ബദിയടുക്ക വിദ്യാഗിരി, മുനിയൂർ പ്രദേശം: ബസ് സർവീസില്ല; ഓട്ടോ സർവീസും വഴിമുട്ടി

ബദിയടുക്ക: ബസ് സർവീസില്ലാത്ത വിദ്യാഗിരി, മുനിയൂർ പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളെയും ഇടയ്ക്കിടെ തടയുന്നതോടെ യാത്രക്കാർ ദുരിതത്തിൽ. സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾ ഓട്ടോ സ്റ്റാൻഡിലെത്തുന്നില്ലെന്നു പറഞ്ഞാണ് ആർടിഒ തടയുന്നത്.
ബസ് സ്റ്റാൻഡ് റോഡിലാണ് ഓട്ടോ സ്റ്റാൻഡ്. ക്യൂ പാലിച്ച് മുന്നിലെത്തുന്ന ഓട്ടോ ഇവിടെ നിന്നും 200 മീറ്ററോളം ദൂരം ഓടി സർക്കിൾ കഴിഞ്ഞാണ് വിദ്യാഗിരിയിലേക്ക് പോകേണ്ട ആളുകളെ കയറ്റേണ്ടത്. എന്നാൽ സ്റ്റാന്റിലെ എല്ലാ ഓട്ടോകളും ഇതിന് തയാറാകുന്നില്ല. മാത്രമല്ല ഈ റൂട്ടിൽ വർഷങ്ങളായി സർവീസ് നടത്തുന്ന ഓട്ടോകൾക്കെതിരെ പരാതി നൽകുകയും ചെയ്യുന്നു. ഇതോടെ യാത്രക്കാർ ബുദ്ധിമുട്ടിലായി.
മൂന്ന് ദിവസം മുൻപാണ് ഇതുവഴി സർവീസ് നടത്തുന്ന ഓട്ടോകളെ സ്റ്റാൻഡിലെ ഓട്ടോറിക്ഷാത്തൊഴിലാളികളുടെ പരാതിയെതുടർന്ന് വീണ്ടും ആർടിഒ തടഞ്ഞത്. 7മാസം മുൻപ് ഇതേ പ്രശ്നമുണ്ടാകുകയും സ്റ്റാൻഡിലെ ഓട്ടോകളുടെ വരിപ്രകാരം മുൻപിലെത്തുന്ന ഓട്ടോ വിദ്യാഗിരി റോഡിലെത്തി യാത്രക്കാരെ കയറ്റി പോകണമെന്ന് നിർദേശിച്ചിരുന്നു.കുറച്ച് യാത്രക്കാരെ കൊള്ളുന്ന ഓട്ടോകൾക്ക് സർവീസ് നടത്തിയാൽ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നതിനാൽ ഇത് മുടങ്ങിയതായി യാത്രക്കാർ പറയുന്നു. തുടർന്ന് വലിയ ഓട്ടോറിക്ഷകൾ തന്നെ വീണ്ടും സർവീസ് തുടങ്ങി.
വർഷങ്ങളായി ബസ് സർവീസ് ഇല്ലാത്ത റൂട്ടാണിത്. വിദ്യാർഥികളും സർവീസ് വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ബദൽസംവിധാനമില്ലാത്ത ഈ പ്രദേശത്തേക്ക് നിലവിലുള്ള രീതിയിൽ ഓട്ടോറിക്ഷാ സർവീസ് നടത്തണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
100 രൂപയാണ് വിദ്യാഗിരിയിലേക്കുള്ള വാടക. വിദ്യാർഥികളെ 10 രൂപയ്ക്കാണ് കയറ്റി പോകുന്നത്. നിലവിലെ ഓട്ടോ സർവീസ് തുടരുകയോ ഓട്ടോ സ്റ്റാൻഡിൽ നിന്ന് ഓട്ടോ സർവീസ് നടത്തുകയോവേണമെന്നാവശ്യപ്പെട്ട് ആർടിഒയ്ക്ക് കത്ത് നൽകാൻ ബദിയടുക്ക പഞ്ചായത്ത് ബോർഡ് യോഗം തീരുമാനിച്ചു.
നിവേദനം നൽകി
വിദ്യാഗിരി ∙ യാത്രാ പ്രശ്നങ്ങൾക്ക് എന്നെന്നേക്കും പരിഹാരമുണ്ടാകണമെന്നാവശ്യപ്പെട്ട് ആർടിഒ, ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്ക് സിപിഐ നിവേദനം നൽകി. സുരേഷ് അധ്യക്ഷത വഹിച്ചു. സിപിഐ ബ്രാഞ്ച് സെക്രട്ടറി ധർമപാലൻ നമ്പ്യാർ, സിപിഐ ലോക്കൽ സെക്രട്ടറി ബി.സുധാകരൻ എന്നിവർ പ്രസംഗിച്ചു.

