പ്ലസ് ടു മലയാളം ചോദ്യപ്പേപ്പറിൽ അടിമുടി അക്ഷരപ്പിശാച്: കോടതി കയറാനൊരുങ്ങി രക്ഷിതാക്കൾ

കേരളത്തിലെ പൊതുപരീക്ഷകളുടെ മൂല്യനിർണയത്തിന്റെ നിലവാരത്തെചൊല്ലിയുള്ള വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇതിനിടെ പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ തന്നെ അക്ഷരത്തെറ്റുകൾ കൊണ്ട് വിദ്യാർഥികളെ വഴിതെറ്റിക്കുകയാണ്. 2025-ലെ ഹയര്‍സെക്കൻഡറി മലയാളം പാര്‍ട്ട് രണ്ട് പൊതു പരീക്ഷയുടെ ചോദ്യക്കടലാസിനെയാണ് അടിമുടി അക്ഷരപ്പിശാച് വിഴുങ്ങിയിരിക്കുന്നത്. ഒറ്റപ്പേപ്പറിൽ മാത്രം ഒരു ഡസനിലേറെ അക്ഷരത്തെറ്റുകളാണ് വന്നിരിക്കുന്നത്.
‘താമസ’ത്തെ ‘താസമം’ എന്നും ‘നീലകണ്ഠശൈല’ത്തെ ‘നീലകണുശൈല’മെന്നും ‘കാതോര്‍ക്കും’ എന്ന പദത്തെ ‘കാരോര്‍ക്കു’മെന്നും ‘വലിപ്പത്തില്‍’ എന്ന വാക്കിനെ ‘വലിപ്പിത്തി’ലെന്നും ‘ഉല്‍ക്കണ്ഠകളെ’ ‘ഉല്‍ക്കണങ്ങളെ’ന്നും ‘ആധി’യെ ‘ആധിയ’മെന്നുമാണ് ചോദ്യക്കടലാസിൽ കൊടുത്തിരിക്കുന്നത്. തീര്‍ത്തും നിരുത്തരവാദപരമായ പ്രവൃത്തിയാണ് ചോദ്യക്കടലാസ് നിര്‍മാണത്തില്‍ ഉണ്ടായിരിക്കുന്നത്.
കുട്ടികളിലെ അവധാരണശേഷി അളക്കാന്‍ നല്കിയ ഒഎന്‍വിയുടെ കവിതകളിലും ഗുരുതരമായ, പദത്തിന് അര്‍ഥവ്യത്യാസം വരുത്തുന്ന തരത്തില്‍, അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്. ഏഴു പേജുള്ള ചോദ്യക്കടലാസില് പതിനെട്ടിലധികം അക്ഷരത്തെറ്റുകള്‍! പദവിന്യാസത്തിലും അക്ഷരങ്ങള്‍ തമ്മിലുള്ള അകലത്തിലും വരെ വലിയ വ്യത്യാസം. ഫുള്‍ എ പ്ലസ് കിട്ടുന്ന കുട്ടികള്‍ക്ക് അക്ഷരത്തെറ്റുകൂടാതെ ഒരു വാചകം പോലും എഴുതാന്‍ ശേഷിയില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച ഉദ്യോഗസ്ഥര്‍ വിദ്യാഭ്യാസവകുപ്പില്‍ ഇരിക്കേയാണ് പരീക്ഷാര്‍ഥികളെ ആശയക്കുഴപ്പത്തിലാക്കുന്ന തരത്തിലുള്ള ചോദ്യക്കടലാസ് മാതൃഭാഷകൂടിയായ മലയാളം പരീക്ഷയ്ക്ക് അച്ചടിച്ചു നല്‍കിയത്. പൊതുപരീക്ഷാ നടത്തിപ്പില്‍ പാലിക്കേണ്ട ചട്ടങ്ങളുടെ ലംഘനവും ഗൗരവമില്ലായ്മയും വിളിച്ചുപറയുന്നതാണ് ഈ പ്രവൃത്തി. ജാഗ്രതക്കുറവും ഉദ്യോഗസ്ഥരുടെ അനാസ്ഥയും ഒന്നുപോലെ പ്രകടമാണ് ഈ ചോദ്യക്കടലാസില്. ഇതിനെതിരേ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഒരു കൂട്ടം രക്ഷിതാക്കൾ.
ചോദ്യക്കടലാസില് കടന്നുകൂടിയ അക്ഷരത്തെറ്റുകള്‍ ഒറ്റനോട്ടത്തില്‍ ഇത്രയുമാണ്:
താസമം (ഉദ്ദേശിച്ചത്: താമസം)
നീലകണുശൈലം (നീലകണ്ഠശൈലം)
സച്ചിനെക്കറിച്ച് (സച്ചിനെക്കുറിച്ച്)
കൊല്ലുന്നതിനെക്കാളം (കൊല്ലുന്നതിനെക്കാളും)
മാന്ത്രികഭാവനയില്‍ക്കുടി (മാന്ത്രികഭാവയില്ക്കൂടി)
അവതരിപ്പിച്ചരിക്കുന്ന (അവതരിപ്പിച്ചിരിക്കുന്ന)
സൃഷ്ടിക്കുന്നണ്ടോ (സൃഷ്ടിക്കുന്നുണ്ടോ?)
പൂലിക്കോട്ടില്‍ (പുലിക്കോട്ടില്‍)
ലോകമെന്നാകെ (ലോകമൊന്നാകെ)
ജീവിതസാഹിചര്യം (ജീവിതസാഹചര്യം)
വലിപ്പിത്തില്‍ (വലിപ്പത്തില്‍)
കാരോര്‍ക്കും (കാതോര്‍ക്കും)
ഉല്കണംകള് (ഉല്കണ്ഠകള്)
ആധിയം (ആധിയും)
അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കായി നിര്‍മിച്ച ചോദ്യങ്ങള്‍ പാളം തെറ്റുമ്പോള്‍ സംഭവിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സാമൂഹിക-സാംസ്കാരിക, വിദ്യാഭ്യാസരംഗങ്ങളിലെ പ്രമുഖര്‍ പ്രതികരിക്കുന്നു.
ഇന്നലെ നടന്ന ഹയര്‍സെക്കൻഡറി മലയാളം പാര്‍ട്ട് രണ്ട് പരീക്ഷയുടെ ചോദ്യക്കടലാസില് പതിനെട്ടോളം തെറ്റുകളുണ്ട്. ഉത്തരക്കടലാസിലല്ല, ചോദ്യക്കടലാസിലാണ് തെറ്റുകളുള്ളത്! മുപ്പത്തിനാല് കൊല്ലം മലയാളം അധ്യാപകനായിരുന്ന ഞാന്‍ മലയാളം അധ്യാപകന് എന്ന നിലയ്ക്കും മലയാളി എന്ന നിലയ്ക്കും ഇത് അങ്ങേയറ്റം അപമാനകരമാണ് എന്നു വിചാരിക്കുന്നു. കുട്ടികളെ മലയാളം അക്ഷരം പഠിപ്പിക്കേണ്ടതില്ല എന്ന് പരിഷ്കാരം കൊണ്ടുവന്നു, കുട്ടികള്‍ തെറ്റ് എഴുതിയാല്‍ അത് തിരുത്തേണ്ടതില്ല എന്ന പരിഷ്കാരം കൊണ്ടുവന്നു. കുട്ടികളോട് അവര്‍ക്ക് അബദ്ധം പറ്റി എന്നുപറയാന്‍ പാടില്ല എന്ന പരിഷ്കാരവും വന്നു. ഇതൊക്കെയാണല്ലോ പുതിയ കാലം എന്നു പറയുന്നത്. തെറ്റ് തിരുത്താനല്ലെങ്കില് പിന്നെ എന്തിനാണ് അധ്യാപകന് എന്നെനിക്ക് മനസ്സിലായിട്ടില്ല. കുട്ടി വായില്‍ തോന്നുന്ന മാതിരി സംസാരിക്കുകയും വായില്‍ തോന്നുന്ന മാതിരി എഴുതുകയും ചെയ്യുകയാണെങ്കില്‍ ആ കുട്ടി വീട്ടില്‍ ഇരുന്നാല്‍ പോരേ?
ജീവിതത്തില്‍, ഭാഷയില്‍, വികാര-വിചാരങ്ങളില്‍ ശരിതെറ്റുകളുണ്ട് എന്ന് കുട്ടികളെ പഠിപ്പിക്കാനും പരിശീലിപ്പിക്കാനുമാണ് സ്കൂള്‍. സ്വഭാവരൂപീകരണമാണ് വിദ്യാഭ്യാസത്തിന്റെ പ്രധാനലക്ഷ്യം. ഈ ചോദ്യക്കടലാസ് ഇങ്ങനെ ആയാലും ബുദ്ധിമുട്ടില്ല. കാരണം ഉത്തരം എഴുതിയാലും ഇല്ലെങ്കിലും പാസ്സാവും. എല്ലാവരും പാസ്സാവുന്നതാണല്ലോ ഇപ്പോഴത്തെ പരീക്ഷ. പഠിച്ച് പരീക്ഷ എഴുതിയവനും പഠിക്കാതെ പരീക്ഷ എഴുതുന്നവനുമൊക്കെ പാസ്സാവുന്ന വിചിത്ര പ്രദേശമാണ് കേരളം. അതുകൊണ്ട് രക്ഷകര്‍ത്താക്കള്‍ ഈ ചോദ്യക്കടലാസിനെതിരേ കോടതിയില്‍ പോകണമെന്നാണ് എന്റെ അഭിപ്രായം.
ചോദ്യക്കടലാസ് ഉണ്ടാക്കിയത് ആരാണെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ വേണ്ടത്. അത് നമ്മുടെ അവകാശമാണ്. ഈ ചോദ്യക്കടലാസ് ഉണ്ടാക്കിയ ആളെ കുറച്ചുകാലത്തേക്ക് ഇത്തരം ജോലികളില്‍ നിന്നും മാറ്റിനിര്‍ത്തണം. അയാള്‍ക്ക് അതിന് അര്‍ഹതയില്ല. ഇപ്പോഴെങ്കിലും അക്ഷരപരിജ്ഞാനത്തില് നമ്മള് കാണിക്കുന്ന അശ്രദ്ധ എവിടെ എത്തി എന്നുള്ള വിഷയം ചര്‍ച്ചയായല്ലോ. വിദ്യാര്‍ഥികളുടെ അക്ഷരപരിജ്ഞാനത്തെക്കുറിച്ചല്ല
നമ്മള് സംസാരിക്കുന്നത്, അധ്യാപകരുടെ തെറ്റുകുറ്റങ്ങളെപ്പറ്റിയാണ്.
തൊട്ടടുത്തു കിടക്കുന്ന തമിഴ്നാട്ടിലാണ് ഈ പ്രശ്നം സംഭവിച്ചതെങ്കില്‍ അത് നിയമസഭയില്‍ ചര്‍ച്ചയാവുന്ന വലിയ പ്രശ്നമാവും. നമ്മുടെ നിയമസഭയില്‍ ഇതുവരുമോ? പ്രതിപക്ഷത്തോ ഭരണപക്ഷത്തോ ഉള്ള ഏതെങ്കിലുമൊരു എംഎല്‍എയ്ക്ക് ഇതിന്റെ ഗൗരവം മനസ്സിലാവുമോ? ഏതെങ്കിലും ഒരു നേതാവ് ഇതൊരു വിഷയമാക്കി എടുക്കമോ? എനിക്കറിഞ്ഞുകൂട. പക്ഷേ തമിഴ്നാട്ടിലായിരുന്നുവെങ്കില് ഇത് സഭാചര്ച്ചയാവുമെന്ന് എനിക്കുറപ്പാണ്. അതുകൊണ്ട് പത്രവായനക്കാരായ രക്ഷിതാക്കളോട് എന്റെ അപേക്ഷ ഈ ചോദ്യക്കടലാസുമായി കോടതിയില്‍ പോകണം എന്നാണ്. മാധ്യമപ്രവര്‍ത്തകരോട് എന്റെ അപേക്ഷ ആ ചോദ്യക്കടലാസ് ഉണ്ടാക്കിയവരുടെ പേരുവിവരങ്ങള്‍ പുറത്തുകൊണ്ടുവരണം എന്നാണ്. വിവരാവകാശം അനുസരിച്ച് ഹരജി കൊടുത്താല്‍ പേരുവിവരങ്ങള്‍ കിട്ടണം. പരീക്ഷ കഴിഞ്ഞാല്‍ അതിന്റെ രഹസ്യസ്വഭാവം കഴിഞ്ഞല്ലോ. ചോദ്യക്കടലാസ് തയ്യാറാക്കിയ ആളുകളുടെ പേരുവിവരങ്ങള്‍ ചോദ്യക്കടലാസിന് ഏറ്റവും ഒടുവില്‍ വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പണ്ട് ഞാന്‍ മാതൃഭൂമിയില്‍ ഒരു ലേഖനം എഴുതിയിരുന്നു. അത് ഇവിടുത്തെ വിദ്യാര്‍ഥികളോ അധ്യാപകരോ രക്ഷിതാക്കളോ ആരും ശ്രദ്ധിച്ചില്ല. ‘ഓടരുത് ആളറിയാം’ എന്നായിരുന്നു ആ ലേഖനത്തിന്റെ തലക്കെട്ട്. ചോദ്യക്കടലാസ് പൊട്ടിക്കുന്നതോടെ അതിന്റെ രഹസ്യസ്വഭാവം കഴിഞ്ഞു. പേരുവെച്ചാല്‍ കൂടുതല്‍ ഉത്തരവാദിത്തം ചോദ്യകര്‍ത്താവ് പ്രകടിപ്പിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അധ്യാപക സംഘടനകളാണ് ഇത്തരം നാണക്കേടിനെതിരായി രംഗത്തുവരേണ്ടത്. അവര്‍ ശമ്പളക്കൂടുതലിനും സേവനവേതനവ്യവസ്ഥകള്ക്കും വേണ്ടി മാത്രം സമരം ചെയ്താല്‍പോര. ഇത്തരത്തിലുള്ള ജീര്ണയ്ക്കെതിരായി രംഗത്തുവരണം.
വിശ്വസിക്കാനാവുന്നില്ല, ഇത്രയും കഠിനമായ കുറ്റകൃത്യത്തിന് അധ്യാപകര്‍ പ്രാപ്തരാവും എന്ന്. സാമാന്യ വിദ്യാഭ്യാസം ലഭിച്ചൊരാള്‍ക്ക് മനഃപൂര്‍വ്വം ശ്രമിച്ചാലും സാധിക്കുന്നതല്ല ഈ ചോദ്യപ്പേപ്പറിലൂടെ മാതൃഭാഷാദ്ധ്യാപകര് സാധിച്ചത്. എഴുതാനും വായിക്കാനും പഠിക്കാത്ത ഒരാള്‍ക്ക് അദ്ധ്യാപകവൃത്തി ചെയ്യാന്‍ കഴിയുന്നതിലെ അത്ഭുതം തന്നെ ചെറുതല്ല. അവര്‍ പഠിപ്പിക്കുക മാത്രമല്ല ചോദ്യ പേപ്പര്‍ തയ്യാറാക്കുക പോലെയുള്ള ഗൗരവമുള്ള പ്രവൃത്തികളും കേരളത്തില്‍ ചെയ്യുന്നു. സമ്മതിക്കണ്ടേ നമ്മുടെ നാടിനെ. അതിന്റെ വിദ്യാഭ്യാസ നിലവാരത്തെ!
പ്ലസ് ടു മലയാളം ചോദ്യപ്പേപ്പറില്‍ കുറേയധികം അക്ഷരത്തെറ്റുകള്‍ വന്നു എന്നത് വസ്തുതയാണ്. നിത്യജീവിതത്തില്‍ പതിവായി ഉപയോഗിക്കാത്ത വാക്കുകള്‍ വായനയിലൂടെയാണ് നമ്മുടെ പദസമ്പത്തിന്റെ ഭാഗമാകുക. വായന കുറഞ്ഞതോടെ ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്ന പദസമ്പത്തിന്റെ കാര്യത്തില്‍ പൊതുവേ വലിയ ശോഷണം സംഭവിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ പദസമ്പത്തിനെ പ്രത്യേകിച്ചും ഇതു ബാധിച്ചതായി തോന്നാറുണ്ട്. സാധാരണ ഉപയോഗിക്കേണ്ട ആവശ്യമില്ലാത്ത വാക്കുകള്‍ അപരിചിത പദങ്ങളായി മാറുന്നു. അതുകൊണ്ട് അക്ഷരത്തെറ്റോടു കൂടി പദങ്ങള്‍ കാണുമ്പോള്‍ ഇതേതു വാക്കാണ് എന്ന് കുട്ടികള്‍ക്ക് ആശയക്കുഴപ്പമുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. ഉദാഹരണത്തിന് ചോദ്യപ്പേപ്പറില്‍ ആധിയും എന്ന വാക്കിനു പകരം ആധിയം എന്നൊരു വാക്കു കണ്ടാല്‍ ഇതേതോ അപരിചിത പദമാണ് എന്നു കുട്ടിക്കു തോന്നാം. ഈ ആശയക്കുഴപ്പം അവരുടെ എഴുത്തിനെ ബാധിച്ചിട്ടുണ്ടാവുമോ എന്നതാണ് അദ്ധ്യാപകന് എന്ന നിലയിലുള്ള എന്റെ ആശങ്ക.
ചോദ്യങ്ങള്‍ നിര്‍മിക്കുമ്പോള്‍ കൊടുക്കേണ്ടതായ ജാഗ്രത നഷ്ടപ്പെട്ടതിന്റെ ഉത്തമ ഉദാഹരണമാണ് ഇക്കഴിഞ്ഞ ഹയര്‍സെക്കണ്ടറി മലയാളം പരീക്ഷയിലെ അക്ഷരത്തെറ്റുകള്‍. ചോദ്യങ്ങള്‍ നിര്‍മിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ഹയര്‍സെക്കണ്ടറി പരീക്ഷാവിഭാഗമോ, അക്കാദമികമായി ചുമതലപ്പെട്ട എസ്സിആര്ടിയോ ജാഗ്രത പുലർത്തിയില്ല എന്നതിന്റെ തെളിവാണിത്. കുട്ടികള്‍ക്ക് അക്ഷരത്തെറ്റ് വരുമ്പോള്‍ ഒരു വലിയ പ്രശ്നമായിട്ട് അവതരിപ്പിക്കുന്നു, എ പ്ലസ് കിട്ടിയ കുട്ടികള്‍ക്ക് അക്ഷരം എഴുതാന്‍ അറിയില്ല എന്നു പറഞ്ഞ് ഡിജി അടക്കമുള്ള ആളുകള്‍ വലിയ തരത്തില്‍ വിമര്‍ശനം നടത്തിയിട്ടുണ്ട്. ഇവിടെ ആരാണ് ചോദ്യങ്ങള്‍ ഉണ്ടാക്കിയത്? മലയാളത്തില്‍ ഉന്നതവിദ്യാഭ്യാസം നേടി യോഗ്യത തെളിയിച്ച് ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്. അഥവാ അധ്യാപകര്‍ക്ക് അക്ഷരത്തെറ്റ് സംഭവിച്ചതല്ലെങ്കില്‍ പോലും, ഇതിന്റെ അച്ചടിയില്‍ വന്നതാണെങ്കില്‍ പോലും, അത് പരിശോധിക്കണം. എവിടെയാണ് ഇത്രയും ഗുരുതരമായ അക്ഷരപ്പിശക് വന്നതെന്ന് കൃത്യമായി പരിശോധിക്കണം. വളരെ ഉത്തരവാദിത്തപ്പെട്ട ഇടങ്ങളിലാണ് ചോദ്യപ്പേപ്പര്‍ അച്ചടിക്കാനും സുരക്ഷിതമായി സൂക്ഷിക്കാനും ഏല്പിക്കേണ്ടത്. അതൊക്കെ അങ്ങേയറ്റം അനാസ്ഥയിലാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് എന്നതാണ് ഈ ചോദ്യപ്പേപ്പറില്‍ നിന്നും മനസ്സിലാവുന്നത്. അത്യന്തം ഗുരുതരമായ സംഭവമാണ്.
കുട്ടികളുടെ മുന്നില്‍ മാതൃകയാവേണ്ടതാണ് യഥാര്‍ഥത്തില്‍ നമ്മള് കൊടുക്കുന്ന ഓരോ പഠനസാമഗ്രികളും. ചോദ്യപ്പേപ്പര്‍ എന്നുപറഞ്ഞാല്‍ പുതിയ പാഠ്യപദ്ധതിപ്രകാരം ഓരു പഠനസാമഗ്രി തന്നെയാണ്. അത്തരം ഒരു പഠനസാമഗ്രിയില് ഇത്രയധികം അക്ഷരത്തെറ്റുകള്‍ വരുത്തുക എന്നത് ഒരിക്കലും നീതീകരിക്കാന്‍ കഴിയാത്തതാണ്. ഹയര്‍സെക്കണ്ടറി പരീക്ഷാസംവിധാനങ്ങളുടെ അങ്ങേയറ്റം ഗുരുതരമായ വീഴ്ച തന്നെയാണ് ഇത്.
സീനിയര്‍ ആയ അധ്യാപകരാണ് ചോദ്യങ്ങള്‍ തയ്യാറാക്കുന്നത്. ആ ചോദ്യങ്ങള്‍ക്കുമേല്‍ അക്കാദമികമായിട്ടുള്ള പരിശോധന വേറെ നടത്തേണ്ടതാണ്. മൂന്നോ നാലോ സെറ്റ് ചോദ്യങ്ങളാണ് ഒരു സമയത്ത് അധ്യാപകര്‍ ഉണ്ടാക്കുന്നത്. അവര്‍ക്ക് ഓരോ ചെയര്മാനുണ്ടാവും. ആ ചെയര്‍മാനാണ് ചോദ്യപ്പേപ്പറുകള്‍ ഏതെല്ലാം പരീക്ഷയ്ക്ക് വേണ്ടിയുള്ളതാണെന്ന് നിശ്ചയിക്കുന്നത്. അധ്യാപകര്‍ നിര്‍മിക്കുന്ന മൂന്നോ നാലോ സെറ്റ് ചോദ്യങ്ങളില്‍ നിന്നാണ് മോഡല്‍ പരീക്ഷയ്ക്കും സേ പരീക്ഷയ്ക്കുമുള്ള ചോദ്യപ്പേപ്പറുകള്‍ തിരഞ്ഞെടുക്കുന്നത്. ഓരോ ചോദ്യപ്പേപ്പറും ചെയര്മാന് സസൂക്ഷ്മം പരിശോധിച്ചാണ് സീല്‍ ചെയ്യേണ്ടത്. ഈ ചോദ്യപ്പേപ്പറുകള്‍ പിന്നീട് ഹയര്‍സെക്കൻഡറി പരീക്ഷാവിഭാഗത്തിലേക്ക് പോവുകയും അവിടെ നിന്ന് വളരെ രഹസ്യമായ ഡിടിപി ചെയ്ത് പ്രിന്റ് ചെയ്യാനുള്ള സംവിധാനത്തിലേക്ക് പോവുകയുമാണ് ചെയ്യുന്നത്.
ഹയര്‍ സെക്കൻഡറി പരീക്ഷയുടെ ഉത്തരവാദിത്തരാഹിത്യമാണ് പ്ലസ് ടു മലയാളം ചോദ്യപ്പേപ്പറില്‍ കണ്ടത്. അധ്യാപകര്‍ ഇത്രയധികം തെറ്റു വരുത്തുമെന്ന് കരുതുന്നില്ല. ഗൗരവമായ അന്വേഷണം നടത്തണം.
ഈ വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കൻഡറി മലയാളം (പാര്‍ട്ട് രണ്ട്) ചോദ്യപേപ്പറില്‍ അരുമയായി നിരത്തിവച്ച അക്ഷരത്തെറ്റുകള്‍ കണ്ടപ്പോള്‍ ആദ്യം തോന്നിയത് കാരണവര്‍ക്ക് അങ്ങനെയുമാവാം എന്ന പഴഞ്ചൊല്ലാണ്. രാജ്യത്തെ മറ്റൊരു പരീക്ഷകള്‍ക്കും ഇല്ലാത്ത ചടങ്ങുകളും ചിട്ടവട്ടങ്ങളുമാണ് കേരളത്തിലെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കൻഡറി എന്നീ പരീക്ഷകള്‍ക്ക് ഉള്ളത്. അതില്‍ ഒന്നിന്റെ ചോദ്യപേപ്പര്‍ സൂക്ഷിക്കുന്നത് സംസ്ഥാനത്തെ ട്രഷറികളിലാണെന്ന് കേട്ടാല്‍ ലോകര്‍ മൂക്കത്ത് വിരല്‍വെക്കും. അത്രയ്ക്ക് മഹിമയൊന്നും ഇവയ്ക്ക് ഉള്ളതായി സംസ്ഥാനത്തെ വിദ്യാഭ്യാസ അധികാരികള്‍ പോലും കരുതുന്നില്ല. ഹയര്‍ സെക്കൻഡറി അധ്യാപകരുടെ പരീക്ഷണകാലമാണ് പരീക്ഷാദിനങ്ങള്‍. വിദ്യാര്‍ത്ഥികളെക്കാള്‍ പരീക്ഷയെ ഭയപ്പെടുന്നത് അധ്യാപകരാണ്. ഈ കാലയളവില്‍ അവര്‍ക്ക് ഏത് അനര്‍ത്ഥവും സംഭവിക്കാം. ചാരക്കണ്ണുകള്‍ അവരെ എപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കും. പലതരം കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട് ശിക്ഷാവിധികളുടെ കയ്പുനീര് കുടിക്കേണ്ടിവന്നവര്‍ അനവധിയാണ്.
ഭാഷാവിദ്യാര്ഥി എന്ന നിലയില്‍ ഭാഷകര്‍ അറിഞ്ഞോ അറിയാതെയോ വരുത്തുന്ന തെറ്റുകളെ പഠനത്തിനുള്ള ഒരു സാധ്യതയായാണ് ഞാന്‍ കാണുന്നത്. ലഭിച്ച ഭാഷാനുഭവങ്ങളുടെ സവിശേഷത, ഭാഷയുടെ പ്രത്യേകതകള്‍, ഭാഷാപരിണാമം, നാഡീപരവും പേശീപരവുമായ മാനങ്ങള്‍, അര്ത്ഥനിവേദനപ്രക്രിയ എന്നിങ്ങനെ പല കാര്യങ്ങളെക്കുറിച്ചും ചിന്തിക്കാന്‍ ഇവ വഴിയൊരുക്കുന്നു. ചോദ്യപേപ്പറില്‍ കണ്ട തെറ്റുകള്‍ മലയാളത്തോടുള്ള അധികാരികളുടെ അവജ്ഞയും ധാര്‍ഷ്ട്യവുമാണ് പ്രതിഫലിപ്പിക്കുന്നത്. ശാസ്ത്ര-സാമൂഹികശാസ്ത്ര-വാണിജൃശാസ്ത്ര വിഷയങ്ങള്‍ പോലെ മലയാളം ഐച്ഛികമായി എടുത്തു പഠിക്കുന്ന വിദ്യാര്‍ഥികളുടെ ചോദ്യപേപ്പറിലാണ് ഈ അതിക്രമം കാണിച്ചിരിക്കുന്നത്. ചോദ്യം തയ്യാറാക്കിയവര്‍, അച്ചടിക്ക് ചുമതലപ്പെട്ടവര്‍, പരീക്ഷയ്ക്ക് നേതൃത്വം നല്കുന്നവര് തുടങ്ങി ആര്‍ക്കും ഇതില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. ഭാഷയോടുള്ള അധികാരികളുടെ സ്നേഹവും പ്രതിബദ്ധതയുമെല്ലാം കപടമാണെന്ന ആക്ഷേപങ്ങള്‍ക്ക് ഇത്തരം അവഗണനകള്‍ പിന്‍ബലം നല്കുന്നു. സമൂഹത്തോടുള്ള കൂറിന്റെ ഭാഗമായാണ് ഭാഷാസ്നേഹത്തെ പരിഗണിച്ചുവരുന്നത്. അതിനാല്‍ നമ്മുടെ ജനാധിപത്യത്തിന്റെ കെട്ടുറപ്പിലേക്കുതന്നെ ഇതെല്ലാം വിരല്‍ ചൂണ്ടിയേക്കാം.
കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിൽ പഠിക്കാം, 50 % വരെ സ്കോളർഷിപ്, 5 വർഷം വരെ സ്റ്റേബാക്ക്!
അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ഏറ്റവും മികച്ച പഠന കേന്ദ്രങ്ങളിൽ ഒന്നാണ് ഓസ്ട്രേലിയ. ജനസാന്ദ്രത…
ഒരു വിദ്യാര്‍ഥി ഒരു വര്‍ഷക്കാലം പഠിച്ച വിഷയത്തില്‍ പലതരത്തില്‍ വിനിമയം ചെയ്യപ്പെട്ട ഒരു പാഠപുസ്തകം എത്രത്തോളം കുട്ടി ഗ്രഹിച്ചിട്ടുണ്ട് എന്നതിനാണ് പരീക്ഷ നടത്തുന്നത്. നമ്മള് കുട്ടികളുടെ നിലവാരത്തെപ്പറ്റിയുള്ള പലതരം ചര്‍ച്ചകള്‍ കേട്ടതാണ്. അവര്‍ക്ക് ഭാഷാപരമായ കഴിവുകളില്ല, അവര്‍ക്ക് അക്ഷരം എഴുതാനറിയില്ല, ഉള്ളിലുള്ള ആശയത്തെ ആവിഷ്കരിക്കാന്‍ പറ്റിയ ഭാഷയില്ല, വായനയില്ല എന്നൊക്കെ വിമര്‍ശിക്കുമ്പോഴും അവര്‍ക്ക് എന്ത് മാതൃകയാണ് നമ്മള് കൊടുക്കുന്നത് എന്ന പ്രശ്നം നിലനില്‍ക്കുകയാണ്.
ഒരു ചോദ്യപ്പേപ്പര്‍ ഒരുപാട് ആളുകളുടെ കൈകളിലൂടെ കടന്നുവരുന്നതല്ല. അതിന് സ്വാഭാവികമായും ഒരു രഹസ്യസ്വഭാവമുണ്ട്. പക്ഷേ ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്ന വ്യക്തിയും അത് സൂക്ഷ്മപരിശോധന നടത്തുന്ന വ്യക്തിയും പ്രൂഫ് നോക്കുന്ന ആളും നിര്‍ബന്ധമായും ചോദ്യപ്പേപ്പര്‍ നിര്‍മാണത്തില്‍ ഉള്‍പ്പെട്ട ആളുകളാണ്. കുറേക്കാലമായിട്ട് ഹയര്‍സെക്കൻഡറി അധ്യാപകര്‍ തന്നെയാണ് ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്നത്. അതിന്റെ സ്ക്രൂട്ടിനി നടത്തുന്നത് കോളേജ് അധ്യാപകരായിരിക്കും. പിന്നീടാണ് ഡിടിപിയും പ്രൂഫ് റീഡിങ് പ്രിന്റിങ്ങും നടത്തുന്നത്. അതിനകത്തൊക്കെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നുണ്ട് എന്നാണ് വെപ്പ്. അതോടൊപ്പം തന്നെ ലക്ഷക്കണക്കിന് കുട്ടികളുടെ മുന്നിലേക്ക് എത്തുന്ന ഈ ചോദ്യപ്പേപ്പറില്‍ അവശ്യം ഉണ്ടായിരിക്കേണ്ട ചില സംഗതികള്‍ ഉണ്ട്. ഒന്നാമത്തേത് ചോദ്യപ്പേപ്പര്‍ വായിച്ചാല്‍ മനസ്സിലാവുക എന്നതാണ്. ചോദ്യകര്‍ത്താവ് ഉപയോഗിച്ച പദങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്താണെന്ന് കുട്ടികള്‍ക്ക് മനസ്സിലാവണം.
ഉദാഹരണത്തിന് ‘പുലിക്കോട്ടില്‍ ഹൈദര്‍’ എന്നത് ‘പൂലിക്കോട്ടില്‍ ഹൈദര്‍’ എന്ന് അച്ചടിച്ചുവന്നാലും കുട്ടികള്‍ക്ക് തിരിച്ചറിയാന്‍ പറ്റും. കാരണം കുട്ടി പുലിക്കോട്ടില്‍ ഹൈദറിനെക്കുറിച്ച് പഠിച്ചിട്ടുണ്ട്. എന്നാല്‍ ‘കാരോര്‍ക്കും’ എന്ന വാക്ക് ‘കാതോര്‍ക്കും’ എന്നായിരിക്കാം എന്ന് കുട്ടി കരുതിക്കോളണെന്നില്ല. കാരണം കുട്ടി പഠിക്കാത്ത ഒഎന്‍വിക്കവിതയുടെ ചെറിയൊരു ഭാഗമാണ് അവധാരണത്തിന് വേണ്ടി കൊടുത്തിരിക്കുന്നത്. അതുപോലെയാണ് ചോദ്യപ്പേപ്പറിലെ ‘ഉല്ക്കണംകള്’ എന്ന വാക്ക്. കുട്ടി അത് ‘ഉല്ക്കണംകള്’ എന്നു വായിക്കാനേ തരമുള്ളൂ. ആ വരിയില്‍ ‘ഉല്കണ്ഠകള്’ എന്ന വാക്കാണ് യഥാര്‍ഥത്തില്‍ ഉണ്ടായിരിക്കുന്നത് എന്ന് കുട്ടിക്ക് അറിയണമെന്നില്ല. അതേ സമയം പാഠപുസ്തകത്തില്‍ ഉള്ളതാണെങ്കില്‍ കുട്ടിക്ക് ഓര്‍മയുണ്ടാവും. കുട്ടിയുടെ അവധാരണ ശേഷി പരിശോധിക്കാന്‍ പാഠപുസ്തകത്തില്‍ ഇല്ലാത്ത, പുറത്തുനിന്നും എടുത്തു ചേര്‍ത്ത വരികളാണ് ചോദ്യമായി വന്നിരിക്കുന്നത്. അതില്‍ ഗുരുതരമായ അക്ഷരത്തെറ്റുകള്‍ സംഭവിച്ചാല്‍ കുട്ടിക്ക് മനസ്സിലാക്കാന്‍ പറ്റിയെന്നുവരില്ല. അതുകൊണ്ടുതന്നെ പ്ലസ്ടു മലയാളം പരീക്ഷാചോദ്യങ്ങള്‍ കുട്ടിയില്‍ ഒരുപാട് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.
ചോദ്യകര്‍ത്താവിന്റെ നോട്ടപ്പിഴവുകൊണ്ട് മുമ്പൊക്കെ ഒന്നോ രണ്ടോ ചോദ്യങ്ങളില്‍ ആശയക്കുഴപ്പം വിരകയാണെങ്കില്, അതിന്റെ ഉത്തരങ്ങളില്‍ സന്ദിഗ്ധതകള്‍ ഉണ്ടാവുന്ന ഘട്ടത്തില്‍ ആ ഉത്തരങ്ങള്‍ക്ക് മാര്‍ക്ക് കൊടുക്കാറുണ്ട്. സ്കീം ഫയല്‍ എക്സ്റ്റന്‍ഷന്‍ എന്ന പ്രക്രിയയിലൂടെ ആലോചിച്ച് തീരുമാനങ്ങള്‍ എടുക്കാറുണ്ട്. പക്ഷേ ഇവിടെ അങ്ങനെയല്ല, ഇവിടെ ഭൂരിഭാഗം ചോദ്യങ്ങളിലും ഈ അക്ഷരത്തെറ്റ് ആവര്‍ത്തിച്ചുവരികയാണ്. ലക്ഷക്കണക്കിന് കുട്ടികള്‍ എഴുതുന്ന, ഇത്രയും ഗൗരവമേറിയ പരീക്ഷയില്‍ ഒരു തരത്തിലും കടന്നുകൂടാന്‍ പാടില്ലാത്ത തെറ്റുകളാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ആരാണ് അതിന്റെ ഉത്തരവാദികളെന്ന് കണ്ടെത്തേണ്ടതുണ്ട്.
ഈ വര്‍ഷത്തെ ഹയര്‍ സെക്കൻഡറി ചോദ്യക്കടലാസില് വ്യാപകമായി കാണുന്ന കാഠിന്യവും പ്രശ്നങ്ങളും പ്രത്യേക താല്പര്യത്തിന്റെ ഭാഗമാണോ എന്ന് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കെയാണ് മലയാളം രണ്ടാം വര്‍ഷത്തെ ചോദ്യങ്ങളില്‍ ധാരാളം അക്ഷരത്തെറ്റുകള്‍ വന്നത്. 16 -17 പ്രായക്കാരായ ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് നല്കുന്ന ചോദ്യക്കടലാസ് കുറ്റമറ്റതായിരിക്കണം എന്നതില്‍ തര്‍ക്കമില്ല. ഒന്നോ രണ്ടോ തെറ്റുകള്‍ കടന്നുകൂടാറുണ്ടെങ്കിലും ഇത്രയും അധികം തെറ്റ് നടാടെയാണ്.
ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകര്‍ ഇപ്പോഴും എഴുതിക്കൊടുക്കുകയും പരീക്ഷാഭവനിലെ ഉദ്യോഗസ്ഥര്‍ ടൈപ്പ് ചെയ്യുകയുമാണ്. ഇതില്‍ വന്ന ഘടനാപരമായ തെറ്റുകള്‍ക്ക് അധ്യാപകന് തന്നെ ഉത്തരവാദിയാകുമ്പോള്‍ ടൈപ്പിങ്ങിലെ തെറ്റുകള്‍ക്ക് പരീക്ഷാവിഭാഗമാണ് ഉത്തരം പറയേണ്ടത്. ഇതിലെ പ്രധാന പ്രശ്നം ചോദ്യം കൃത്യമായി മനസ്സിലാക്കാന്‍ കുട്ടികള്‍ക്ക് കഴിയാതെ പോകും എന്നതാണ്. ‘കാതോര്‍ക്കുക’ എന്നതിന് ‘കാരോര്ക്കുക’ എന്ന് വന്നാല്‍ കുട്ടി മറ്റെന്തെങ്കിലും തെറ്റിദ്ധരിക്കാം. ‘ആധിയും’ എന്നത് ‘ആധിയം’ എന്നായാലും ശരിയായി വായിക്കാന്‍ കഴിയാതെ പോകും. ഭാഷാ നിയമത്തില്‍ – ‘അഥവാ രണ്ട് എനിക്ക് ‘എന്നതിന് ‘എനിയ്ക്ക്’ എന്ന് എഴുതേണ്ടതില്ല എന്ന വ്യവസ്ഥ ഇരിക്കെ ആരാണ് ഉത്തരം പറയുക?
‘ലോകമൊന്നാകെ’ എന്നതിന് ‘ലോകമെന്നാകെ’ എന്ന് പറഞ്ഞാല്‍ അര്‍ഥം മാറിപ്പോകും. ഇത് കുട്ടികളുടെ മുമ്പിലേക്കാണ് വരുന്നത് – അതും ഏറ്റവും വലിയ ചരിത്ര പ്രമാണമാകുന്ന ചോദ്യക്കടലാസില് എന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു. ഭാഷയുടെ പ്രയോഗത്തിലെ അലസതയിലേക്ക് ഒരു തലമുറയെ തള്ളിവിടുന്നതാണ് ചോദ്യത്തിലെ തെറ്റുകള്‍.

