീട്ടില്‍ എത്തിച്ചശേഷം മുകളിലത്തെ മുറിയില്‍ വിശ്രമിക്കാന്‍ പറഞ്ഞു. 3.50ഓടെ അനിയന്‍ അഫ്‌സാന്‍ വീട്ടില്‍ എത്തി. അനിയനെ ഓട്ടോയില്‍ കുഴിമന്തിക്കടയില്‍ എത്തിക്കാന്‍ ഡ്രൈവറോടു പറഞ്ഞു. അനുജന്‍ കുഴിമന്തിക്കടയില്‍ എത്തിയ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. ആ സമയം അഫാന്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയിട്ടുണ്ടാകാമെന്നാണ് നിഗമനം. അഫ്‌സാന്‍ 4.17ഓടെ കടയുടെ മുന്നില്‍ നില്‍ക്കുന്നതും കാണാം. 4.35ഓടെ വീട്ടില്‍ എത്തിച്ചിട്ടാകാം അഫ്‌സാനെയും അഫാന്‍ കൊലപ്പെടുത്തിയതെന്നാണ് ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നല്‍കുന്ന വിവരം.

ആദ്യം മാതാവിനെ, അവസാനം അനുജനെ

ആദ്യം കൊലപ്പെടുത്താന്‍ ശ്രമിച്ചത് മാതാവ് ഷെമിയെയാണെന്ന് അഫാന്‍. തിങ്കളാഴ്ച രാവിലെ 11ഓടെ കഴുത്തില്‍ ഷാള്‍ ചുറ്റി ശ്വാസംമുട്ടിച്ച് ഷെമിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. മരിച്ചെന്നുകരുതി മുറി പൂട്ടിയശേഷമാണ് ബാക്കി കൊലപാതകങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തിയത്.

വെഞ്ഞാറമൂട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തി. പണയത്തിനു സ്വര്‍ണം കൊണ്ടുവരാമെന്നു പറഞ്ഞ് 1400 രൂപ കടം വാങ്ങി. തുടര്‍ന്ന് ബാഗ്, ചുറ്റിക, എലിവിഷം എന്നിവ മൂന്നുകടകളില്‍നിന്നു വാങ്ങി. ഇത് പോലീസ് പരിശോധിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്.

തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മാതാവ് മരിച്ചിട്ടില്ലെന്നു കണ്ടത്. തുടര്‍ന്ന് ചുറ്റിക ഉപയോഗിച്ച് മുഖത്തും തലയിലും അടിച്ചുവീഴ്ത്തി. തുടര്‍ന്നാണ് പാങ്ങോട്ടുള്ള മുത്തശ്ശി സല്‍മാ ബീവിയുടെ വീട്ടിലെത്തിയത്. അവരെ തലയ്ക്കടിച്ചുവീഴ്ത്തി മാല പൊട്ടിച്ചെടുത്തു. തിരിച്ച് വെഞ്ഞാറമൂട്ടിലെ പണമിടപാട് സ്ഥാപനത്തിലെത്തി 74,000 രൂപയ്ക്ക് പണയം െവച്ചു. ഇതില്‍നിന്ന് 40,000 രൂപ കടം വാങ്ങിയ ആള്‍ക്ക് അയച്ചു.

ഇതിനുശേഷമാണ് പിതൃസഹോദരന്‍ ലത്തീഫിന്റെ വീട്ടിലെത്തി ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊലപ്പെടുത്തിയത്. തുടര്‍ന്ന് വെഞ്ഞാറമൂട്ടിലെ ബാറിലെത്തി മദ്യപിച്ചു. ഇവിടെനിന്നു മദ്യവും വാങ്ങിയാണ് വീട്ടിലേക്കുപോയത്. ഈ സമയത്താണ് പെണ്‍സുഹൃത്തായ ഫര്‍സാനയെ സ്വന്തം വീട്ടിലേക്കു വിളിച്ചുവരുത്തിയത്. മദ്യലഹരിയിലാണ് പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയത്. ഈ സമയത്ത് വീട്ടിലേക്കുവന്ന അനുജനെ ഒഴിവാക്കാനാണ് കുഴിമന്തി വാങ്ങാനായി ഓട്ടോയില്‍ പറഞ്ഞുവിട്ടത്.

ഫര്‍സാനയെ കൊലപ്പെടുത്തിയശേഷം താന്‍ വിഷം കഴിച്ചതായാണ് അഫാന്റെ മൊഴി. ആഹാരം വാങ്ങി തിരിച്ചെത്തിയ അഫ്സാനെ കൊലപ്പെടുത്തി. വീണ്ടും മദ്യപിച്ചശേഷമാണ് ഓട്ടോ വിളിച്ച് വെഞ്ഞാറമൂട് സ്റ്റേഷനിലെത്തിയതെന്നും ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. എസ്.മഞ്ജുലാലിനു നല്‍കിയ മൊഴിയില്‍ പറയുന്നു.

നാലുദിവസം ആശുപത്രിയില്‍ തുടരും

വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്‍ മെഡിക്കല്‍ കോളേജില്‍ നാലുദിവസം നിരീക്ഷണത്തില്‍ തുടരും. എലിവിഷം കഴിച്ചെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡിലാണ് തീരുമാനം. അന്വേഷണത്തിന്റെ തുടക്കത്തില്‍ അഫാന്‍ ചികിത്സയോടു സഹകരിക്കുന്നില്ലായിരുന്നു. വിഷം കഴിച്ചിട്ടുണ്ടോയെന്ന് തിരിച്ചറിയാനായി രണ്ടുതവണ പരിശോധന നടത്തി.

രണ്ടാമത്തെ പരിശോധനയില്‍ നേരിയ തോതില്‍ വിഷാംശം കണ്ടെത്തി. രാസലഹരി ഉപയോഗിച്ചോയെന്നു സ്ഥിരീകരിക്കുന്നതിനായി തലമുടിയും കൈയിലെ രോമവും രക്തവും മൂത്രവും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഇയാളുടെ കാല്‍പ്പാദത്തില്‍ക്കണ്ട രക്തക്കറയുടെ സാമ്പിളും എടുത്തിട്ടുണ്ട്. ഒരു മാസമായി താന്‍ മദ്യപിക്കാറുണ്ടായിരുന്നുവെന്നും മറ്റു ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്നുമാണ് പ്രതി നേരത്തേ നല്‍കിയ മൊഴി. മെഡിക്കല്‍ പേ വാര്‍ഡിലെ സ്റ്റുഡന്റ്സ് റൂമില്‍ അന്വേഷണ സംഘത്തിന്റെ അതീവ സുരക്ഷാവലയത്തിലാണ് അഫാനുള്ളത്. ആറ് പോലീസുകാര്‍ മഫ്തിയിലും യൂണിഫോമിലുമായി കാവലുണ്ട്.

അഫാന്‍ സുഖമായുറങ്ങി…

താന്‍ അതിക്രൂരമായ കൊലചെയ്ത ഉറ്റവരുടെ കബറടക്കം നടന്ന ചൊവ്വാഴ്ച രാത്രി പ്രതി അഫാന്‍ സുഖമായി ഉറങ്ങി.

അനുജന്‍ അഫ്സാന്റെയും മറ്റു ബന്ധുക്കളുടെയും പെണ്‍സുഹൃത്ത് ഫര്‍സാനയുടെയും കബറടക്കം ചൊവ്വാഴ്ചയായിരുന്നു. എന്നാല്‍ കുറ്റബോധം ലവലേശമില്ലാതെയായിരുന്നു അഫാന്റെ പെരുമാറ്റം.

അഫാന്‍ മയക്കുമരുന്നിന് അടിമയാണോയെന്ന് സ്ഥിരീകരിക്കാനാകാത്തനിലയിലാണ് ഡോക്ടര്‍മാര്‍. ലഹരി കിട്ടാത്തതിന്റെ അസ്വസ്ഥതകളോ ബുദ്ധിമുട്ടുകളോ ഇയാള്‍ക്കില്ല. മാനസികരോഗവിദഗ്ധരും അഫാനെ പരിശോധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!