KSDLIVENEWS

Real news for everyone

നല്ല മാറ്റങ്ങള്‍ക്കൊരുങ്ങി KSRTC; ബസുകളില്‍ വേസ്റ്റ്ബിന്നുകള്‍,ഡിപ്പോ വൃത്തിയാക്കാന്‍ പുതിയ സംവിധാനം

SHARE THIS ON

കെ.എസ്.ആര്‍.ടി.സി.യുടെ ദീര്‍ഘദൂര ബസുകളിലെല്ലാം മാലിന്യശേഖരണികള്‍ സ്ഥാപിക്കാന്‍ നടപടിയാകുന്നു. പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ മാലിന്യം ശേഖരിക്കാന്‍ സംവിധാനമുണ്ട്. ഇത് മറ്റ് ബസുകളിലും ഒരുക്കാനാണ് ആലോചന. സംസ്ഥാനത്തെ ഡിപ്പോകളെല്ലാം ശുചീകരിക്കാന്‍ ‘സഞ്ചരിക്കുന്ന തൊഴിലാളിസംഘ’വും എത്തുന്നുണ്ട്.

യാത്രക്കാര്‍ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങള്‍, കുടിവെള്ളക്കുപ്പികള്‍ എന്നിവ ബസ് സ്റ്റാന്‍ഡുകളും പൊതുനിരത്തുകളും മലിനമാക്കുന്നുണ്ട്. ഇതിന് പരിഹാരം കാണാനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. അഴുക്കുവെള്ളംമൂലമുള്ള പരിസ്ഥിതിപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍, കോര്‍പ്പറേഷനുമായി സഹകരിച്ച് മലിനജലസംസ്‌കരണശാല സ്ഥാപിക്കും.

പദ്ധതിത്തുകയുടെ 67 ശതമാനം കോര്‍പ്പറേഷനും 33 ശതമാനം കെ.എസ്.ആര്‍.ടി.സി.യും കണ്ടെത്തും. ബസുകള്‍ കഴുകുമ്പോള്‍ എണ്ണയുടെ അംശം കലര്‍ന്ന മലിനജലം ആമയിഴഞ്ചാന്‍ തോട്ടിലേക്ക് എത്താതിരിക്കാന്‍ സംസ്‌കരണസംവിധാനവും ഒരുക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി ഡിപ്പോകളിലും ഗാരേജുകളിലും കുന്നുകൂടിയ മാലിന്യങ്ങള്‍ സംസ്‌കരിക്കാതെ കിടക്കുന്നുണ്ട്. ഇവ നീക്കാന്‍ ക്ലീന്‍ കേരള കമ്പനിയുമായി ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

രണ്ട് ലോഡ് മാലിന്യം ഇതിനകം നീക്കി. ഗാരേജുകളോടു ചേര്‍ന്ന് കൂട്ടിയിട്ടിരിക്കുന്ന ഗ്‌ളാസുകളടക്കമുള്ളവ ഉടന്‍ മാറ്റും. മാലിന്യനീക്കം നിരീക്ഷിക്കുന്നതിന് പ്രത്യേകസംഘത്തെയും നിയോഗിച്ചിട്ടുണ്ട്. എല്ലാ ഡിപ്പോകളും വൃത്തിയാക്കാന്‍ ശുചീകരണത്തൊഴിലാളികളുടെ സംഘം സംസ്ഥാനമൊട്ടാകെ സഞ്ചരിക്കും. സുല്‍ത്താന്‍ ബത്തേരി, ഇടുക്കി തുടങ്ങിയിടങ്ങളില്‍ ഇവര്‍ ശുചീകരണം പൂര്‍ത്തിയാക്കി. തുടര്‍ന്ന് മറ്റിടങ്ങളിലേക്കും ഇവര്‍ എത്തും.

ഗാരേജുകളിലെ മാലിന്യങ്ങള്‍ വേര്‍തിരിച്ചു സൂക്ഷിക്കാനുള്ള നടപടികളും പൂര്‍ത്തിയായി. ഡിപ്പോകളെ ഹരിത ഡിപ്പോകളാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഹരിതകര്‍മസേനകളും തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ചാണിത്. ഡിപ്പോകളില്‍ പ്രവര്‍ത്തിക്കുന്ന കടകളിലേതടക്കമുള്ള ചപ്പുചവറുകള്‍ ശേഖരിക്കാന്‍ മാലിന്യശേഖരണികളും ബോട്ടില്‍ ബൂത്തുകളും സ്ഥാപിച്ചുതുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!