KSDLIVENEWS

Real news for everyone

മണിക്കൂറുകളോളം വസ്ത്രമില്ലാതെ ശുചിമുറിയിൽ, ഞാൻ കരയുമ്പോൾ കൂട്ടുകാർ കളിയാക്കി ചിരിക്കുകയായിരുന്നു’

SHARE THIS ON

കൊച്ചി: സഹപാഠികളുടെ ക്രൂരമായ നായ്ക്കുരണ പൊടി പ്രയോഗത്തിൽ പത്താം ക്ലാസ് വിദ്യാർഥിനിക്ക് ദുരിത ജീവിതം. കടുത്ത ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ബോർഡ് പരീക്ഷ പോലും എഴുതാനാവാത്ത അവസ്ഥയിലാണ് കാക്കനാട് തെങ്ങോട് ഗവ. സ്കൂളിലെ വിദ്യാർഥിനി. സംഭവദിവസം നായ്ക്കുരണം ദേഹത്ത് വീണ് ചൊറിച്ചിൽ സഹിക്കാനാവാതെ ബാത്റൂമിൽ നിന്ന് താൻ കരയുമ്പോൾ സഹപാഠികൾ പുറത്ത് നിന്ന് ചിരിക്കുകയായിരുന്നുവെന്ന് വേദനയോടെ ഓർത്തെടുക്കുകയാണ് പെൺകുട്ടി. സ്വകാര്യ ഭാഗങ്ങളി‍ൽ വരെ ചൊറിച്ചിലും അസ്വസ്ഥതയും മൂലം കടുത്ത ശാരീരികവും മാനസികവുമായ പ്രശ്നങ്ങളിലൂടെയാണ് ഈ പെൺകുട്ടി കടന്നു പോകുന്നത്.

കുട്ടിയുടെ വാക്കുകൾ; “ഐടിയുടെ എക്സാമിന് ശേഷം ഞാൻ ക്ലാസിൽ വന്നു കിടക്കുകയായിരുന്നു. സഹപാഠി ബാഗിൽ നിന്ന് നായ്കുരണം എടുത്ത് മറ്റുള്ളവരോട് പറയുന്നുണ്ടായിരുന്നു ഇത് പുലർച്ചെ അഞ്ച് മണിക്ക് പോയി പറിച്ചതാണ്, ചൊറിയുന്ന സാധനം ആണെന്നൊക്കെ. ഇതും പറഞ്ഞ് ക്ലാസിലെ മറ്റൊരു കുട്ടിയുടെ മേലേക്ക് ഈ സാധനം ഇട്ടു. അയാളത് എടുത്തെറിഞ്ഞത് എന്റെ ദേഹത്തേക്ക് വീണു. അപ്പോൾ തന്നെ തട്ടിക്കളഞ്ഞതാണ് പക്ഷേ അതിന്റെ പൊടി എന്റെ മേലേക്ക് വീണു, ചൊറിയാൻ തുടങ്ങി. ഞാൻ നേരെ ബാത്റൂമിലേക്ക് പോയി കോട്ടെല്ലാം അഴിച്ചപ്പോഴേക്കും എല്ലാ പൊടിയും ദേഹത്തായി. ക്ലാസിലെ കുട്ടികളോട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല, ചൊറിയുന്നു എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ സോപ്പ് വാങ്ങി വരാം നീയൊന്ന് കുളിക്ക് ശരിയാകും എന്നാണ് അവർ പറഞ്ഞത്. കുളിച്ച് കഴിഞ്ഞതും ചൊറിച്ചിൽ സഹിക്കാനാവാതെ ആയി. അന്നേരം അവർ പോയി എണ്ണ വാങ്ങി വന്നു. അപ്പോഴേക്കും ദേഹമാകെ ഇത് പടർന്നിരുന്നു. സ്വകാര്യ ഭാഗങ്ങളിൽ വരെ സഹിക്കാനാവാത്ത ചൊറിച്ചിൽ വന്നപ്പോൾ ഇവർ ലാക്ടോ കലാമിൻ വാങ്ങാനായി പുറത്ത് പോയി. അന്നേരമാണ് ഹിന്ദി ടീച്ചർ ഇവർ പോകുന്നത് കാണുന്നത്. എന്തിനാ ലാക്ടോ കലാമിൻ എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞത് എനിക്ക് പീരിയഡ്സിന്റെ ഭാഗമായി ചൊറിച്ചിൽ ഉണ്ടെന്നാണ്. അന്നേരവും അവർ ടീച്ചറോട് കാര്യങ്ങൾ പറഞ്ഞില്ല. പക്ഷേ ടീച്ചർ എന്നെ കാണാൻ വന്നു. വാതിൽ തുറക്കാൻ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു ടീച്ചറേ ഇങ്ങനൊരു പൊടി മേത്ത് വീണു ഞാൻ വസ്ത്രം മാറി നിൽക്കാണ് ചൊറിച്ചിൽ സഹിക്കാനാവുന്നില്ല എന്ന്. ടീച്ചർ പുറത്ത് നിൽക്കുന്നവരോട് കാര്യങ്ങൾ ചോദിച്ചറിയുന്നത് ഞാൻ കേൾക്കുന്നുണ്ട്. നായ്ക്കുരണപ്പൊടി ആണെന്ന് ആദ്യം അവർ സമ്മതിച്ചില്ല. കുറേ കള്ളം പറഞ്ഞു. ടീച്ചറാണ് അമ്മയെ വിളിച്ച് എനിക്കുള്ള ഡ്രസ് കൊണ്ടുവരാൻ ആവശ്യപ്പെടുന്നത്. അമ്മ എത്തിയാണ് എന്നെ കാക്കനാട് പ്രൈമറി ഹെൽത്ത് സെന്റിൽ കൊണ്ടുപോകുന്നത് .. മണിക്കൂറുകളോളം എനിക്ക് വസ്ത്രമില്ലാതെ നിൽക്കേണ്ടി വന്നു, അന്നേരവും കൂട്ടുകാർ പുറത്ത് നിന്ന് കളിയാക്കി ചിരിക്കുകയായിരുന്നു. അടിവസ്ത്രങ്ങൾ ധരിക്കാത്തോണ്ടാണ് അവിടെയൊക്കെ ചൊറിയുന്നതെന്ന് പറഞ്ഞായിരുന്നു കളിയാക്കിയിരുന്നത്. പരീക്ഷയ്ക്ക് പഠിക്കാൻ പോലും ഇപ്പോഴെനിക്ക് പറ്റുന്നില്ല”. പെൺകുട്ടി പറയുന്നു.

മാനസികമായി തകർന്ന പെൺകുട്ടിക്ക് കാവലായി ജോലിക്ക് പോലും പോകാനാവാതെ കൂട്ടിരിക്കുകയാണ് കുട്ടിയുടെ അമ്മ. ആന്തരികമായി ഇൻഫക്ഷൻ ബാധിച്ചതായാണ് ഡോക്ടർമാർ പറയുന്നതെന്ന് കുട്ടിയുടെ അമ്മ വ്യക്തമാക്കുന്നു.

“കുട്ടികൾ കളിക്കാനായി ക്ലാസിൽ കൊണ്ടുവന്നതാണ് നായ്ക്കുരണമെന്ന് പറയുന്നുണ്ടെങ്കിലും അത് അനുവദിച്ച് കൊടുക്കാൻ പാടില്ലാത്തതാണ്. മോൾക്ക് രാത്രി ഉറങ്ങാനാവുന്നില്ല.അത്രയ്ക്ക് അസ്വസ്ഥതയാണ്. കാല് രണ്ടും കൂട്ടി വയ്ക്കാൻ പോലും പറ്റുന്നില്ല. സ്വകാര്യ ഭാഗങ്ങളിൽ വരെ നായ്ക്കുരണത്തിന്റെ മുള്ള് കയറി”.

ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് സംഭവം നടന്നത്. ദിവസങ്ങളോളം കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഈ പെൺകുട്ടി. മോഡൽ എക്സാം പോലും കുട്ടിക്ക് എഴുതാനായില്ല. ഇതു ചെയ്ത വിദ്യാർഥിനികളുടെ പേരിൽ സ്കൂൾ അധികൃതരോ, പോലീസോ കൃത്യമായ നടപടി സ്വീകരിക്കാത്തത് പെൺകുട്ടിക്കും കുടുംബത്തിനും പ്രയാസം ഇരട്ടിയാക്കി. മൂത്രാശയ സംബന്ധമായ രോഗങ്ങളെ തുടർന്ന് ഏറെ ബുദ്ധിമുട്ടിലായ പെൺകുട്ടിയെ, ഹാജരില്ലെങ്കിൽ പരീക്ഷയെഴുതാനാവില്ലെന്നു പറഞ്ഞ് നിർബന്ധിച്ച് ക്ലാസിലിരുത്താനുള്ള ശ്രമം നടന്നതായി കുട്ടിയുടെ അമ്മ ആരോപിച്ചു. ഫെബ്രുവരി മൂന്നിന് നടന്ന സംഭവത്തിൽ 17-ന് പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും പ്രായപൂർത്തിയാവാത്ത കുട്ടികൾക്കെതിരേ കാര്യമായ നടപടിയെടുക്കാൻ സാധിക്കില്ലെന്നാണ് അവർ പറയുന്നതെന്നും കുട്ടിയുടെ അമ്മ പരാതിപ്പെട്ടു.

സംഭവത്തിൽ കുട്ടിയുടെ മൊഴി ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ വീട്ടിലെത്തി രേഖപ്പെടുത്തിയിട്ടുണ്ട്. അധ്യാപകരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. നായ്ക്കുരണ പൊടി എറിഞ്ഞ വിദ്യാർഥിയും പത്താം ക്ലാസിൽ ആയതിനാൽ പരീക്ഷ കഴിഞ്ഞ ശേഷമാകും ഇവരുടെ മൊഴി രേഖപ്പെടുത്തുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!